കൈത്താങ്ങായി സമുന്നതി

കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.

 

▶️ ഭവനസമുന്നതി പദ്ധതി:

 

കേരളത്തിൻ്റെ പൈതൃകസ്വത്തുകളായ അഗ്രഹാരങ്ങൾ, നാലുകെട്ടുകൾ, എട്ടുകെട്ടുകൾ, മനകൾ, ഇല്ലങ്ങൾ, തറവാടുകൾ എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഭവനസമുന്നതി. വാസയോഗ്യമല്ലാത്ത ഇത്തരം ഭവനങ്ങളിൽ താമസിക്കുന്ന അതിദരിദ്രരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയിലൂടെ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 494 കുടുംബങ്ങളടക്കം ആകെ 1271 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ സമ്മാനിക്കാൻ സാധിച്ചു.

 

▶️ മംഗല്യസമുന്നതി പദ്ധതി:

 

മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന മംഗല്യസമുന്നതി പദ്ധതി ഏറെ ജനകീയമാണ്. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാന പരിധിയിലുള്ള മുൻഗണന എഎവൈ (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക്) വിഭാഗങ്ങളിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് ധനസഹായം നൽകുന്നത്. നാല് വർഷത്തിനുള്ളിൽ 537 പേർക്ക് ഉൾപ്പെടെ ആകെ 942 പെൺകുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

 

▶️ വിദ്യാസമുന്നതി പദ്ധതി:

 

🔸മെരിറ്റ് സ്കോളർഷിപ്പ് പദ്ധതി: ഹൈസ്‌കൂൾ തലം മുതൽ ഹയർ പ്രൊഫഷണൽ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മാർക്കിൻ്റെയും സാമ്പത്തിക നിലയുടെയും അടിസ്ഥാനത്തിൽ 2,500 രൂപ മുതൽ 50,000 രൂപ വരെ സ്കോളർഷിപ്പുകൾ നൽകി. പഠന മികവ് പുലർത്തുന്ന 48,100 കുട്ടികൾക്ക് തുടർപഠനത്തിന് പദ്ധതി അവസരമൊരുക്കി.

 

🔸കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതി: മെഡിക്കൽ/എഞ്ചിനീയറിംഗ്/നിയമ പഠനം/കേന്ദ്ര സർവ്വകലാശാല (CUET) പ്രവേശന പരിശീലനത്തിനും, ബാങ്ക്/പി.എസ്.സി/യു.പി.എസ്.സി/മറ്റുമത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്കും ധനസഹായം നൽകുന്ന പദ്ധതിയാണിത്. NET, SET, CTET, KTET, സിവിൽ സർവീസസ് പ്രിലിമിനറി, മെയിൻസ്, ഇൻ്റർവ്യൂ എന്നിവ ചെയ്യുന്ന വിദ്യാർത്ഥികൾക്കടക്കം നാല് വർഷത്തിനുള്ളിൽ 2611 ഉദ്യോഗാർത്ഥികൾക്ക് സഹായം ലഭ്യമാക്കി.

 

▶️ സംരംഭ സമുന്നതി പദ്ധതി:

 

മുന്നാക്ക സമുദായാംഗങ്ങളുൾപ്പെടുന്ന സ്വയം സഹായക/കൂട്ടുത്തരവാദിത്ത സംഘങ്ങൾക്ക് സ്വയം തൊഴിൽ ആരംഭിച്ച് സ്വയം പര്യാപ്തത നേടുന്നതിനായി വായ്പകളുടെ പലിശ സബ്‌സിഡി നൽകുന്ന പദ്ധതിയാണിത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 20 അംഗങ്ങൾ വരെ അടങ്ങുന്ന 6519 സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചു.

 

▶️ സംരംഭകത്വ നൈപുണ്യ വികസന പദ്ധതി:

 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങളിൽപ്പെട്ട വ്യക്തികളെ കൃഷി-വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകി, തൊഴിലഭിരുചി കണ്ടെത്തി മികച്ച വരുമാനം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2020-2021 മുതൽ ആരംഭിച്ച പദ്ധതിയാണിത്.
കന്നുകാലി പരിപാലനം, ആട് പരിപാലനം, തൂശനില മിനി കഫേ എന്നിവയ്ക്ക് ബാങ്കുകൾ വഴി അനുവദിക്കുന്ന വായ്പകൾക്ക് മൂലധന സബ്‌സിഡി നൽകുന്നു. 'സമുന്നതി ഫാമിംഗ് പ്രൊജക്ട്' വഴി വ്യക്തിഗത/4-5 അംഗങ്ങളുള്ള കൂട്ടുത്തരവാദിത്ത സംഘങ്ങൾക്ക് വായ്പാ തുകയുടെ 30% അല്ലെങ്കിൽ പരമാവധി 1,20,000 രൂപ വരെ മൂലധന സബ്‌സിഡി രണ്ട് ഗഡുക്കളായി നൽകുന്നു.

 

വനിതാ ശാക്തീകരണത്തിന് ഊന്നൽ നൽകി നടപ്പാക്കുന്ന 'സമുന്നതി തൂശനില മിനി കഫേ' പദ്ധതിയിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് തൊഴിലും ഉറപ്പാക്കുന്നു. കേരളത്തിലുടനീളം 52 തൂശനില മിനി കഫേകൾ ആരംഭിച്ചതിൽ 40 എണ്ണം പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പ്രൊജക്ടിന് നഗര പ്രദേശത്തുള്ള അപേക്ഷകർക്ക് വായ്പാ തുകയുടെ 60% അല്ലെങ്കിൽ 2,00,000 രൂപ വരെയും ഗ്രാമപ്രദേശങ്ങളിൽ 50% അല്ലെങ്കിൽ 1,50,000 രൂപ വരെയും മൂലധന സബ്‌സിഡി നൽകുന്നു. സംരംഭകത്വ നൈപുണ്യ വികസന പദ്ധതിയിലൂടെ 1090 കൂട്ടുത്തരവാദിത്ത സംഘങ്ങൾക്ക് ധനസഹായം നൽകി.

 

നടപ്പ് സാമ്പത്തിക വർഷം മുതൽ ക്ഷീരമേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് 'ക്ഷീരസമുന്നതി' പദ്ധതിയും, സാമ്പത്തിക പരാധീനതയുള്ള വനിതകൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങാനായി 'ഇ-യാത്ര' എന്ന പേരിൽ മൂലധന സബ്‌സിഡി (40% അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപ) അനുവദിക്കുന്ന പദ്ധതിയും നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. സംസ്ഥാനത്തെ പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായാംഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഹിക്കുന്ന പങ്ക് നിർണായകമാണ്.

അനുബന്ധ ലേഖനങ്ങൾ

വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ