ലൈഫിലൂടെ വീടായത് 5,82,172 പേര്‍ക്ക്‌

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് ലൈഫ് (ലൈവ്ലിഹുഡ് ഇൻക്ലൂഷൻ ഫിനാൻഷ്യൽ എംപവർമെന്റ്) മിഷൻ മുന്നേറുന്നു. സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം. ലൈഫ് മിഷൻ്റെ ഭാഗമായി ഇതുവരെ 5,82,172 പേർക്ക് വീട് അനുവദിച്ചു. ഇതിൽ 4,57,055 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. 1,25,117 വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

 

മുമ്പ് ഭവനനിർമ്മാണ ധനസഹായം ലഭിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമ്മാണം പൂർത്തീകരിക്കാത്ത 54,116 കുടുംബങ്ങളെയും ലൈഫ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി സഹായം നൽകി. സാധാരണ ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപയും ദുർഘട പ്രദേശങ്ങളിലെ പട്ടികവർഗക്കാർക്ക് 6 ലക്ഷം രൂപയും ലൈഫ് ധനസഹായമായി നൽകുന്നു.

 

2017-ൽ തയാറാക്കിയ ലൈഫ് പട്ടികയിലെ എല്ലാ ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളെയും പരിഗണിച്ചതിന് ശേഷം, ആദ്യ ലിസ്റ്റിൽ ഉൾപ്പെടാനാകാതെ പോയ അർഹരായവരെ കണ്ടെത്താൻ 2020-ൽ പുതിയ അപേക്ഷകൾ ക്ഷണിച്ചു. ഈ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച്, ഗ്രാമ /വാർഡ് സഭകളുടെ അംഗീകാരത്തോടെ അതത് തദ്ദേശ സ്ഥാപനങ്ങൾ ലൈഫ് മിഷന്റെ നേതൃത്വത്തിൽ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് ഗുണഭോക്താക്കൾക്ക് ധനസഹായം നൽകി തുടങ്ങുകയും ചെയ്തു.

 

ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നു. ഇതിനകം 4 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ രണ്ട് ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ഒരു ഭവന സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. ലൈഫ് മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, പങ്കാളിത്തം, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ഇതുവരെ 960 ഫ്‌ളാറ്റുകൾ ഭൂരഹിത ഭവനരഹിതർക്ക് പൂർത്തീകരിച്ച് കൈമാറി.

 

പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), അടിമാലി (ഇടുക്കി), കരിമണ്ണൂർ (ഇടുക്കി), കടമ്പൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ ലൈഫ് മിഷൻ നേരിട്ടും, തിരുവനന്തപുരം നഗരസഭയുടെ സ്പോൺസർഷിപ്പിൽ മണ്ണന്തലയിലും, എറണാകുളം ജില്ലയിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ, GCDA, കൊച്ചിൻ കോർപ്പറേഷൻ ലൈഫ് മിഷനും ചേർന്നും, മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നഗരസഭയും ലൈഫ് മിഷനും ചേർന്നും, തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തും ചേർന്നുമാണ് ഈ ഭവന സമുച്ചയങ്ങൾ യാഥാർത്ഥ്യമാക്കിയത്.

 

ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കൾക്കായി ഭൂമി കണ്ടെത്തുന്നതിനുള്ള 'മനസ്സോടിത്തിരി മണ്ണ്' എന്ന ക്യാമ്പയിൻ വലിയ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 31.61 ഏക്കർ ഭൂമി തദ്ദേശ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ 21.76 ഏക്കർ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്/ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകിക്കഴിഞ്ഞു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഭൂമി നൽകുന്ന പദ്ധതിയും ലയൺസുമായി ചേർന്ന് 100 വീടുകൾ ഉൾപ്പെടുന്ന വില്ലേജ് നിർമ്മിക്കുന്ന പദ്ധതിയും പുരോഗതിയിലാണ്.

 

ലൈഫ് പദ്ധതിക്ക് വേണ്ടിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തിരിച്ചടവ് ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിൽ എത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സർക്കാർ വഹിക്കുന്നത് അവയുടെ കടബാധ്യത കുറയ്ക്കുന്നു. ലൈഫ് മിഷൻ, വെറുമൊരു ഭവന നിർമ്മാണ പദ്ധതിയല്ല, മറിച്ച് ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നൽകി, സാമൂഹിക സമത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്.

അനുബന്ധ ലേഖനങ്ങൾ

വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ