
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വെല്ലുവിളിയാകാതിരിക്കാൻ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ക്ഷേമനിധിയിൽ തുടർച്ചയായി രണ്ട് വർഷം അംശദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കും. ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് ശേഷമുള്ള റെഗുലർ കോഴ്‌സുകൾക്കാണ് നിലവിൽ ഈ ആനുകൂല്യം നൽകി വരുന്നത്. 2021 മെയ് മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ 659 പ്രവാസി കുടുംബങ്ങൾക്ക് 15.51 ലക്ഷം രൂപ വിദ്യാഭ്യാസ സഹായമായി അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് ഫിഷറീസ് വകുപ്പ് നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ഇത് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടുന്ന മത്സ്യത്തൊഴിലാളി മക്കൾക്ക് പ്രത്യേക സ്‌കോളർഷിപ്പുകൾ നൽകുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിദ്യാതീരം പദ്ധതിയിലുൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ്, സിവിൽ സർവീസ്, മെഡിക്കൽ എൻട്രൻസ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. ഒരു വർഷത്തെ പരിശീലനത്തിനാണ് സർക്കാർ ധനസഹായം നൽകുക.
മെഡിസിൻ, എൻജിനീയറിങ്, മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും ഫീസിളവുകളും നൽകുന്നു. വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലന ക്ലാസ്സുകളും സഹായങ്ങളും നൽകി വരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മുടക്കമില്ലാതെ തുടരുന്നതിനും, മികച്ച തൊഴിൽ നേടുന്നതിനും സഹായകമാകുന്നു.