മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.
വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
എൽഡർലൈൻ (ഹെൽപ്പ് ലൈൻ (TOLL FREE)): മുതിർന്ന പൗരന്മാർക്ക് അടിയന്തിര ഘട്ടങ്ങളിൽ സാഹായത്തിനായി ടോൾഫ്രീ ഹെൽപ്പ് ലൈൻ സംവിധാനമായി എൽഡർ ലൈൻ പദ്ധതി നടപ്പാക്കി.എല്ലാ സഹായങ്ങൾക്കും വിളിക്കാനായി 14567 നമ്പർ നിലവിൽ വന്നു.
മെയിന്റനൻസ് ട്രിബ്യൂണൽ: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച MWPSC Act 2007ന്റെ ഫലപ്രദമായ നിർവ്വഹണത്തിന് സഹായകമാകുന്ന വിധത്തിൽ 27 റവന്യൂ ഡിവിഷനുകളിലും മെയിന്റനൻസ് ട്രിബ്യൂണലുകൾ പ്രവർത്തിച്ചുവരുന്നു.
വയോരക്ഷ പദ്ധതി: ആരുടെയും തുണയില്ലാതെ ജീവിക്കുന്ന മുതിർന്ന പൗരൻമാർക്ക് അടിയന്തിര വൈദ്യസഹായം, പുനരധി വാസം, കെയർ ഗീവേഴ്‌സിന്റെ സേവനം, നിയമ സഹായം എന്നിവ ഉറപ്പാക്കുവാനായി വയോരക്ഷ ക്രൈസിസ് മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കി വരുന്നു.
വയോമിത്രം പദ്ധതി: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും തെരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്തുകളിലും മരുന്നു വിതരണം, ഡോക്ടർമാരുടെയും, പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനം, മാനസികോല്ലാസത്തിനുള്ള വയോജന ക്ലബ്ബ് എന്നിവ വയോമിത്രം പദ്ധതിയിലൂടെ നടന്നുവരുന്നു. സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആക്കുന്ന വയോജന വെബ് പോർട്ടലിന് തുടക്കമായി.
2nd ഇന്നിംഗ്‌സ് ഹോം പദ്ധതി: വൃദ്ധസദനങ്ങളെ ആധുനികവത്കരിച്ചുകൊണ്ട് എല്ലാ സൗകര്യവുമുള്ള വാസസ്ഥലമാക്കാൻ സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതി നടപ്പാക്കി. നിലവിൽ പ്രവർത്തിച്ചുവരുന്ന 16 വയോജന ഹോമുകളോടൊപ്പം കോട്ടയം ജില്ലയിലെ മുളക്കുളത്ത് വയോജന ഹോമും, ആലപ്പുഴയിൽ ശയ്യാവലംബികൾക്കുള്ള വയോജന ഹോമും പുതുതായി തുടങ്ങി.
ഓർമ്മത്തോണി പദ്ധതി: ഓർമ്മക്കുറവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ്, ഡിമെൻഷ്യ അവസ്ഥകളുള്ള വയോജനങ്ങൾക്കായി ഓർമ്മത്തോണി പദ്ധതി ആരംഭിച്ചു. മെമ്മറി ക്ലിനിക്കുകളിലൂടെ മരുന്നുകൾ, മെഡിക്കൽ സഹായം, മറ്റു പരിശീലനങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു.
വയോസേവന അവാർഡ് : വയോജനമേഖലയിൽ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും വയോസേവന അവാർഡുകൾക്ക് തുടക്കം കുറിച്ചു.
വയോജന ഡേറ്റാബാങ്ക്: പ്രവർത്തനസന്നദ്ധരും അനുഭവസമ്പന്നരുമായ വയോജനങ്ങളുടെ ഡേറ്റാബാങ്ക് രൂപീകരിക്കാനും അവരുടെ സംഭാവനകളെ സമൂഹത്തിന് പ്രയോജ നപ്പെടുത്താനും കഴിയുന്ന റിസോഴ്‌സ് സെന്റർ ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചു.
വയോ അമൃതം പദ്ധതി: സർക്കാർ വയോജന ഹോമുകളിലെ അന്തേവാസികൾക്ക് ഭാരതിയ സമ്പ്രദായത്തിൽ ചികിത്സയ്ക്ക് മന്ദഹാസം പദ്ധതി കൃത്രിമ ദന്തങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് സഹായം ലഭ്യമാക്കുന്ന പദ്ധതി.
ഇത്തരത്തിൽ നിരവധി കർമ്മപദ്ധതികളിലൂടെ വയോജനങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഉറപ്പാക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.