ഒരു വർഷം 1 ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022ല്‍ ആരംഭിച്ച പദ്ധതിയാണ് സംരംഭക വര്‍ഷം പദ്ധതി. സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കുകയും, അവർക്ക് മികച്ച സാദ്ധ്യതകൾ പ്രധാനം ചെയ്യുകയുമാണ് പദ്ധതി വഴി ലക്‌ഷ്യം വെയ്ക്കുന്നത്.
വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ചെറുകിട വ്യവസായങ്ങളെ ആശ്രയിക്കുന്ന മേഖലകൾ കണ്ടെത്തി അതിനു പകരമായി കേരളത്തിൽത്തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഈ പദ്ധതിയിലൂടെ സാധ്യമാകും.
2024 ഡിസംബർ 10 വരെയായി സംരംഭക വർഷം പദ്ധതിയിലൂടെ മാത്രം കേരളത്തിൽ 3,35,780 സംരംഭങ്ങൾ ആരംഭിക്കുകയും 21,450 കോടിയുടെ നിക്ഷേപങ്ങൾ കടന്നുവരികയും 7,11,870 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അവാർഡും സംരംഭകവർഷം പദ്ധതി നേടിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വേദിയായ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ 'ഇന്നവേഷൻ ഇൻ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ' പുരസ്‌കാരവും സംരംഭകവർഷത്തിന് ലഭിച്ചിരുന്നു.
സംരംഭക വർഷം 3.0 – 'സംരംഭക സഭ'യുടെ സാധ്യതകൾ
2024-25 സാമ്പത്തിക വർഷത്തിലേക്ക് കടന്ന സംരംഭക വർഷം 3.0 പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സംരംഭക സഭകൾ എന്ന ആശയം നടപ്പാക്കുന്നത്. സംരംഭകരുടെ പ്രശ്നങ്ങൾക്ക് പ്രാദേശിക തലത്തിൽ പരിഹാരം കാണുന്നതിനും അവർക്കു സഹായകരമാകുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി ഓരോ പഞ്ചായത്തിലും രൂപീകരിച്ച പുതിയ സംരംഭങ്ങളുടേയും, അതിനു മുൻപ് തന്നെ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെയും പ്രതിനിധികളും, വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്ന വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കുചേരുന്ന യോഗങ്ങളാണ് 'സംരംഭക സഭ'. തദ്ദേശീയ മേഖലകളിൽ വ്യവസായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും സംരംഭകർക്ക് പിന്തുണ നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഓരോ പഞ്ചായത്തിലും നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഒരു കൂട്ടായ്മയാണ് പ്രധാനമായും സംരംഭക സഭകളിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി സംരംഭക സഭയിൽ പങ്കെടുത്ത സംരംഭകരുടെ വിശദാംശങ്ങൾ പഞ്ചായത്ത് തലത്തിൽ ശേഖരിക്കും. ഇതിലൂടെ സംരംഭകർക്ക് വ്യവസായ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറും. ലോൺ/ ലൈസൻസ്/ സബ്സിഡി/ ഇൻഷുറൻസ് എന്നിങ്ങനെ വിവിധ സംരംഭക ആവശ്യങ്ങൾ നടപ്പാക്കാൻ പ്രാദേശിക ബാങ്കുകൾ,സേവനദാതാക്കൾ എന്നിവരുമായി സഹകരിക്കാൻ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാക്കും. പ്രാദേശികമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കുക, സംരംഭകരിൽ നിന്നും സംരംഭക ആവാസവ്യവസ്ഥ ശക്തമാക്കുന്നതിന് പോളിസി രൂപീകരണത്തിന് സഹായിക്കുന്ന അഭിപ്രായ ശേഖരണം നടത്തുക, കെ-സ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷൻ എന്നിവ ലഭ്യമാക്കുവാൻ ഡെസ്‌ക് സംവിധാനം രൂപീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സംരംഭകസഭകൾ സഹായിക്കും.
വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള പാതയിൽ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന 'സംരംഭക വർഷം' കേരളത്തിൻ്റെ വ്യവസായ മേഖലയിൽ സൃഷ്ടിക്കുന്ന ഉണർവ്വും ചലനവും, മുന്നോട്ടുള്ള യാത്രയിലും വലിയ ഉത്തേജനമായി മാറും. തൊഴിലന്വേഷകരും ചെറുപ്പക്കാരും വീട്ടമ്മമാരും വിദ്യാർത്ഥികളും എന്നു വേണ്ട, നാനാ മേഖലകളിൽ നിന്നുള്ളവർ സംരംഭകരായി മാറുന്നതിന് ഈ സംരംഭക വർഷം സാക്ഷിയാകും.