12 ലക്ഷം വനിതകള്‍ക്ക് കരുത്ത് പകര്‍ന്ന് കേരള പൊലീസ്‌

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി.
 

ഇതുവരെ 12 ലക്ഷത്തിലധികം സ്ത്രീകൾക്ക് പദ്ധതിവഴി പരിശീലനം നൽകിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളാണ് (ബേസിക്, ഇന്റർമീഡിയേറ്റ്, അഡ്വാൻസ് ) സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. ആറ് ഭാഗങ്ങളായി തിരിച്ച് പരിശീലന പരിപാടി കേരളത്തിലെ എല്ലാ പൊലീസ് ജില്ലകളിലും വിജയകരമായി നടത്തി വരുന്നു.
 

ശാരീരികമായി എതിരെ വരുന്ന അക്രമിയെ കീഴടക്കാനുള്ള പരിശീലനം, സ്ത്രീസുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പൊലീസ് സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകുന്നത്. സ്ത്രീകളുടെ മാനസികവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 

സ്‌കൂളുകൾ, കലാലയങ്ങൾ, കുടുംബശ്രീ, വീട്ടമ്മമാർ, റസിഡൻസ് അസോസിയേഷൻ, സാംസ്‌കാരിക സംഘടനകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം നൽകി വരുന്നത്. എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. പ്രത്യേക കേന്ദ്രങ്ങളിൽ നടക്കുന്ന ഈ പരിശീലനം സൗജന്യമാണ്. പരിശീലനം ആഗ്രഹിക്കുന്നവർക്ക് 04712318188-ൽ ബന്ധപ്പെടാം.
 

ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും, സമൂഹത്തിൽ അവബോധം വളർത്തിയും, വനിതാ പോലീസ് സേനയെ ശക്തിപ്പെടുത്തിയും സ്ത്രീ സുരക്ഷയിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.