
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
സംസ്ഥാനത്തുടനീളം കാത്ത് ലാബ് സൗകര്യങ്ങൾ വ്യാപിപ്പിച്ചതിലൂടെ ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിൽ ന്യൂറോ കാത്ത് ലാബ് ഉൾപ്പെടെയുള്ള സമഗ്ര സ്‌ട്രോക്ക് സെന്റർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. ന്യൂറോ ഇന്റർവെൻഷനിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചത് ഈ രംഗത്തെ വിദഗ്ധരുടെ എണ്ണം വർദ്ധിപ്പിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗം കേന്ദ്രത്തിന്റെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തപ്പെട്ടു. എസ്.എ.ടി. ആശുപത്രി അപൂർവ രോഗങ്ങളുടെ ചികിത്സാ മികവിന്റെ കേന്ദ്രമായി അംഗീകരിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളേജും ദന്തൽ കോളേജും ദേശീയ റാങ്കിംഗിൽ ഇടം നേടിയത് ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ വളർച്ചയുടെ സാക്ഷ്യപത്രമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ ഇന്റർവെൻഷൻ സെന്റർ രാജ്യത്തെ തന്നെ മികച്ച സ്ഥാപനമായി വളർന്നു.
ഇന്ത്യയിൽ ആദ്യമായി 'വൺ ഹെൽത്ത്' പദ്ധതി നടപ്പിലാക്കിയത് മൃഗങ്ങൾ, മനുഷ്യർ, പരിസ്ഥിതി എന്നിവയുടെ ആരോഗ്യം ഒരുപോലെ പരിഗണിച്ച് രോഗങ്ങളെ പ്രതിരോധിക്കാനുള്ള സമഗ്രമായ കാഴ്ചപ്പാടാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് പകർച്ചവ്യാധി പ്രതിരോധ രംഗത്ത് നിർണായക പങ്ക് വഹിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാധുനിക ന്യൂറോ കാത്ത്‌ലാബ്, സ്‌കിൻ ബാങ്ക് എന്നിവ ചികിത്സാ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ മികച്ച ഉദാഹരണങ്ങളാണ്. രോഗനിർണയം എളുപ്പമാക്കാൻ 'ഹബ് ആൻഡ് സ്‌പോക്ക്' മോഡൽ ലാബ് നെറ്റ്വർക്ക് യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. പകർച്ചവ്യാധികളെയും പകർച്ചേതര വ്യാധികളെയും പ്രതിരോധിക്കാൻ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (കേരള സിഡിസി) ഉടൻ യാഥാർത്ഥ്യമാകും. രക്തബാങ്കുകളുടെ സുതാര്യത ഉറപ്പാക്കാൻ അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി.
എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ നൂതന ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് ആരംഭിച്ചു. സർക്കാർ മേഖലയിലെ ആദ്യത്തെ എസ്.എം.എ ക്ലിനിക് എസ്.എ.ടി ആശുപത്രിയിൽ ആരംഭിച്ചത് ഈ രോഗം ബാധിച്ച കുട്ടികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കും. ജീവിതശൈലീ രോഗമായ ഫാറ്റി ലിവർ നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിച്ചു. ക്രിട്ടിക്കൽ കെയർ, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്‌ട്രോ, ഫീറ്റൽ മെഡിസിൻ തുടങ്ങിയ പുതിയ വിഭാഗങ്ങൾ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ചത് വിദഗ്ധ ചികിത്സ കൂടുതൽ പേരിലേക്ക് എത്തിക്കും.
കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കിയത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ വലിയ നേട്ടമാണ്. ചരിത്രത്തിലാദ്യമായി സർക്കാർ മേഖലയിൽ 1020 പുതിയ ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ അനുവദിച്ചു.
കോവിഡിനോടൊപ്പം നിപ, മങ്കിപോക്സ്, സിക തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ കരുത്ത് തെളിയിച്ചു. അപൂർവ രോഗ പരിചരണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'കെയർ' പദ്ധതി ഈ രംഗത്ത് ഒരു നിർണ്ണായക ചുവടുവയ്പ്പാണ്.
ചികിത്സാ രംഗത്ത് നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. റോബോട്ടിക് സർജറി, ജി ഗൈറ്റർ, ബ്ലഡ് ബാഗ് ട്രീസബിലിറ്റി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. കാൻസർ ചികിത്സയിൽ റോബോട്ടിക് സർജറി സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർ.സി.സിയിലും എം.സി.സി.യിലും ആരംഭിച്ചു. ആർസിസിയിൽ പീഡിയാട്രിക് റോബോട്ടിക് സർജറിയും ആരംഭിച്ചു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ലോകോത്തര ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ നൽകുന്ന ജി ഗൈറ്റർ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി മാറി. കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാവുകയാണ്. ഇത് ആയുർവേദ ഗവേഷണ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. സമഗ്ര പാലിയേറ്റീവ് പരിചരണത്തിനായി കേരള കെയർ പാലിയേറ്റീവ് കെയർ ഗ്രിഡ് സ്ഥാപിച്ചത് ഈ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അപൂർവ രോഗങ്ങൾക്കുള്ള സൗജന്യ മരുന്ന് വിതരണവും യാഥാർത്ഥ്യമാക്കി. 2 പുതിയ മെഡിക്കൽ കോളേജുകളും സർക്കാർ, സർക്കാർ അനുബന്ധ മേഖലയിൽ 15 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. മെഡിക്കൽ, നഴ്സിംഗ് സീറ്റുകളിൽ വലിയ വർദ്ധനവ് വരുത്തി. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്.