കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം

കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം. യുവ കായികതാരങ്ങളെ വാർത്തെടുക്കുകയും, അവരെ പ്രൊഫഷണൽ കായികരംഗത്തേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് കോളേജ് സ്‌പോർട്സ് ലീഗിനുള്ളത്. കേരളം രൂപീകരിച്ച പുതിയ കായികനയത്തിൻ്റെ ഭാഗമായാണ് വിപ്ലവകരമായ പദ്ധതി നടപ്പാക്കുന്നത്.


ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സിൻ്റെയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ കോളേജ് സ്‌പോർട്‌സ് ലീഗിൻ്റെ ആദ്യ സീസൺ 2025 ജൂലൈ 18-ന് ആരംഭിച്ചു. കലിക്കറ്റ് സർവകലാശാലയിൽ ഫുട്‌ബോൾ മത്സരങ്ങളോടെയാണ് ലീഗിന് ഔദ്യോഗിക തുടക്കമായത്. വരും വർഷങ്ങളിൽ അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോൾ അടക്കമുള്ള കൂടുതൽ കായിക ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. സോണൽ തലത്തിലും സംസ്ഥാന തലത്തിലുമായിട്ടായിരിക്കും മത്സരങ്ങൾ. അതത് ഇനങ്ങളിൽ മികവ് കാണിക്കുന്ന കോളേജുകളെയാണ് ലീഗിൽ പങ്കെടുപ്പിക്കുന്നത്. ഓരോ കോളേജിനെയും മികച്ച സ്‌പോർട്‌സ് ഹബ്ബാക്കി വളർത്താനും ലീഗ് ലക്ഷ്യമിടുന്നു.


സ്‌പോർട്‌സ് ലീഗിനായി എല്ലാ കോളേജുകളിലും പ്രത്യേക സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഈ കൗൺസിലുകൾക്കായിരിക്കും ലീഗുകളുടെ പൂർണ നിയന്ത്രണം. ലീഗിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പൻഡുകൾ, പെർഫോമൻസ് ബോണസുകൾ, സ്‌കോളർഷിപ്പുകൾ തുടങ്ങിയ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. കോളേജ് സ്‌പോർട്‌സ് രംഗത്തെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും അതിലൂടെ ആയിരക്കണക്കിന് തൊഴിലുകൾ സൃഷ്ടിക്കാനും സി.എസ്.എല്ലിന് സാധിക്കും. സ്‌പോൺസർഷിപ്പിലൂടെയും സിഎസ്ആർ വഴിയുമെല്ലാമാണ് ലീഗ് നടത്തിപ്പിന് തുക കണ്ടെത്തുന്നത്. സി.എസ്.എല്ലിൻ്റെ ഭാഗമായി സ്‌പോർട്‌സ് അനുബന്ധ കോഴ്‌സുകളെയും സ്‌പോർട്‌സ് സ്റ്റാർട്ട്അപ്പുകളെയും പ്രോത്സാഹിപ്പിക്കും. യു.എസ് പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്‌പോർട്‌സ് ലീഗുകളുടെ മാതൃകയിലാണ് മത്സരങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. കോളേജുകളിലെ കായിക വികസനത്തിനുള്ള ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


സംസ്ഥാനത്ത് ഊർജ്ജസ്വലവും സുസ്ഥിരവുമായ കായിക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനായി 'എല്ലാവർക്കും സ്‌പോർട്‌സ്' എന്ന ആശയം മുന്നോട്ട് വെച്ച് പുതിയ കായികനയം നടപ്പാക്കിയിരുന്നു. 'കായികം എല്ലാവർക്കും', 'കായിക രംഗത്തെ മികവ്' എന്നീ അടിസ്ഥാന പ്രമേയങ്ങളിൽ നിന്നാണ് നയം രൂപീകരിച്ചിരിക്കുന്നത്. കായികപ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും അന്തർദേശീയ തലത്തിൽ കായികമികവ് ഉറപ്പാക്കുന്നതിലും ഊന്നൽ നൽകുന്ന നയം ക്രിയാത്മകമായ ഒരു കായിക സമ്പദ്ഘടനക്കുള്ള അടിത്തറയാണ്. കമ്യൂണിറ്റി സ്‌പോർട്‌സ്, കായിക വിനോദസഞ്ചാരം, ഇ-സ്‌പോർട്‌സ്, കായിക വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ സംവിധാനങ്ങൾ തുടങ്ങി സമഗ്രവും സന്തുലിതവുമായ ഒരു കായിക ആവാസവ്യവസ്ഥയാണ് വിഭാവനം ചെയ്യുന്നത്.


കോളേജ് സ്‌പോർട്സ് ലീഗ് രാജ്യത്ത് തന്നെ മാതൃകയായ ഒരു കായിക പാഠ്യപദ്ധതിയാണ്. യുവജനങ്ങളുടെ കഴിവുകളെ കണ്ടെത്തി വളർത്തുകയും, അവരുടെ ഭാവിയെ ഒരു സ്പോർട്സ് കരിയറിലേക്കും ദിശയിലേക്കും നയിക്കുകയും ചെയ്യുന്ന ഈ സംരംഭം, വിദ്യാഭ്യാസത്തിനൊപ്പം കായിക വളർച്ചക്കും ഒരേപോലെ പ്രാധാന്യം നൽകുന്നു. ആരോഗ്യകരമായ ഒരു കായിക സംസ്‌കാരം വളർത്തുന്നതിനും, തൊഴിൽ സാധ്യതകളും സാമ്പത്തികാവസരങ്ങളും വികസിപ്പിക്കുന്നതിനും ഈ പദ്ധതി വഴിതെളിക്കും.

അനുബന്ധ ലേഖനങ്ങൾ

വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ
കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ