
സംസ്ഥാനത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾക്ക് നെടുംതൂണായി വളരുകയാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിഞ്ഞ 10 വർഷം കൊണ്ട് കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ ബാങ്ക് നിക്ഷേപം 9,054 കോടി രൂപയാണ്. നിലവിൽ 1,070 സി.ഡി.എസ്സുകളിൽ 19,470 എ.ഡിഎസ്സുകളും, 3.17 ലക്ഷം അയൽകൂട്ടങ്ങളും, 48 ലക്ഷം അംഗങ്ങളുമുള്ള കുടുംബശ്രീ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീക്കൂട്ടായ്മയാണ്. കഴിഞ്ഞ 10 വർഷക്കാലയളവിൽ പുതുതായി 96,023 അയൽക്കൂട്ടങ്ങളെ രൂപീകരിക്കാനും 11.50 ലക്ഷം അംഗങ്ങളെ ഉൾച്ചേർക്കാനും കുടുംബശ്രീയ്ക്ക് സാധിച്ചു.
പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി 25,992 വയോജന അയൽകൂട്ടങ്ങളും , 3,352 ഭിന്നശേഷി അയൽകൂട്ടവും, 48 ട്രാൻസ്‍ജൻഡർ അയൽകൂട്ടവും രൂപീകരിച്ചു. യുവതികൂട്ടായ്മായി 19,472 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചു. ഇതിൽ നിലവിൽ 3 ലക്ഷത്തോളം അംഗങ്ങളുണ്ട്. 617 സിഡിഎസ്സുകളെ ഐ.എസ്.ഒ. നിലവാരത്തിലേയ്ക്ക് ഉയർത്തി. ചരിത്രത്തിൽ ആദ്യമായി മുഴുവൻ സി.ഡി.എസ്. മെമ്പർമാർക്ക് 500/- രൂപ പ്രതിമാസ യാത്ര ബത്തയും ഈ സർക്കാർ അനുവദിച്ചു.
സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ പ്രളയകാലത്ത് 11.5 കോടിയും മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിന്റെ സമയത്ത് 20.07 കോടി രൂപയും കുടുംബശ്രീ നൽകി.
10 വർഷം കൊണ്ട് 14 ലക്ഷം പേർക്കാണ് കുടുംബശ്രീ ഉപജീവനം മാർഗ്ഗം ഒരുക്കിയത്. വയോജന രോഗീ പരിചരണ മേഖലയില്‍ 'കെ 4 കെയർ' പദ്ധതിയതിലൂടെ അറുനൂറിലേറെ സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കി. അതിദരിദ്രർക്കുള്ള ഉപജീവനം പദ്ധതിയുടെ ഭാഗമായി 4,341 പേർക്ക് ഉപജീവനം ഉറപ്പ് വരുത്തി. വിജ്ഞാന കേരളം കുടുംബശ്രീ തൊഴിൽ ക്യാമ്പയിനിലൂടെ 1,41,323 തൊഴിലുകൾ കണ്ടെത്തി 55,913 വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി. റിലയൻസ് 10000 വനിതകൾക്ക് തൊഴിൽ നൽകും ,വൻകിട സ്വകാര്യ സ്ഥാപനങ്ങളിൽ മികച്ച വേതനത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്.
നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ പദ്ധതിയിലൂടെ 6,825 പേർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി, 5,691 പേർക്ക് തൊഴിലും സംരംഭവുമൊരുക്കി. മറ്റു വിവിധ പദ്ധതികളുടെ ഭാഗമായി 1,70,788 പേർക്ക് നൈപുണ്യം പരിശീലനം നൽകുകയും അതിൽ 1,24,173 പേർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്തു. സ്പെഷ്യൽ ഇടപെടലിലൂടെ ആശ്രയ കുടുംബങ്ങൾ, എസ്.സി, എസ്.ടി എന്നിവർക്ക് യഥാക്രമം 457, 9,544, 2,252 തൊഴിൽ ലഭ്യമാക്കി. 621 പേർക്കാണ് വിദേശത്ത് തൊഴിൽ ലഭ്യമായത് .
സംരംഭകത്വത്തിന്റെ പുത്തൻ മേഖലകളിലേക്ക് കഴിഞ്ഞ 10 വർഷം കൊണ്ട് സർക്കാരിന് കുടുംബശ്രീയെ നയിക്കാനായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ സ്കീമുകളുടെ ഭാഗമായി പുതുതായി 1.7 ലക്ഷം സംരംഭങ്ങൾ തുടങ്ങാൻ സാധിച്ചു. ഇതിൽ 3 ലക്ഷം അംഗങ്ങൾ ഉൾപ്പെടുന്നു.
ഉപഭോക്താക്കൾക്ക് ശുദ്ധമായ ചിക്കൻ ലഭ്യമാക്കുന്ന കേരള ചിക്കൻ വിൽപ്പന ഒരു വർഷം കൊണ്ട് നൂറുകോടി കടന്ന് റെക്കോർഡിലേക്കെത്തി. 13 ജില്ലകളിലായി 490 ബ്രോയിലർ ഫാമുകളും 142 ഔട്ട്‌ലെറ്റുകളും കേരള ചിക്കനുണ്ട് . നാളിതുവരെ 421 കോടി രൂപയാണ് വിറ്റു വരവ്. കോഴി വളർത്തലിലൂടെ കർഷകർക്ക് രണ്ടു മാസത്തിലൊരിക്കൽ രണ്ടര ലക്ഷം വരുമാനമായി ലഭ്യമാകുന്നു. ഒരു വർഷം കൊണ്ട് അഞ്ചുകോടിയുടെ കച്ചവടം സ്വന്തമാക്കിയ 12 'പ്രീമിയം കഫേ' ബ്രാൻഡഡ് ഭക്ഷണശാലകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു.
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) – ലൈഫ് പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായി പ്രവർത്തിച്ച കുടുംബശ്രീ , പദ്ധതി പ്രകാരം 1,13,305 വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും 93,237 വീടുകൾ പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ, നഗരങ്ങളിൽ ഭവനരഹിതർക്കായി 31 ഷെൽട്ടറുകൾ നിർമ്മിച്ച് താമസവും പുനരധിവാസവും ഉറപ്പാക്കി.
പട്ടികവര്‍ഗ്ഗ മേഖലയുടെ ഉന്നമനത്തിനായി 7,135 പട്ടികവര്‍ഗ്ഗ സ്പെഷ്യല്‍ അയല്‍ക്കൂട്ടങ്ങളിലൂടെയും, പൊതു അയല്‍ക്കൂട്ടങ്ങളിലൂടെയും 1,24,000 കുടുംബങ്ങളെ കുടുംബശ്രീയുടെ ഭാഗമാക്കി. 98% ട്രൈബല്‍ കുടുംബങ്ങളും ഇപ്പോൾ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഭാഗമാണ്. 525 ട്രൈബല്‍ അനിമേറ്റേഴ്സ് റിസോഴ്സ് പേഴ്സണ്‍മാരായി പ്രവര്‍ത്തിച്ചുവരുന്നു. യുവതി യുവാക്കള്‍ക്ക് മത്സര പരീക്ഷ പരിശീലനം പരിശീലനത്തിലൂടെ 113 പേർക്ക് വിവിധ സർക്കാർ അർദ്ധ സർക്കാർ മേഖലയിൽ സ്ഥിരം ജോലി ലഭിച്ചു. 364 പേരെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടു .
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ ആവശ്യമായ മാനസികവും ബൗദ്ധികവുമായ പിന്തുണ ഉറപ്പാക്കാനും ബഡ്സ് സ്ഥാപനത്തിലെ അംഗങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും ഉപജീവനം കണ്ടെത്തുന്നതിനായി പ്രത്യേക ഉപജീവന പാക്കേജുകള്‍ സൃഷ്ട്ടിക്കാൻ 36.67 കോടി രൂപയാണ് കുടുംബശ്രീ നൽകിയത്.
കുട്ടികളിൽ ജൻഡർ അവബോധം സൃഷ്ഠിക്കുന്നതിന് വേണ്ടി കോളേജ് സ്കൂൾ എന്നിവടങ്ങളിൽ ക്ലബ് രൂപീകരിച്ചു. നിലവിൽ 304 സ്കൂളുകളിലും 70 കോളേജുകളിലും ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
2025 ലും ഓണം വിപണിയിൽ തിളങ്ങിയത് കുടുംബശ്രീ തന്നെയാണ്. 8913 ഏക്കറിൽ പച്ചക്കറികൾ കൃഷി ചെയ്ത് 977631.6 കിലോ ഗ്രാം പച്ചക്കറികളും 1820 ഏക്കറിൽ പൂക്കൃഷി ചെയ്ത് 75715.25 കിലോ ഗ്രാം പൂക്കളും വിപണിയിലെത്തിച്ചു. 40.44 കോടി രൂപയാണ് വിറ്റുവരവ്.
4.47 ലക്ഷം അംഗങ്ങളുള്ള 98,026 കൃഷി സംഘങ്ങളിലൂടെ 20,647 ഹെക്ടർ സ്ഥലത്ത് നെല്ല്, വാഴ, പൂ, പച്ചക്കറി ഉൾപ്പെടയുള്ള കൃഷികൾ ചെയ്യുന്നു . 996 പ്രൊഡ്യൂസർ ഗ്രൂപ്പുകളും , 5,115 മൂല്യവർദ്ധിത സംരംഭ യൂണിറ്റുകളും തുടങ്ങി.
മൃഗസംരക്ഷണ ഉപജീവന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് 4,530 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി പശുസഖി സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കി. ക്ഷീരസാഗരം പദ്ധതി വഴി 2,255 കർഷകർക്ക് ₹9.8 കോടി സബ്സിഡിയും ആടുഗ്രാമം പദ്ധതിയിലൂടെ 3,459 അംഗങ്ങൾക്ക് ₹3.45 കോടി സബ്സിഡിയും നൽകി.
ദേശീയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷവും കുടുബശ്രീ മുന്നിലെത്തി. ഇതുവഴി 85 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്. നഗര ദരിദ്രരുടെ ജീവിതത്തില്‍ സര്‍വതല സ്പര്ശിയായ വികസനം കൊണ്ട് വരുന്നതിനാവശ്യമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ചെലവഴിക്കുന്നത്.
സ്ത്രീ ശാക്തീകരണം, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക നീതി എന്നീ ലക്ഷ്യങ്ങൾ മുന്നിൽവെച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത് . സാമൂഹ്യപ്രവർത്തനത്തിന്റെ അതിരുകൾ കടന്ന് സമഗ്ര വികസനത്തിന്‍റെ മാതൃകയായി വളരാനാണ് കഴിഞ്ഞ 10 വർഷം കൊണ്ട് സർക്കാർ കുടുംബശ്രീയെ പ്രാപ്തമാക്കിയത്.