
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു. 1452 തസ്തികകൾ ഭിന്നശേഷി നിയമനത്തിന് അനുയോജ്യമായി കണ്ടെത്തി. കാഴ്ചപരിമിതർക്കുള്ള കാഴ്ച പദ്ധതി, ശ്രവണ സഹായികൾ നൽകുന്ന ശ്രവണ പദ്ധതി, ഇലക്ട്രോണിക് വീൽചെയർ നൽകുന്ന ശുഭയാത്ര പദ്ധതി എന്നിവ മികച്ച രീതിയിൽ മുന്നേറുന്നു. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിൽ 24,494 ഗുണഭോക്താക്കൾക്കായി 17.33 കോടി രൂപ അനുവദിച്ചു.
ഭിന്നശേഷി പുനരധിവാസ ശാക്തീകരണ പ്രവർനങ്ങളിൽ നിഷും നിപ്മറും ദേശീയ ശ്രദ്ധ നേടിയ മികവിന്റെ കേന്ദ്രങ്ങളായി. സാമൂഹ്യ പുനരധിവാസ പദ്ധതിയായ അനുയാത്ര പദ്ധതിയുടെ ഭാഗമായി കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിൽ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരുടെ തൊഴിലധിഷ്ഠിത പുനരധിവാസവും ഉന്നമനവും ഉറപ്പു വരുത്തുന്നതിനുളള സമഗ്ര പദ്ധതിയായ ''അതിജീവനം' പദ്ധതി വഴി 4.24 കോടി രൂപ ചിലവഴിച്ചു.
ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബലിറ്റീസ് പദ്ധതിയുടെ ഭാഗമായി റിഥം ആർട്ട് രൂപീകരിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യുക്കേഷൻ ആൻഡ് എംപവർമെന്റ് ഫോർ ദ ഡിസേബിൾഡ് പദ്ധതി ആരംഭിച്ചു. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് സംസ്ഥാനത്ത് മൂന്ന് സംയോജിത പുനരധിവാസ ഗ്രാമങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി കാസർഗോഡ് മൂളിയാർ വില്ലേജിൽ സഹജീവനം സ്‌നേഹഗ്രാമത്തിന്റെ ഒന്നാംഘട്ടം പ്രവർത്തനമാരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരെ വസിപ്പിക്കുന്ന റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് 17.69 കോടി രൂപയുടെ ധനസഹായം.ബുദ്ധിവികാസ പരിമിതിയുള്ളവർക്കായി ഡിസബിലിറ്റി ക്ലിനിക്കുകൾ സ്ഥാപിക്കുന്ന പദ്ധതിക്കായി 3.45 കോടി രൂപ നൽകി. അടിസ്ഥാന സൗകര്യങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും, പുനരധിവാസ പ്രവർത്തനങ്ങൾക്കും സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നു.