
കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളേയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന ബൃഹത് പദ്ധതിയായ പുനർഗേഹത്തിലൂടെ ഇതുവരെ പുനരധിവാസം ഉറപ്പായത് 5361 കുടുംബങ്ങൾക്കാണ്.
പദ്ധതി പ്രകാരം 9104 കുടുംബങ്ങളാണ് മാറിത്താമസിക്കുവാൻ സന്നദ്ധരായത്. ഇതിൽ 4421 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം നേടി. 3835 ഗുണഭോക്താക്കളുടെ ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു. തുടർന്ന്
വ്യക്തിഗത ഭവന നിർമ്മാണം പൂർത്തിയാക്കി പുനരധിവസിപ്പിച്ചത് 2488 കുടുബങ്ങളെയാണ്. 1347 വ്യക്തിഗത ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.
722 കുടുബങ്ങൾക്കാണ് ഇതുവരെ ഫ്ലാറ്റുകൾ നൽകിയത്. തിരുവനന്തപുരം ജില്ലയിലെ കാരോട് - 128, ബീമാപ്പള്ളി - 20, മുട്ടത്തറ - 332 , കൊല്ലം ജില്ലയിൽ ക്യൂഎസ്എസ് കോളനി - 114 മലപ്പുറം ജില്ലയിൽ പൊന്നാനി - 128 എന്നിവയാണ് ഗുണഭോക്താക്കൾക്ക് കൈമാറിയ ഫ്ലാറ്റുകൾ. മണ്ണുംപുറം 204, മുട്ടത്തറ 68, നിറമരുതൂർ 16, വെസ്റ്റ്ഹിൽ 80, പൊന്നാനി 100, കോയിപ്പാടി 144, കടകംപള്ളി 168, സെന്റ് ആന്റണീസ് വലിയതുറ 24 എന്നിങ്ങനെ 804 ഫ്ലാറ്റുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
വ്യക്തിഗത ഭവന നിർമ്മാണം പൂർത്തിയാക്കി പുനരധിവസിപ്പിച്ച 2488 കുടുബങ്ങളും ഫ്ലാറ്റുകൾ ലഭിച്ച 722 കുടുബങ്ങളുമുൾപ്പെടെ 3210 കുടുബങ്ങളെയാണ് ഇതുവരെ പുനരധിവസിപ്പിച്ചത്. ഇതുകൂടാതെ നിർമ്മാണത്തിൽ ഇരിക്കുന്ന 1347 വ്യക്തിഗത ഭവനങ്ങളും 804 ഫ്ലാറ്റുകളും ലഭിക്കുന്നവർ ഉൾപ്പെടെ 5361 കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പിച്ചു.
പദ്ധതി പ്രകാരം സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ള ശേഷിക്കുന്ന 3743 കുടുംബങ്ങളെ വ്യക്തിഗത ഭവനങ്ങൾ, ഫ്ലാറ്റുകൾ എന്നിവ നിർമ്മിച്ച് പുനരധിവസിപ്പിച്ച് പദ്ധതി പൂർത്തീകരിക്കും.
2450 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതിക്ക് 2019- 20 സാമ്പത്തിക വർഷമാണ് ഭരണാനുമതി നൽകിയത്. പദ്ധതിക്കായി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1052 കോടി രൂപ വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തിയത്.ഇതുവരെ പദ്ധതിയ്‌ക്കായി ചെലവഴിച്ചത് 433.37 കോടി രൂപയാണ്.