
സൗജന്യ ചികിത്സയിൽ രാജ്യത്തിനും ലോകത്തിനും മികച്ച മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് (സെപ്റ്റംബർ 2025) വരെ , സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കായി 7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയത്. 25.17 ലക്ഷം പേർ സൗജന്യ ചികിത്സയുടെ ഗുണഭോക്താക്കളായി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി മാത്രം 24.06 ലക്ഷം പേർക്ക് 7163 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭിച്ചു. ആരോഗ്യ വകുപ്പിനു കീഴിലെ സംസ്ഥാന ഹെൽത്ത് ഏജൻസി വഴിയാണ് കാസ്‌പ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 43.07 ലക്ഷം കുടുംബങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരു കുടുംബത്തിന് വർഷം പരമാവധി അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യമാണ് ലഭ്യമാകുക. പൊതു- സ്വകാര്യ മേഖലകളിൽനിന്ന് എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രി വഴിയാണ് സേവനം നൽകുന്നത്.
കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64,075 പേർക്ക് 544 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയതും സംസ്ഥാനത്തിന്റെ ജനകീയാരോഗ്യ പ്രതിബദ്ധതയുടെ ഉദാഹരണമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റ തവണത്തേക്ക് രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും ലഭ്യമാകും.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ (KMSCL) കഴിഞ്ഞ നാല് വർഷത്തിനിടെ 3300 കോടിയിലധികം മൂല്യമുള്ള സൗജന്യ മരുന്നുകൾ സംസ്ഥാനത്തെ ആശുപത്രികളിലൂടെ വിതരണം ചെയ്തു. വിപണി വിലയിൽ നിന്ന് 10 മുതൽ 93 ശതമാനം വരെ വിലക്കുറവിൽ കാരുണ്യ ഫാർമസിയിലൂടെ എണ്ണായിരത്തിൽപ്പരം ബ്രാൻഡഡ് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. നിലവിൽ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തിക്കുന്നു.
ക്യാൻസർ രോഗികൾക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനയും സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബനവലന്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ വഴി കഴിഞ്ഞ നാല് വർഷത്തിനിടെ 1400 കോടി രൂപയുടെ സൗജന്യ ക്യാൻസർ ചികിത്സ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞു. 2024ൽ മാത്രം 41,000-ത്തിലധികം രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമായത് ഈ പദ്ധതികളുടെ വ്യാപ്തി വ്യക്തമാക്കുന്നു.
കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്ന കാരുണ്യ സ്പർശം സിറോ പ്രോഫിറ്റ് ആൻ്റി കാൻസർ ഡ്രഗ് കൗണ്ടറുകളും ഈ കാലയളവിൽ ആരംഭിച്ചിരുന്നു. ഇതുവഴി ഇതുവരെ മൂന്ന് കോടിയോളം രൂപയുടെ മരുന്ന് വിതരണം നടത്തി. 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് കുറഞ്ഞ വിലയ്ക്ക് നൽകുന്നത്.
ഇതുകൂടാതെ, സ്വകാര്യ മേഖലയിൽ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായോ കുറഞ്ഞ നിരക്കിലോ സർക്കാർ മെഡിക്കൽ കോളേജുകളിൽ വഴി ചെയ്യുന്നത്, 14 ജില്ലകളിലും രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി, സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം തുടങ്ങി നിരവധി പദ്ധതികളാണ് ഈ സർക്കാരിന്റെ കാലയളവിൽ നടപ്പിലാക്കാനായത്.
ഇത്തരം നിരന്തരമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം എന്ന നിലക്ക് കേന്ദ്ര സർക്കാരിന്റെ “ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന് ലഭിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മികച്ച സ്‌കീം വിനിയോഗം കാഴ്ചവെച്ച പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടു.