
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു. 1,27,412 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഈ സർക്കാരിന്റെ കാലത്തുതന്നെ ആറര ലക്ഷത്തോളം പേർക്ക് വീടൊരുക്കുകയാണ് ലക്ഷ്യം. ഗുണഭോക്തൃ പട്ടികയിലെ പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്കും അതിദരിദ്രരുടെ സർവേയിലൂടെ കണ്ടെത്തിയ വീട് വേണ്ടവർക്കും ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യതയനുസരിച്ച് പൊതുവിഭാഗത്തിൽപ്പെട്ടവർക്കും ധനസഹായം അനുവദിക്കുന്നതിനും സർക്കാർ നിർദേശം നൽകി.
ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ മുഖേന നിർമ്മാണമാരംഭിച്ച ഭവനസമുച്ചയങ്ങളിൽ നാല് ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 21 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 31.61 ഏക്കർ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇക്കാലയളവിൽ വേലിയേറ്റ രേഖയിൽനിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ 2450 കോടിരൂപയുടെ പുനർഗേഹം പദ്ധതി നടപ്പിലാക്കി. 5338 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. മുട്ടത്തറ, കാരോട്, ബീമാപ്പള്ളി, പൊന്നാനി എന്നിവിടങ്ങളിലായി 56 കോടി രൂപ ചെലവിൽ 468 ഫ്‌ളാറ്റുകൾ നിർമ്മിച്ചുനൽകി. 3561 ഭവനങ്ങൾക്ക് വകുപ്പ് വഴിയും 3547 ഭവനങ്ങൾക്ക് ലൈഫ് മിഷൻ വഴിയും ധനസഹായവും നൽകി.