കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം

ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
 

2016-ലെ 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,749 സ്റ്റാർട്ടപ്പുകളിലേക്ക് വളർന്നു എന്നത് കേരളത്തിന്റെ സ്റ്റാർട്ടപ്പ് വിജയഗാഥയുടെ സാക്ഷ്യമാണ്. ഈ വളർച്ച 68,000-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്നതും ശ്രദ്ധേയമാണ്.
 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 531-ലധികം ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളും (ഐഇഡിസി) ഫാബ് ലാബുകളും (2 ഫാബ് ലാബുകളും 23 മിനി ഫാബ് ലാബുകളും) കേരളത്തെ രാജ്യത്തെ ഏറ്റവും ഊർജ്ജസ്വലമായ 'മേക്കർ കമ്മ്യൂണിറ്റികളിൽ' ഒന്നാക്കി മാറ്റി. വനിതകൾ, ഭിന്നശേഷിക്കാർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെ സ്റ്റാർട്ടപ്പ് സംസ്‌കാരത്തിന്റെ ഭാഗമാക്കാൻ പ്രത്യേക പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്.
 

സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് നേരിട്ട് വാങ്ങാനുള്ള 'ഗവൺമെന്റ് ആസ് എ മാർക്കറ്റ് പ്ലേസ് (ഗാം- GAAM)' പദ്ധതി 2017-ൽ നിലവിൽ വന്നു. 2022-ൽ ഈ പദ്ധതിയുടെ പരിധി 20 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുകയും ഐടി ഇതര സേവനങ്ങളും ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതുവരെ 35.66 കോടി രൂപയുടെ പ്രൊക്യുർമെന്റ് സ്റ്റാർട്ടപ്പുകൾക്ക് GAAM വഴി ലഭിച്ചു.
 

ഒമ്പത് വർഷത്തിനുള്ളിൽ 133-ഓളം സ്റ്റാർട്ടപ്പുകളിലേക്ക് 5,983 കോടിയിലധികം രൂപയുടെ നിക്ഷേപം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലെത്തി. മികച്ച ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റാൻ 'ഇന്നൊവേഷൻ ഗ്രാന്റ്' വഴി 527 സ്റ്റാർട്ടപ്പുകൾക്കും 230 ഇന്നൊവേറ്റർമാർക്കുമായി 31.33 കോടി രൂപയുടെ സാമ്പത്തിക പിന്തുണയും കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകി.
 

കൊച്ചിയിൽ 1.8 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇൻക്യുബേഷൻ സ്‌പേസ് ഒരുക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സും, ഉടൻ തുറന്നു കൊടുക്കുന്ന 2.06 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള ഡിജിറ്റൽ ഹബ്ബും കേരളത്തിന്റെ സ്റ്റാർട്ടപ്പ് സൗഹൃദ സമീപനത്തിന് ഉദാഹരണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള 18 ലീപ് (Launch, Empower, Accelerate, Prosper) സെന്ററുകളിലായി 6.43 ലക്ഷം ചതുരശ്രയടിയിൽ 5,000-ൽ അധികം കോ-വർക്കിംഗ് സീറ്റുകൾ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാണ്. ലീപ് അംഗത്വ കാർഡുകൾ വഴി സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾക്കും കുറഞ്ഞ ചെലവിൽ ഈ സൗകര്യങ്ങൾ ഉപയോഗിക്കാനാകും.
 

ഹഡിൽ ഗ്ലോബൽ ഉച്ചകോടി പോലുള്ള പരിപാടികളിലൂടെയും യംഗ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായ ഇന്റർനാഷണൽ എക്‌സ്‌പോഷർ പ്രോഗ്രാമിലൂടെയും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിൽ ബിസിനസ്, നിക്ഷേപ അവസരങ്ങൾ നേടാൻ സാധിച്ചു. 2016 മുതൽ 474-ഓളം സ്റ്റാർട്ടപ്പുകൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ദുബായിൽ ആരംഭിച്ച ആദ്യ ഇൻഫിനിറ്റി കേന്ദ്രവും ബെൽജിയവുമായുള്ള ധാരണാപത്രവും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വിദേശ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രേലിയ, യു.എസ്.എ എന്നിവിടങ്ങളിലും ഇൻഫിനിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു.
 

തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ 5 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലോകോത്തര നിലവാരത്തിലുള്ള എമേർജിംഗ് ടെക്‌നോളജി ഹബ്ബ് നിർമ്മിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇത് കേരളത്തെ ഒരു നവസാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റും. 'ഫ്രീഡം സ്‌ക്വയർ' പദ്ധതിയിലൂടെ 14 ജില്ലകളിലായി 20,000 ചതുരശ്രയടി വിസ്തൃതിയുള്ള കോ-വർക്കിംഗ്, ഇന്നൊവേഷൻ സ്‌പേസുകൾ ഒരുങ്ങുന്നുണ്ട്. ടൂറിസം വകുപ്പുമായി ചേർന്ന് 'വർക്കേഷൻ അല്ലെങ്കിൽ സ്റ്റാർട്ടപ്പ് പോഡുകൾ' എന്ന പേരിൽ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ വിദൂരതൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.
 

നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ് തുടങ്ങിയ ഡീപ്‌ടെക് മേഖലകളിൽ ഊന്നൽ നൽകി ഒരു ഹൈ പെർഫോമിംഗ് GPU ക്ലസ്റ്റർ സ്ഥാപിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. 'ഏജന്റിക് എഐ' (Agentic AI) രംഗത്ത് ദേശീയ തലത്തിൽ ഹാക്കത്തോൺ സംഘടിപ്പിച്ച് മികച്ച ഏജന്റുകൾക്ക് സാമ്പത്തിക സഹായം നൽകാനും സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിടുന്നു. പ്രായമായവരുടെ സാമ്പത്തിക ശേഷിയും സർഗ്ഗ ശേഷിയും ഉപയോഗിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്ന 'ന്യൂ ഇന്നിംഗ്‌സ്' പദ്ധതിയും കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ മാനം നൽകുന്നു. കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയിലെ ഈ കുതിപ്പ്, സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും നിർണായക പങ്ക് വഹിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ