
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്. അക്കാദമിക് നിലവാരം ഉയർത്തുന്നതിനും തൊഴിൽ സാധ്യത ഉറപ്പാക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള ഈ മാറ്റങ്ങൾ, കേരളത്തെ യുവജനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റിക്കഴിഞ്ഞു.
കിഫ്ബി, റൂസ, സർക്കാർ പ്ലാൻ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിലെ കലാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെടുത്തി. ഇത് വഴി സ്മാർട്ട് ക്ലാസ്മുറികൾ, ആധുനിക ലബോറട്ടറികൾ, നവീകരിച്ച ലൈബ്രറികൾ, അക്കാദമിക് ബ്ലോക്കുകൾ എന്നിവ എല്ലാ കോളേജുകളിലും യാഥാർത്ഥ്യമായി. ഈ ഭൗതിക മാറ്റങ്ങൾ അക്കാദമിക മികവിനും പഠന നിലവാരം ഉയർത്തുന്നതിനും സഹായകമായി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയൊരു മുന്നേറ്റമാണ് നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പാക്കിയതിലൂടെ സർക്കാർ സാധ്യമാക്കിയത്. 2024 ജൂലൈ ഒന്നിന് കേരളത്തിലെ 8 സർവകലാശാലാ കാമ്പസുകളിലും 900-ൽ അധികം കോളേജുകളിലുമായി ഈ പദ്ധതി ആരംഭിച്ചു. തൊഴിൽപരമായ നൈപുണ്യ വിടവ് നികത്തുന്നതിനായി ഹ്രസ്വകാല കോഴ്‌സുകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി ഉടൻ ആരംഭിക്കും. അക്കാദമിക ഉള്ളടക്കം, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ എന്നിവ പരിഗണിച്ച്, കോഴ്‌സുകളും സിലബസുകളും കൂടുതൽ വിദ്യാർത്ഥി സൗഹൃദപരമാക്കി.
നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അന്തർ സർവകലാശാലാ-കോളേജ് മാറ്റം, മേജർ-മൈനർ വിഷയങ്ങളിൽ മാറ്റം എന്നിവ അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ പഠന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനും, ഇഷ്ടപ്പെട്ട സ്ഥാപനങ്ങളിൽ പഠിക്കാനും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും കേരളത്തിലെ സർവകലാശാലകളിൽ മൂന്നാം സെമസ്റ്റർ മുതൽ പഠിക്കാൻ സാധിക്കും.
ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കിയത് പഠനം, പരീക്ഷ, മൂല്യനിർണയം എന്നിവ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സഹായിക്കുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിച്ച സെന്റർ ഓഫ് എക്‌സലൻസ് വഴി കോളേജ് അധ്യാപകർക്ക് തുടർച്ചയായ പരിശീലനം നൽകി അവരുടെ അക്കാദമിക് നിലവാരം ഉയർത്തുന്നു.
ലഹരി ഉപയോഗത്തിനെതിരെ 'ആസാദ്' (Agents for Social Awareness Against Drugs) പോലുള്ള ക്യാമ്പസ് പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്.