'എന്റെ ഭൂമി' പദ്ധതി, 10 ലക്ഷം ഹെക്ടർ എന്ന ചരിത്രനേട്ടത്തിലേക്ക് കേരളം
സംസ്ഥാനത്ത് സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിനായി നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി ഭൂഭരണ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്നു. 2023 ആഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയുടെ ഭാഗമായി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ സാധിച്ചു. മാർച്ച് മാസം അവസാനത്തോടെ ഡിജിറ്റൽ സർവെ 10 ലക്ഷം ഹെക്ടർ ഭൂമിയിലെ അളവ് പൂർത്തിയാക്കാനാകും, കൂടാതെ 400 വില്ലേജുകളിൽ 9(2) വിജ്ഞാപനവും 200 വില്ലേജുകളിൽ സർവെ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം പുറപ്പെടുവിച്ച് ILIMS സംവിധാനം (എന്റെ ഭൂമി പോർട്ടൽ ) ഡിജിറ്റൽ റീസർവെ രംഗത്ത് സുപ്രധാന മുന്നേറ്റം കൈവരിക്കാനാകും.
ഡിജിറ്റൽ സർവേയിലൂടെ സംസ്ഥാനത്തെ റവന്യൂ ഭൂമിയുടെ മൂന്നിലൊരു ഭാഗം സർവെ പൂർത്തിയായതു കൂടാതെ എന്റെ ഭൂമി - ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (ILIMS) മുഖേന പൗരന്മാർക്ക് ഏകീകൃത ഭൂ സേവനങ്ങൾ ലഭ്യമാക്കുന്ന നടപടികളിലും പദ്ധതി ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയാണ്. സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമുള്ള ആദ്യ സംസ്ഥാനമെന്ന ലക്ഷ്യത്തോടെ കേരളം മുന്നോട്ട് കൊണ്ടുപോകുന്ന ഡിജിറ്റൽ പരിവർത്തന ദൗത്യത്തിന്റെ ഭാഗമായാണ് ഈ മുന്നേറ്റം സാധ്യമായിരിക്കുന്നത്.
സർവെ പ്രവർത്തനങ്ങൾ ആരംഭിച്ച 600 വില്ലേജുകളിൽ 365 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കി സർവെ അതിരടയാള നിയമത്തിലെ 9(2) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു. 13 വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലാണ്. 180 വില്ലേജുകളിൽ സർവെ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം പ്രസദ്ധീകരിച്ചു. പ്രസ്തുത വില്ലേജുകളിൽ റവന്യൂ, രജിസ്ട്രേഷൻ, സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ജനങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനായി എന്റെ ഭൂമി (ILIMS ) പോർട്ടൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവെ പൂർത്തിയായ എല്ലാ വില്ലേജുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
1996 മുതൽ 2022 വരെ 26 വർഷക്കാലയളവിൽ മുൻപ് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ (ETS) സഹായത്തോടെ സംസ്ഥാനത്ത് സർവെ ചെയ്യാൻ കഴിഞ്ഞത് 95,531 ഹെക്ടർ ഭൂമിയാണ്. എന്നാൽ എന്റെ ഭൂമി ഡിജിറ്റൽ സർവെ മിഷൻ ആരംഭിച്ചതിനു ശേഷം ആധുനിക സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തിയ പ്രവർത്തന രീതികളും പ്രയോജനപ്പെടുത്തി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇതിന്റെ പത്തിരട്ടിയോളം ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വലിയ നേട്ടമാണ്.
എന്റെ ഭൂമി (ILIMS) സംവിധാനം നടപ്പിലാക്കിയ 175 വില്ലേജുകളിൽ ഈ സംവിധാനത്തിലൂടെ ഇതിനകം 5000 ത്തിലധികം ഭൂമി കൈമാറ്റങ്ങൾ പ്രീമ്യൂട്ടേഷൻ സ്കെച്ച് സഹിതം പൂർത്തീകരിച്ചിട്ടുണ്ട്. പ്രീമ്യൂട്ടേഷൻ സ്കെച്ച് അടിസ്ഥാനമാക്കി മ്യൂട്ടേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഭൂരേഖകളുടെ കൃത്യത, ഉറപ്പുവരുത്തുന്നതോടൊപ്പം, ഭൂമി പോക്കുവരവ് കഴിഞ്ഞ് ഉയരാൻ സാധ്യതയുള്ള പരാതികൾ കാര്യമായി കുറയ്ക്കാനും സാധിക്കുന്നു. മുൻകാലങ്ങളിൽ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ റവന്യൂ, രജിസ്ട്രേഷൻ, സർവെ എന്നീ മൂന്ന് വകുപ്പുകളിലെ ഓഫീസുകളിൽ നേരിട്ട് സമീപിക്കേണ്ടയിരുന്നത് എന്റെ ഭൂമി പോർട്ടൽ മുഖേന കുറഞ്ഞ സമയത്തിനുള്ളിൽ ഭൂ സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയിലും സുതാര്യവുമായി പൂർത്തിയാക്കാനാകും.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂസർവേയും ഭൂസേവനങ്ങളും ഏകീകരിക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി സംസ്ഥാനത്ത് ഭൂഭരണ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിതെളിയിക്കുന്നു. 10 ലക്ഷം ഹെക്ടർ സർവെയെന്ന ലക്ഷ്യത്തിലേക്കുള്ള ഈ മുന്നേറ്റം, സുതാര്യവും കൃത്യവുമായ ഭൂവിവര സംവിധാനത്തിലേക്ക് കേരളത്തെ നയിക്കുന്ന സുപ്രധാന ചുവടുവെയ്പ്പാണ്.
കൂടുതൽ വിവരങ്ങൾ
ചരിത്രമെഴുതി ഇ ഹെൽത്ത്, രണ്ടു കോടിയിൽ പരം വ്യക്തികളുടെ ഡാറ്റാ ബേസ് സംഭരിച്ചു
കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളെ കമ്പ്യൂട്ടർ ശ്രംഖലയുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഹെൽത്ത് പ്രൊജെക്റ്റ് വഴി 2,59,55,998 വ്യക്തികളുടെ ഡാറ്റാ ബേസ് ഇലക്ട്രോണിക് രേഖകളായി സംഭരിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഇതിൽ 68,35,747 വീടുകളും 1,26,83,801 പുരുഷന്മാരും, 1,32,71,381 സ്ത്രീകളും, 816 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു.
ഡോക്ടർമാർക്ക് എളുപ്പത്തിൽ പരിശോധിക്കാവുന്ന വ്യക്തിഗത മെഡിക്കൽ രേഖകളുടെ ഒരു ഡാറ്റാബേസ് നിർമ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. രോഗിയുടെ സവിശേഷമായ തിരിച്ചറിയൽ, സംസ്ഥാനത്തെ വിവിധ പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലുള്ള വിവിധ ആരോഗ്യപരിപാലന വിതരണ യൂണിറ്റുകൾ തമ്മിലുള്ള ഡാറ്റ എക്സ്ചേഞ്ച് എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത് മൂലം ആവർത്തിച്ചു വരുന്ന മെഡിക്കൽ പരിശോധനകൾ ഒഴിവാക്കാനും രോഗിയുടെ ചെലവ് കുറക്കുന്നതിനും ക്ലിനിക്കുകളിലും ലാബുകളിലും തിരക്കു കുറയ്ക്കാനും കഴിയും. തിരുവനന്തപുരം പൈലറ്റ് ജില്ലയായി ആരംഭിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നു. 964 ആശുപത്രികളിൽ ഇ-ഹെൽത്ത് പൂർത്തിയായി, അതിൽ 200 എണ്ണം പേപ്പർ ഉപയോഗിക്കേണ്ടതില്ലാത്ത ആശുപത്രികളായി പ്രവർത്തിക്കുന്നു.
ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഇ- ഹെൽത്ത് പദ്ധതിയിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം ഒരു ഡിജിറ്റൽ യുഗത്തിലേക്ക് നീങ്ങുകയാണ്. ചികിത്സാരംഗത്ത് വളരെയധികം മാറ്റമുണ്ടാക്കാൻ കഴിയുന്ന മികച്ച സംവിധാനങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഒരാൾ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങും വരെ എല്ലാ ആരോഗ്യ സേവനവും ഇ- ഹെൽത്ത് സംവിധാനത്തിലൂടെ റെക്കോഡ് ചെയ്യുന്നതാണ്.
2016-ൽ ആണ് ഇ-ഹെൽത്ത് പദ്ധതി ആരംഭിക്കുന്നത്.'ഒരു പൗരൻ -ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്' എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണിത്. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഫലപ്രദമായ ഓൺലൈൻ ക്യൂ മാനേജ്മെന്റ് സംവിധാനം വഴി ആശുപത്രികളിലെ തിരക്കും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിയ്ക്കും. ഇ-ഹെൽത്ത് സംവിധാനത്തിലൂടെ രോഗികളുടെ ചികിത്സാ വിവരങ്ങൾ ഒരു ആരോഗ്യ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ കൈമാറാൻ സാധിക്കും. ഇതിലൂടെ ചികിത്സാ പിഴവുകൾ കുറയ്ക്കുകയും രോഗനിർണയം കൂടുതൽ കൃത്യതയോടെ നടത്തുകയും ചെയ്യാം.
കൂടുതൽ വിവരങ്ങൾ
പ്രവാസി ക്ഷേമത്തിനായി നോർക്ക റൂട്സ്, 3,500-ലധികം റിക്രൂട്മെന്റുകൾ സാധ്യമാക്കി
കേരളത്തിലെ പ്രവാസി സമൂഹത്തിന് ആശ്രയവും സുരക്ഷയും ഉറപ്പാക്കുന്ന നോർക്ക -റൂട്സ് തൊഴിൽ അവസരങ്ങൾ തേടുന്ന മലയാളികൾക്ക് ശക്തമായ വഴികാട്ടിയായി മാറിയിരിക്കുകയാണ്. നോർക്ക റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരം ജിസിസി രാജ്യങ്ങൾ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, കാനഡ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൺസൾട്ടന്റ്മാർ, നഴ്സുമാർ, പരിചരണ ദാതാക്കൾ, സാങ്കേതിക വിദഗ്ധർ, വീട്ടുജോലിക്കാർ എന്നിവരുൾപ്പെടെ 3,500-ലധികം പ്രൊഫഷണലുകളെ വിജയകരമായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. യുകെ, ജർമ്മനി, കാനഡ റിക്രൂട്ട്മെന്റുകള്‍ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്.
വിദേശ റിക്രൂട്ടിട്മെന്റിന് പുറമെ, പ്രവാസികൾക്കായി വിവിധ പദ്ധതികൾ നോർക്ക റൂട്സ് വഴി സർക്കാർ നടപ്പിലാക്കുന്നു. പ്രവാസികൾക്കായി ധനസഹായങ്ങൾ നടപ്പിലാക്കുന്ന സാന്ത്വന പദ്ധതി പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ 1036 ഗുണഭോക്താക്കൾക്കായി 5.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികൾക്കായി 'നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എന്‍.ഡി.പി.ആര്.ഇ.എം)'എന്നൊരു പദ്ധതി കേരള സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 858 സംരംഭങ്ങൾ ആരംഭിച്ചു.
കോവിഡ്-19 മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവർക്കും സ്വയം തൊഴിൽ ചെയ്യാൻ സന്നദ്ധരായവര്‍ക്കും വേണ്ടി 2021-2022 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് പ്രവാസി ഭദ്രത. പേള്‍,മൈക്രോ, മെഗാ എന്നിങ്ങനെ മൂന്ന് ഉപപദ്ധതികളിലൂടെയാണ് ധനസഹായം നൽകുന്നത്. ഈ പദ്ധതി പ്രകാരം ആകെ 13906 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പ്രവാസി/തിരികെ വന്ന പ്രവാസി കേരളീയരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുക എന്നതാണ് നോർക്ക-റൂട്ട്സ് ഡയറക്ടേഴസ് സ്കോളർഷിപ്പ് സ്കീം പദ്ധതിയുടെ ലക്ഷ്യം. 2024-25 സാമ്പത്തിക വർഷത്തിൽ 170 വിദ്യാർത്ഥികൾക്ക് പദ്ധതി പ്രകാരം പ്രയോജനം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഒരു നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിൽ തങ്ങളുടെ അനുഭവം പ്രയോജനപ്പെടുത്തുന്നതിനായി NRK നിക്ഷേപകർക്ക് വേണ്ടിയുള്ള ഒരു ഏകജാലക സംവിധാനമാണ് നോര്‍ക്ക വാണിജ്യ സൗകര്യ കേന്ദ്രം. നിക്ഷേപകരായ പ്രവാസികൾക്കും തിരികെയെത്തിയവർക്കും വിദഗ്ദ്ധ അറിവും പ്രത്യേക മാർഗ്ഗനിർദ്ദേശവും നൽകിക്കൊണ്ട്, കേരളത്തിൽ ബിസിനസ്സ് ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഉള്ള സഹായം ഈ കേന്ദ്രം നൽകി വരുന്നു. ഇതുവരെയായി 81 സംഘങ്ങൾക്ക് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടുണ്ട്. സാധുവായ നോർക്ക ഐഡി കാർഡുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് നോർക്ക കെയർ. ആരോഗ്യ, നിയമ, അടിയന്തര സഹായങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പിന്തുണ നൽകുന്ന ഈ പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്.
കൂടുതൽ വിവരങ്ങൾ
1.13 ലക്ഷം കണക്ഷനുകളുമായി കെ-ഫോണിന്റെ ഡിജിറ്റൽ വിപ്ലവം
ഡിജിറ്റൽ അസമത്വം കുറയ്ക്കുകയും എല്ലാ പൗരന്മാർക്കും വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച കെ-ഫോൺ പദ്ധതി 1,13,525 കണക്ഷനുകളുമായി മുന്നേറുന്നു. 2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 14,194 ബി.പി.എൽ. കണക്ഷനുകൾ, 73,134 വാണിജ്യ (പണമടച്ചുള്ള വീട്) കണക്ഷനുകൾ, 3,034 എസ്.എം.ഇ. കണക്ഷനുകൾ, 23,163 സർക്കാർ ഓഫീസ് കണക്ഷനുകൾ എന്നിവ ഉൾപ്പെടുന്നു. സ്വന്തമായ ഒ.ടി.ടി. പ്ലാറ്റ്ഫോം ഉള്ള കെ-ഫോൺ നിലവിൽ 1,350 ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു.
സംസ്ഥാനത്തെ ആയിരക്കണക്കിന് സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിച്ച് ഭരണ-സേവന മേഖലയിൽ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിൽ കെ-ഫോൺ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. എല്ലാ സേവനദാതാക്കൾക്കും ഉപയോഗിക്കാവുന്ന പ്രധാന നെറ്റ്വർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുക, മൂല്യവർധിത സേവനങ്ങളിലൂടെ കെ-ഫോൺ അടിസ്ഥാന സൗകര്യങ്ങളുടെ വാണിജ്യവൽക്കരണം സാധ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായി 140 നിയമസഭ മണ്ഡലങ്ങളിലായി തെരഞ്ഞെടുത്ത 14,000 കുടുംബങ്ങൾക്ക് ദിവസേന 1.5 ജിബി ഡാറ്റ സൗജന്യമായി നൽകി പദ്ധതി ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ 35,000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. അതിൽ 31,000 കിലോമീറ്ററിലധികം നെറ്റ്വർക്ക് ഇതിനകം സജീവമാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 224 രൂപ നിരക്കിൽ ഇന്റർനെറ്റ് സേവനം പദ്ധതി വഴി ലഭ്യമാക്കുന്നു.
സാമൂഹ്യ നീതിയും ഡിജിറ്റൽ ഉൾക്കൊള്ളലും ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതി വഴി വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഇ-ഗവേണൻസ് സേവനങ്ങൾ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തുന്നു. ഡിജിറ്റൽ കേരളത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ കെ-ഫോൺ ഇന്ന് ഒരു മാതൃകാപദ്ധതിയായി മാറിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
50 ലക്ഷം യാത്രക്കാരുമായി വാട്ടർ മെട്രോയുടെ വിജയഗാഥ
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ കൈവരിച്ചത്.
സർവീസ് ആരംഭിച്ച ആദ്യ 107 ദിവസംകൊണ്ട് തന്നെ വാട്ടർ മെട്രോ 10 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി. അടുത്ത 95 ദിവസംകൊണ്ട് എണ്ണം 20 ലക്ഷമായി ഉയർന്നു. തുടര്‍ന്നുള്ള 185 ദിവസത്തിനകം 30 ലക്ഷവും, 160 ദിവസംകൊണ്ട് 40 ലക്ഷവും കടന്നു. പിന്നാലെ 161 ദിവസത്തിനുള്ളിൽ 50 ലക്ഷം യാത്രക്കാർ എന്ന നാഴികക്കല്ലും പിന്നിട്ടു.
ഹൈക്കോടതി, ഫോർട്ട്കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് നോര്‍ത്ത് ,സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് , മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് എന്നിങ്ങനെ 12 ടെർമിനലുകളാണ് വാട്ടർ മെട്രോയ്ക്ക് നിലവിലുള്ളത്. 20 ബോട്ടുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. 24 കിലോമീറ്ററോളമുള്ള അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതൽ രാത്രി 9 വരെ 125 ട്രിപ്പുകളാണ് ദിവസവുമുള്ളത്.
കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിൽ ടെർമിനലുകളുടെ നിർമ്മാണം നടക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ആകെ മൂല്യം 819 കോടിയാണ്. ലൈറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ചുരുങ്ങിയ കാലയളവിൽ ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് അപൂർവമാണ്.
പരിസ്ഥിതി സൗഹൃദമായതും അന്താരാഷ്ട്ര നിലവാരം കാത്തു സൂക്ഷിക്കുന്നതുമായ ഈ കേരള മോഡൽ വിവിധ സംസ്ഥാനങ്ങളിലായി 18 വ്യത്യസ്ത നഗരങ്ങളില്‍ വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിന്റെ സാധ്യത പഠനം കേരളത്തിൻ്റെ സ്വന്തം കെഎംആര്‍എല്‍ ആരംഭിച്ചു കഴിഞ്ഞു.
ഗതാഗത മേഖലയിലെ പൊതുജന സേവനങ്ങൾ നൽകുന്നതിൽ മികവ് പുലർത്തുന്നതിനുള്ള സ്കോച്ച് അവാർഡ് ,പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾക്കുള്ള ഹഡ്കോ അവാർഡ് ,രാജ്യാന്തര പുരസ്കാരമായ ഗുസ്റ്റാവ് ട്രൂവേ അവാര്‍ഡ്, ഷിപ്ടെക് ഇൻ്റര്‍നാഷണല്‍ അവാര്‍ഡ് എന്നിവ ഈ കാലയളവിൽ വാട്ടർ മെട്രോയെ തേടിയെത്തിയ ചില പുരസ്കാര നേട്ടങ്ങളാണ്.
കൂടുതൽ വിവരങ്ങൾ
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കി കേരളം
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതിലൂടെ ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര സംസ്ഥാനമെന്ന നേട്ടം കേരളത്തെ തേടിയെത്തി. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറിയത്.
83,45,879 കുടുംബങ്ങളിലായി ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ് 14 വയസിനുമുകളിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയത്. തുടർന്ന് 21,88,398 പേർക്ക് സ്മാർട് ഫോൺ ഉപയോഗം, ഇന്റർനെറ്റ് ഉപയോഗം, സർക്കാരിന്റെ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നീ പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ വിദ്യാഭ്യാസം നൽകുകയായിരുന്നു.
ഇതിൽ 21,87,966 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. 21,87,667 പേർ (99.98%) വിജയിച്ച് ഡിജിറ്റൽ സാക്ഷരതാ സർട്ടിഫിക്കറ്റ് സ്വന്തമാക്കി. വിജയിച്ചവരിൽ 15,223 പേർ 90 വയസിന് മുകളിലുള്ളവരാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14-നും 60-നും ഇടയിൽ പ്രായമുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. ദേശീയ മാനദണ്ഡം 90 ശതമാനം ആയിരിക്കെയാണ് കേരളം അതിനെ മറികടന്ന് മുന്നേറിയത്.
കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്.സി-എസ്.റ്റി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, NSS, NCC, NYK, സന്നദ്ധ സേന വോളണ്ടിയർമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധസംഘടനകൾ, യുവതീ-യുവാക്കൾ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ 2,57,000 വോളണ്ടിയർമാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തിയത്.
വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ എല്ലാവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടത്. സർക്കാർ സേവനങ്ങളും, ഓൺലൈൻ പണമിടപാടുകൾ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ആധികാരിക രേഖകളും ഓൺലൈനിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചും മറ്റും അവബോധം നൽകി എല്ലാവരെയും പ്രാപ്തരാക്കണമെന്ന കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചാണ് ഡിജികേരളം പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
കൂടുതൽ വിവരങ്ങൾ