
പരിസ്ഥിതിസൗഹൃദവും ശുചിത്വവും; വൃത്തിയുള്ള നവകേരളത്തിന്
പരിസ്ഥിതി സൗഹൃദപരമായ സമീപനത്തിലൂടെ വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും, കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനും, പൊതുജനാരോഗ്യ നിലവാരം ഉയർത്തുന്നതിനും ഈ മേഖലയിലെ പ്രവർത്തനങ്ങൾ വഴിയൊരുക്കുന്നു.
മാലിന്യ നിർമ്മാർജ്ജനത്തിനായി മാലിന്യമുക്തം നവകേരളം ക്യാംപെയിനിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഉറവിട മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തിക്കൊണ്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നത് കാര്യക്ഷമമാക്കി. ഇലക്ട്രോണിക് വേസ്റ്റുകൾ ശേഖരിക്കുകയും അതിന് പകരം പണം നൽകുകയും ചെയ്യുന്ന സംവിധാനം നടപ്പാക്കി.
വീടുകളിൽ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനായി കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഉറവിടത്തിൽ മാലിന്യം സംസ്‌കരിക്കുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവിറക്കി. ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിച്ചുകൊണ്ട് മാലിന്യത്തെ ഊർജ്ജമായും മറ്റ് ഉപയോഗപ്രദമായ ഉത്പന്നങ്ങളായും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.
കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മിഷനാണ് ഹരിത കേരളം മിഷൻ. മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി വികസനം തുടങ്ങിയ മേഖലകളിൽ ഈ മിഷൻ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായുള്ള പരിപാടികൾ സർക്കാർ നടപ്പാക്കുന്നു. സംസ്ഥാനത്ത് ഹരിതാഭ വർദ്ധിപ്പിക്കുന്നതിനായി വനവൽക്കരണ പദ്ധതികളും ജലസ്രോതസ്സുകൾ സംരക്ഷിച്ചുകൊണ്ട് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കിണറുകൾ, കുളങ്ങൾ, പുഴകൾ തുടങ്ങിയ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർബന്ധമാക്കുകയും അതുവഴി ഭൂഗർഭ ജലനിരപ്പ് ഉയർത്താനുള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തുടനീളം ജല പരിശോധന ലാബുകൾ പ്രവർത്തിക്കുന്നു.
മാലിന്യ നിർമ്മാർജ്ജനം
ഹരിത കേരളം മിഷൻ
ജലസംരക്ഷണം