ഭൂവിവര സംവിധാനത്തിൽ വിപ്ലവം

കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. 2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി ' എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്. ഈ പദ്ധതിക്കായി 858 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഒരു സംസ്ഥാനം ഏറ്റെടുത്തുനടത്തിയ ഏറ്റവും വലിയ സർവേ പദ്ധതിയാണിത്. അഞ്ചു വർഷത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തികരിക്കുകയാണ് സർക്കാർ ലക്ഷ്യം.


ഡിജിറ്റൽ റീസർവേയിലൂടെ കൃത്യതയും സുതാര്യതയുമുള്ള ഭൂരേഖകൾ തയ്യാറാക്കാനും അതിർത്തി തർക്ക കേസുകൾക്ക് ശാശ്വതപരിഹാരം കാണാനും സാധിച്ചു. സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്ത് ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കി എന്നത് ശ്രദ്ധേയമാണ്. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ, ഭൂമി രജിസ്ട്രേഷനു മുൻപുതന്നെ അംഗീകൃത സ്‌കെച്ചും രേഖകളും ലഭ്യമാക്കുകയും അവ ആധാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതിലൂടെ ഭൂരേഖകളുടെ വിശ്വാസ്യത വർധിക്കുന്നു.


'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് എല്ലാ വില്ലേജുകളിലെയും ഡിജിറ്റൽ സർവേ റെക്കോർഡുകൾ തയ്യാറാക്കാൻ 'എന്റെ ഭൂമി' യെന്ന ബൃഹത് പദ്ധതി സർക്കാർ നടപ്പാക്കുന്നത്.


അത്യാധുനിക സർവേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി, ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി സംസ്ഥാനത്ത് മുന്നേറുന്നത്. സർവേ ജോലികൾ വേഗത്തിലാക്കാനും, സംസ്ഥാനത്തെ എല്ലാ സർവേ പ്രവർത്തനങ്ങളും ഒരു നെറ്റ് വർക്കിന് കീഴിൽ കൊണ്ടുവരാനും, കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) എന്ന നൂതന ഡിജിറ്റൽ സർവേ സാങ്കേതികവിദ്യ സ്ഥാപിക്കാൻ വകുപ്പ് മുൻകൈയെടുത്തു. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 CORS സ്റ്റേഷനുകളിൽ 27 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്. സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന നിലയ്ക്കലിലെ (പത്തനംതിട്ട) ഒരു സ്റ്റേഷന്റെ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കിവരികയാണ്. ആദ്യഘട്ട ഡിജിറ്റൽ റീസർവേയിൽ ഉൾപ്പെട്ട വില്ലേജുകളിലെ ഭൂവുടമകളുടെ വിവരങ്ങൾ വില്ലേജ് രേഖകളിൽ കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും, അല്ലാത്തപക്ഷം ആ വിവരം അറിയിക്കാനും 'എന്റെ ഭൂമി' പോർട്ടൽ വഴി സാധ്യമാണ്.


സംസ്ഥാനത്തെ ആകെ 488 വില്ലേജുകളിൽ, 312 വില്ലേജുകളിൽ ഡിജിറ്റൽ സർവേ ഫീൽഡ് ജോലികൾ പൂർത്തിയായി. 176 വില്ലേജുകളിൽ ഫീൽഡ് ജോലികൾ ദ്രുതഗതിയിലാണ്. 'എന്റെ ഭൂമി' ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതിയിലൂടെ ഇതിനകം 312 വില്ലേജുകളിലെ 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്ന് 7.31 ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തി.
ഇന്ത്യയിൽ തന്നെ ഡിജിറ്റൽ ലാൻഡ് സർവേ ആരംഭിച്ച് കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണ്. ഡിജിറ്റൽ ലാൻഡ് സർവേ മൂന്നാംഘട്ടമായതോടെ ഭൂരേഖാ സംവിധാനം ഒരു പുത്തൻ അദ്ധ്യായത്തിലാണ്. 'എന്റെ ഭൂമി' സംയോജിത പോർട്ടൽ (Integrated Land Information Management System-ILIMS) രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം കൂടിയാണ്.

അനുബന്ധ ലേഖനങ്ങൾ

കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ