
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചരിത്ര മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് . 134.56 കോടി രൂപയുടെ സഞ്ചിത പ്രവർത്തനലാഭമാണ് 2024-25 സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് 134.56 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനങ്ങൾ മുന്നേറിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വാർഷിക വിറ്റുവരവ് 4419 കോടിയിൽ നിന്ന് 5119.18 കോടിയായി വർധിച്ചു. 15.82% വർധനവാണ് രേഖപ്പെടുത്തിയത്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു. 32 കമ്പനികളുടെ വാർഷിക വിറ്റുവരവിൽ വർധനവുണ്ട്.
രൂപീകരണത്തിൻ്റെ 50 വർഷം പിന്നിടുന്ന കെൽട്രോൺ ചരിത്രത്തിലാദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ഏറ്റവുമധികം പ്രവർത്ത ലാഭമുണ്ടാക്കിയത് ചവറ കെ.എം.എം.എൽ ആണ്, 107. 67 കോടി രൂപ. കെൽട്രോൺ 50.54 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും മികച്ച ലാഭം നേടി. കിൻഫ്ര 88.41 കോടി രൂപയുടെ വരുമാനവും 7.19 കോടി രൂപയുടെ ലാഭവും ഉണ്ടാക്കി. കെ.എസ്.ഐ.ഡി.സി വായ്പ / ഇക്വിറ്റി ഇനങ്ങളിലായി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകി. 61.81 കോടി രൂപയുടെ ലാഭവും നേടി.
വിവിധ മേഖലകളിലെ കമ്പനികളുടെ പ്രകടനത്തിലും മികവ് പ്രതിഫലിച്ചു. ഇലക്ട്രോണിക്സ് മേഖലയിലെ കമ്പനികളുടെ പ്രവത്തന ലാഭം 48.11 കോടിയിൽ നിന്ന് 70. 99 കോടിയായി ഉയർന്നു. ഇലക്ട്രിക്കൽ മേഖലയിൽ മുൻവർഷത്തെ 1.86 കോടിയുടെ നഷ്ടം നികത്തി 17.79 കോടി ലാഭം രേഖപ്പെടുത്തി. ഇൻഫ്രാസ്ട്രക്ചർ മേഖല 13.42 കോടി(മുൻ വർഷം 8.92), സിറാമിക്സ് മേഖല – 3.43 കോടി (മുൻ വർഷം 2.06 കോടി നഷ്ടം), കയർ മേഖല -3.39 കോടി (മുൻ വർഷം 6.05 കോടി നഷ്ടം), എഞ്ചിനീയറിംഗ് മേഖല – 32 ലക്ഷം (മുൻവർഷം 9.01 കോടി നഷ്ടം) എന്നിങ്ങനെ ലാഭം രേഖപ്പെടുത്തി.
ടിസിസി, കെൽ, കേരളാ സിറാമിക്‌സ്, ട്രിവാൻട്രം സ്പിന്നിങ് മിൽ, കയർ മെഷിനറി സ്ഥാപനങ്ങൾ ലാഭത്തിലായി. കേന്ദ്രസർക്കാർ അടച്ചു പൂട്ടിയതിനെ തുടർന്ന് കേരളം ഏറ്റെടുത്ത വെള്ളൂർ കെപിപിഎല്ലിന്റെ നഷ്ടം 17.31 കോടിയിൽ നിന്ന് 2.26 കോടിയായി കുറഞ്ഞു. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (കെ.പി.പി.എൽ) മികവുറ്റ പ്രകടനം കാഴ്ചവെച്ചു മുന്നേറുകയാണ്.
റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് 1050 കോടിയുടെ കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചു. കയറുൽപന്നങ്ങളുടെ വിപണനത്തിന് വാൾമാൾട്ടുമായി കേരള കയർ കോർപ്പറേഷൻ ധാരണയിലെത്തി. ഇന്ത്യയിൽ ഇത്തരത്തിൽ വാൾമാൾട്ടുമായി കരാറിലേർപ്പെടുന്നത് തന്നെ ആദ്യമായിട്ടാണ്. മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, അമൃത്സർ സുവർണക്ഷേത്രത്തിലേക്ക് കയർഫെഡ് നൂൽ കയറ്റുമതി, കേരള സ്റ്റേറ്റ് പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് പ്രവർത്തനമാരംഭിച്ചു എന്ന് തുടങ്ങി ഒരുപാട് നേട്ടങ്ങൾ ഈ കാലയളവിൽ ഉണ്ടായി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം വൈ വിധ്യവൽക്കരണത്തിലൂടെയും വിപുലീകരണത്തിലൂടെയും സ്ഥാപനങ്ങളുടെ സുസ്ഥിര മായ വളർച്ച ലക്ഷ്യമിട്ട് ഭാവി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 9,467.35 കോടി രൂപയുടെ പ്രത്യേക മാസ്റ്റർപ്ലാനാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷം ഹ്രസ്വകാല, ദീർഘകാല പദ്ധതികൾക്കായി 279.10 കോടി രൂപയും 2025-26ൽ 275.10 കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഈ ശ്രദ്ധേയമായ വളർച്ച.