
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
ഗാർഹിക ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ സബ്സിഡിയോടെ പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അവസരമൊരുക്കിയ സൗര പദ്ധതിയിലൂടെ നിരവധി വീടുകളിലാണ് പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കപ്പെട്ടത്. ഇതിനൊപ്പം പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പൂർണമായും സൗജന്യമായി പുരപ്പുറ സോളാർനിലയം സ്ഥാപിച്ചുനൽകുന്ന ഹരിത ഊർജ്ജ വരുമാനപദ്ധതിയും വിജയകരമായി നടപ്പാക്കുന്നു.
2022ൽ ആരംഭിച്ച പദ്ധതി കൂടുതൽ വിപുലപ്പെടുത്തി ഒരു ലക്ഷം വീടുകളിലേക്ക് വ്യാപിക്കാനൊരുങ്ങുകയാണ് വൈദ്യുതി വകുപ്പ്. ലൈഫ് മിഷൻ വഴിയും പുനർഗേഹം വഴിയും നിർമ്മിച്ചതും പട്ടികജാതി-പട്ടികവർഗ വകുപ്പ് നിർമ്മിച്ചു നൽകിയതുമായ വീടുകളിലാണ് സൗജന്യ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. അനർട്ട് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന വീടുകളിൽ പുരപ്പുറ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതിയും വരുമാനവും കണ്ടെത്തുന്നതാണ് ഹരിത ഊർജ്ജ വരുമാന പദ്ധതി. വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനൊപ്പം അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയിലേക്ക് നൽകി വരുമാനം നേടാനും ഗുണഭോക്താക്കൾക്ക് സാധിക്കുന്നു. 2,3 കിലോവാട്ട് ശേഷിയുള്ള പ്ലാന്റാണ് പദ്ധതി വഴി സ്ഥാപിക്കുന്നത്. ഇതിനകം 1700 ഓളം വീടുകളിൽ സൗജന്യ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞു.
പദ്ധതിയിലൂടെ ലഭിക്കുന്ന സൗരോർജ്ജ വൈദ്യുതി പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സൗജന്യ ഇൻഡക്ഷൻ സ്റ്റൗ വിതരണം ചെയ്യുന്ന സ്മാർട്ട് കിച്ചൺ പദ്ധതിയും ഇതിനോടനുബന്ധിച്ച് സർക്കാർ നടപ്പാക്കി. ഇതിലൂടെ പാചക ഇന്ധനത്തിനുള്ള ചെലവു കുറഞ്ഞതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഏറെ സഹായകമായി.
1,30,000 ലേറെ രൂച ചെലവിട്ടാണ് ഹരിത ഊർജ്ജ വരുമാന പദ്ധതിയിലെ ഓരോ സോളാർ പ്ലാന്റും പൂർത്തിയാക്കിയത്. സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയ സംസ്ഥാനത്ത് സോളാർ പ്ലാന്റുകളും വ്യാപകമാക്കുന്നതിലൂടെ ഊർജ്ജക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുകയാണ് സർക്കാർ.