
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീസർവ്വേ പദ്ധതിയിലൂടെ 2025 ജൂൺ വരയുള്ള കണക്കനുസരിച്ച് 7.31 ലക്ഷം ഹെക്ടർ ഭൂമിയാണ് സംസ്ഥാനത്ത് അളന്നു തിട്ടപ്പെടുത്തിയത്. 2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി ' എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത്.
സംസ്ഥാനത്തെ ആകെയുള്ള 488 വില്ലേജുകളിൽ 312 വില്ലേജുകളിൽ ഇതിനോടകം തന്നെ ഡിജിറ്റൽ റീസർവ്വേ ഫീൽഡ് ജോലികൾ പൂർത്തിയായി. 312 വില്ലേജുകളിലെ 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്നതിലൂടെ 7.31 ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തി. ശേഷിക്കുന്ന 176 വില്ലേജുകളിൽ ഫീൽഡ് ജോലികൾ ദ്രുതഗതിയിലാണ്. ഈ പദ്ധതിക്കായി 858 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഒരു സംസ്ഥാനം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ റീസർവ്വേ പദ്ധതിയാണിത്.
സർവ്വേ ജോലികൾ വേഗത്തിലാക്കാനും, സംസ്ഥാനത്തെ എല്ലാ സർവേ പ്രവർത്തനങ്ങളും ഒരു നെറ്റ് വർക്കിന് കീഴിൽ കൊണ്ടുവരാനും, കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) എന്ന നൂതന ഡിജിറ്റൽ റീസർവ്വേ സാങ്കേതികവിദ്യ സ്ഥാപിക്കാൻ വകുപ്പ് മുൻകൈയെടുത്തു. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 CORS സ്റ്റേഷനുകളിൽ 27 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്.
ഇന്ത്യയിൽ തന്നെ ഡിജിറ്റൽ ലാൻഡ് സർവ്വേ ആരംഭിച്ച് കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണ്. സർവ്വേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്ത് ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കി എന്നതും ശ്രദ്ധേയമാണ്.
'എന്റെ ഭൂമി' സംയോജിത പോർട്ടൽ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം കൂടിയാണ്. അഞ്ചു വർഷത്തിനുള്ളിൽ സർവ്വേ നടപടികൾ പൂർത്തികരിക്കുകയാണ് സർക്കാർ ലക്ഷ്യം.