
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ കൈവരിച്ചത്.
സർവീസ് ആരംഭിച്ച ആദ്യ 107 ദിവസംകൊണ്ട് തന്നെ വാട്ടർ മെട്രോ 10 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി. അടുത്ത 95 ദിവസംകൊണ്ട് എണ്ണം 20 ലക്ഷമായി ഉയർന്നു. തുടര്‍ന്നുള്ള 185 ദിവസത്തിനകം 30 ലക്ഷവും, 160 ദിവസംകൊണ്ട് 40 ലക്ഷവും കടന്നു. പിന്നാലെ 161 ദിവസത്തിനുള്ളിൽ 50 ലക്ഷം യാത്രക്കാർ എന്ന നാഴികക്കല്ലും പിന്നിട്ടു.
ഹൈക്കോടതി, ഫോർട്ട്കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് നോര്‍ത്ത് ,സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് , മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് എന്നിങ്ങനെ 12 ടെർമിനലുകളാണ് വാട്ടർ മെട്രോയ്ക്ക് നിലവിലുള്ളത്. 20 ബോട്ടുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. 24 കിലോമീറ്ററോളമുള്ള അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതൽ രാത്രി 9 വരെ 125 ട്രിപ്പുകളാണ് ദിവസവുമുള്ളത്.
കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിൽ ടെർമിനലുകളുടെ നിർമ്മാണം നടക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ആകെ മൂല്യം 819 കോടിയാണ്. ലൈറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ചുരുങ്ങിയ കാലയളവിൽ ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് അപൂർവമാണ്.
പരിസ്ഥിതി സൗഹൃദമായതും അന്താരാഷ്ട്ര നിലവാരം കാത്തു സൂക്ഷിക്കുന്നതുമായ ഈ കേരള മോഡൽ വിവിധ സംസ്ഥാനങ്ങളിലായി 18 വ്യത്യസ്ത നഗരങ്ങളില്‍ വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിന്റെ സാധ്യത പഠനം കേരളത്തിൻ്റെ സ്വന്തം കെഎംആര്‍എല്‍ ആരംഭിച്ചു കഴിഞ്ഞു.
ഗതാഗത മേഖലയിലെ പൊതുജന സേവനങ്ങൾ നൽകുന്നതിൽ മികവ് പുലർത്തുന്നതിനുള്ള സ്കോച്ച് അവാർഡ് ,പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾക്കുള്ള ഹഡ്‌കോ അവാർഡ് ,രാജ്യാന്തര പുരസ്‌കാരമായ ഗുസ്‌റ്റാവ് ട്രൂവേ അവാര്‍ഡ്, ഷിപ്ടെക് ഇൻ്റര്‍നാഷണല്‍ അവാര്‍ഡ് എന്നിവ ഈ കാലയളവിൽ വാട്ടർ മെട്രോയെ തേടിയെത്തിയ ചില പുരസകര നേട്ടങ്ങളാണ്.