
കേരളത്തെ ആഗോള നിക്ഷേപ കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ആഭ്യന്തരവും വിദേശീയവുമായ നിക്ഷേപങ്ങളുടെ വൻ പ്രവാഹത്തിനാണ് വഴിയൊരുക്കുന്നത്.
ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി 2025 ജൂലൈ വരെ 31,429.15 കോടിയുടെ 86 നിക്ഷേപ പദ്ധതികൾക്കാണ് സംസ്ഥാനത്ത് തുടക്കമായത്. ഈ പദ്ധതികൾ പൂർത്തിയായാൽ 40,439 തൊഴിലവസരങ്ങൾ കേരളത്തിലെ യുവാക്കൾക്കായി സൃഷ്ടിക്കപ്പെടും. നിലവിൽ 1,77,731.66 കോടിയുടെ 424 പദ്ധതികൾ ഇൻവെസ്റ്റ് കേരളയുടെ പട്ടികയിലുണ്ട്. ഇതിൽ 20.28 ശതമാനം പദ്ധതികൾ നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. 268 പദ്ധതികൾക്ക് ഭൂമി ലഭിച്ചിട്ടുണ്ട് , 156 പദ്ധതികൾക്ക് ഭൂമി ലഭിക്കാനുണ്ട്.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിന് ലഭിച്ച പ്രധാന നേട്ടങ്ങളിൽ ഒന്ന് കളമശ്ശേരിയിൽ നിർമ്മാണം ആരംഭിച്ച അദാനി ഗ്രൂപ്പിന്റെ 600 കോടി രൂപയുടെ ലോജിസ്റ്റിക്സ് പാർക്കാണ് . ഇ-കൊമേഴ്‌സ്, എഫ്.എം.സി.ജി., ഫാർമ, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളിലെ കയറ്റുമതികൾ വർധിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ലോകോത്തര നിലവാരത്തിലുള്ള വേൾഡ് ട്രേഡ് സെന്റർ കോഴിക്കോട് സ്ഥാപിക്കാൻ ഹൈലൈറ്റ് ഗ്രൂപ്പ് തീരുമാനിച്ചതും ഇൻവെസ്റ്റ് കേരളയിലൂടെയാണ്. ഈ ഒറ്റപ്പദ്ധതിയിലൂടെ ഏകദേശം 6000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഉണ്ടാകുന്നത്. ഇതുൾപ്പെടെ 10,000 കോടിയുടെ നിക്ഷേപ പദ്ധതികളാണ് ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മുൻനിര ലോജിസ്റ്റിക്സ് സൗകര്യ കമ്പനി എൻ.ഡി.ആർ വെയർഹൗസിംഗ് ഈ സാമ്പത്തിക വർഷം 250 കോടിയുടെ നിക്ഷേപത്തോടെ കേരളത്തിൽ പ്രവർത്തനത്തിനെത്തും. കിൻഫ്ര പാർക്കുകളിൽ ഇതിനകം 1,011 കോടിയുടെ നിക്ഷേപ പദ്ധതികൾ ആരംഭിച്ചു. മേയ് മാസത്തിൽ 2,714 കോടിയുടെ ഏഴ് പദ്ധതികൾക്കും ഏപ്രിലിൽ നാല് പദ്ധതികൾക്കും തുടക്കമായി.
ലുലു ഗ്രൂപ്പും 5,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഫുഡ് പ്രോസസ്സിംഗ് ഉൾപ്പെടെ വിവിധ മേഖലകളിൽ വൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പെരുമ്പാവൂരിൽ കെയ്ൻസ് ടെക്നോളജീസ് 500 കോടിയുടെ ഫ്ലെക്സിബിൾ പി.സി.ബി നിർമ്മാണ പദ്ധതിയും ആരംഭിച്ചു, ഇതിലൂടെ 1,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കുറഞ്ഞ കാലയളവിൽ തന്നെ നവകേരള വികസനത്തിന് കരുത്തായി മാറുകയാണ് ഇൻവെസ്റ്റ് കേരളയിലൂടെ എത്തിയ നിക്ഷേപങ്ങൾ. സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനത്തോടെ സാധ്യമായ ഈ പദ്ധതികൾ കേരളത്തിന്റെ വ്യവസായ വളർച്ചയുടെയും സാമ്പത്തിക ഉണർവിന്റെയും തെളിവാണ്.