
കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങള്‍ വലുതാണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് രേഖപ്പെടുത്തി. വൈദ്യുതി പ്രസരണ രംഗത്ത് 8056.3 കോടി രൂപയുടെയും വൈദ്യുതി ഉത്പാദന രംഗത്ത് 2941.67 കോടി രൂപയുടെയും മുതല്‍മുടക്കാണ് ഈ കാലയളവില്‍ നടത്തിയത്. 2024-2025 സാമ്പത്തിക വര്‍ഷം 571.22 കോടി രൂപയുടെ ലാഭമാണ് കെ.എസ്.ഇ.ബി നേടിയത്.
വൈദ്യുതി വിതരണ മേഖലയിൽ ₹13,014.99 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. ഒൻപത് വർഷത്തിൽ 101 സബ്‌സ്റ്റേഷനുകൾ പൂർത്തിയാക്കാനായി. 20,621 ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു. 32.94 ലക്ഷം സർവീസ് കണക്ഷനുകൾ നൽകി. വൈദ്യുതി കമ്പികൾ പൊട്ടി വീഴുന്ന അപകടങ്ങൾ ഒഴിവാക്കാൻ 2.22 ലക്ഷം സ്പേസറുകൾ സ്ഥാപിച്ചു.
ഇടമൺ–കൊച്ചി 400 കെ.വി. ലൈനും പുകലൂർ–മാടക്കത്തറ 400 കെ.വി. ലൈനും പൂർത്തിയാക്കിയതോടെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 2550 മെഗാവാട്ട് വർധനവാണ് നേടിയത്. 2030 ഓടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 10,000 മെഗാവാട്ട് ആക്കുക എന്നതാണ് ലക്ഷ്യം.
ജലവൈദ്യുതി ഉൽപ്പാദന ശേഷിയിൽ ഒൻപത് വർഷത്തിനിടെ 179.65 മെഗാവാട്ട് വർദ്ധനവ് നേടിയെടുത്തു. 111 മെഗാവാട്ട് ശേഷിയുള്ള 7 പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
സൗരോർജ്ജ ഉത്പാദനത്തിൽ കേരളം രാജ്യത്തിന് മാതൃകയായി മാറി. 2016-ൽ 16.49 മെഗാവാട്ട് മാത്രമായിരുന്ന സ്ഥാപിത ശേഷി, 2025-ൽ 1883 മെഗാവാട്ട് ആയി ഉയർന്നു. കഴിഞ്ഞ 9 വർഷങ്ങളിൽ 1866.51 മെഗാവാട്ട് ശേഷിയുള്ള സൗര നിലയങ്ങൾ സ്ഥാപിച്ചു.
വൈദ്യുതി ലഭ്യമല്ലാത്ത 102 ആദിവാസി ഉന്നതികളിൽ, വയനാട് ജില്ലയിൽ പുനരധിവാസം തീരുമാനിച്ചിട്ടുള്ളവ ഒഴികെ 83 പ്രദേശങ്ങളിൽ വൈദ്യുതീകരണം നടപ്പിലാക്കിവരികയാണ്. ഇതിനകം 35 നഗറുകളുടെ വൈദ്യുതീകരണം പൂർത്തിയായി.658 വീടുകൾക്ക് കണക്ഷൻ നൽകി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതിനകം 1697 വീടുകളിൽ
രണ്ട് കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിച്ചു. ലൈഫ് മിഷനിലെ 968 വീടുകൾ, പുനർഗേഹത്തിലെ 142 വീടുകൾ, പട്ടികവർഗ പ്രദേശങ്ങളിലെ 282 വീടുകൾ ഇതിൽ ഉൾപ്പെടുന്നു. പട്ടികജാതി വീടുകളിൽ 3 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകൾ 305 വീടുകളിൽ സ്ഥാപിച്ചു.
₹10,000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ട്രാൻസ്‌ഗ്രിഡ് പദ്ധതിയിലൂടെ സംസ്ഥാനത്തെ വൈദ്യുതി പ്രസരണ ശൃംഖല ആധുനികമാക്കുകയാണ് ഇനി സർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ പ്രതിവർഷം 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ച് ₹250 കോടി വരുമാന നേട്ടം ലഭിക്കും.
പവർകട്ടില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായതും, പാലക്കാട് ജില്ലയിലെ നടുപ്പതി ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഗ്രിഡ് ബന്ധിത ആദിവാസി സൗരോർജ ഗ്രാമമായി പ്രഖ്യാപിച്ചതും ,2024 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കിയതും ,രാജ്യത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കിയതുമൊക്കെ വൈദ്യുതി മേഖലയിൽ ഈ കാലയളവിൽ കേരളം കരസ്ഥമാക്കിയ നേട്ടങ്ങളാണ്.