
സർക്കാരിന്റെ സാമൂഹ്യക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കൈവരിച്ച മുന്നേറ്റം. നീതി ആയോഗ് 2023-ൽ പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം 0.55% മാത്രമാണ് ഇന്ന് ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്നത്. 2022-ൽ ഇത് 0.71% ആയിരുന്നിടത്ത് നിന്നുള്ള ഈ മാറ്റം ദാരിദ്ര്യം ലഘൂകരിക്കുന്നതിൽ സർക്കാർ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി എടുത്തു കാണിക്കുന്നു. രാജ്യത്ത് തന്നെ ദാരിദ്ര്യമില്ലാത്ത ഏക ജില്ലയായി എറണാകുളം മാറിയതും ഈ രംഗത്തെ കേരളത്തിന്റെ മികവിന് ഉദാഹരണമാണ്.
അതിദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് ഈ സർക്കാർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്ക് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അംഗീകാരം നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും വാർഡ്/ഡിവിഷൻ തലങ്ങളിലും ജനകീയ പങ്കാളിത്തത്തിലൂടെ 1,03,099 വ്യക്തികൾ ഉൾപ്പെടുന്ന 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി പട്ടിക തയ്യാറാക്കി. ഓരോ കുടുംബത്തിന്റെയും ക്ലേശ ഘടകങ്ങൾ മനസ്സിലാക്കി, ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പരിപാടികളായി തരംതിരിച്ച് സൂക്ഷ്മമായ പദ്ധതികൾ ആവിഷ്‌കരിച്ചു.
ഈ സമഗ്രമായ സമീപനത്തിന്റെ ഫലമായി, ആദ്യഘട്ടത്തിൽ 30,658 കുടുംബങ്ങളെയും (47.89%), 2025 മെയ് 23ന് 51,417 കുടുംബങ്ങളെയും (80.33%) അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. 2025 നവംബറോടെ സംസ്ഥാനത്ത് അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് യാഥാർത്ഥ്യമാകുന്നതോടെ, 'ദാരിദ്ര്യ നിർമ്മാർജ്ജനം', 'പട്ടിണിയില്ലാതാക്കൽ' എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെടും.
ആരോഗ്യത്തോടൊപ്പം വിദ്യാഭ്യാസം, ജീവിത നിലവാരം, പാർപ്പിടം, പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതി ലഭ്യത തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ച് തയ്യാറാക്കുന്ന ദാരിദ്ര്യ സൂചികയിലും കേരളം മുൻപന്തിയിലാണ്. ജനങ്ങളോടൊപ്പം അടിയുറച്ചുനിൽക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രതിബദ്ധതയ്ക്കുള്ള വ്യക്തമായ അംഗീകാരം കൂടിയാണ് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന ഈ നേട്ടം.