
കേരളത്തിന്റെ തനതായ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ഒരു ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. നവലിബറൽ നയങ്ങളുടെ സ്വാധീനത്തിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന കച്ചവടവൽക്കരണവും മറ്റ് പ്രശ്‌നങ്ങളും പരിഹരിച്ച്, പൊതുവിദ്യാഭ്യാസത്തെ വീണ്ടും മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനമായ മതനിരപേക്ഷ, ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്നത് ഈ പദ്ധതിയുടെ പ്രധാന ദൗത്യമാണ്.
ഭൗതികമായ മാറ്റങ്ങൾ, അക്കാദമികമായ മാറ്റങ്ങൾ, ഭരണപരമായ മാറ്റങ്ങൾ,സാംസ്‌കാരികമായ മാറ്റങ്ങൾ എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി സാധ്യമാക്കുന്നത്. 1000 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റുക, അക്കാദമിക മികവിന് ഊന്നൽ നൽകി സ്‌കൂളുകളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക, എൽ.പി, യു.പി ക്ലാസുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തുക, ഭരണനിർവഹണത്തിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുക, സ്‌കൂളുകളെ സാംസ്‌കാരിക കേന്ദ്രങ്ങളായി മാറ്റുക.
2016 മുതൽ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഫ്ബി വഴി മൊത്തം 1427 കോടി രൂപ നിക്ഷേപിച്ചു. ഇതുവരെ 5 കോടി രൂപ വിലമതിക്കുന്ന 141 സ്‌കൂൾ കെട്ടിടങ്ങൾ അനുവദിച്ചു. ഇതിൽ 139 എണ്ണം ഇതിനോടകം പൂർത്തിയായി. 3 കോടി രൂപ വിലമതിക്കുന്ന 386 കെട്ടിടങ്ങൾ അനുവദിച്ചതിൽ 179 എണ്ണവും ഒരു കോടി രൂപ വിലമതിപ്പുള്ള 446 കെട്ടിടങ്ങൾക്ക് അനുമതി ലഭിച്ചതിൽ 195 എണ്ണവും പൂർത്തിയായി. ആകെ 973 സ്‌കൂള് കെട്ടിടങ്ങളിൽ 513 എണ്ണം ഇതിനോടകം പൂർത്തിയായി. സാങ്കേതിവിദ്യാ സൗഹൃദ ക്ലാസ്മുറികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി 50000ൽ അധികം ക്ലാസ് മുറികൾ ഹൈടെക്കാക്കി. സ്‌കൂളുകളിൽ ട്വിങ്കറിംഗ് ലാബുകൾ, റോബോട്ടിക് ലാബ് തുടങ്ങിയ സജ്ജീകരിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
ഒരു ദശാബ്ദത്തിനു ശേഷം പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കാൻ സർക്കാരിനു സാധിച്ചു. 2024-25 അധ്യയന വർഷത്തിൽ 1,3,5,7,9 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ പുറത്തിറക്കി. ഇതിന്റെ തുടർച്ചയായി 2025-26 വർഷത്തിൽ 2,4,6,8,10 ക്ലാസുകളിലെയും പാഠപുസ്തകങ്ങളും പരിഷ്‌കരണത്തിന് തയാറായി. ഹയർസെക്കന്ററി പാഠപുസ്തകങ്ങളും പരിഷ്‌കരിക്കാൻ തീരുമാനിച്ചു. 2023-24 മുതലുള്ള എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സബ്ജക്ട് മിനിമം പദ്ധതി നടപ്പിലാക്കി. അധ്യായന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്‌കൂളുകളിൽ 3.8 കോടി പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന കാഴ്ചപ്പാടോടെ, സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സമഗ്രമായ ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.