
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 25.17 ലക്ഷം ആളുകൾക്ക് 7036 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചു. ഇതിൽ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) വഴി 24.06 ലക്ഷം പേർക്കായി 6523 കോടി രൂപയുടെ ചികിത്സാ സഹായം നൽകി. കൂടാതെ, കാരുണ്യ ബെനവലന്റ് ഫണ്ട് വഴി 64,075 പേർക്ക് 492 കോടി രൂപയുടെ സൗജന്യ ചികിത്സയും ലഭ്യമാക്കി.
ഒരു ലക്ഷം രൂപയിലധികം വില വരുന്ന മരുന്നുകൾ സൗജന്യമായി നൽകി അപൂർവ രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സർക്കാർ കൈത്താങ്ങായി. ക്യാൻസർ ചികിത്സക്ക് പ്രത്യേക ഊന്നൽ നൽകി കാൻസർ മരുന്നുകൾക്ക് മൂന്നിരട്ടി തുക അനുവദിച്ചു. 'ആരോഗ്യം ആനന്ദം - അകറ്റാം അർബുദം' എന്ന പേരിൽ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിക്കുകയും 'കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ് കൗണ്ടറുകൾ' വഴി കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുകയും ചെയ്തു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഈ പദ്ധതികൾ വഴി 1400 കോടി രൂപയാണ് ക്യാൻസർ ചികിത്സക്കായി അനുവദിച്ചത്.
കേരള സ്റ്റേറ്റ് സപ്ലൈസ് കോർപ്പറേഷൻ (KSSCL) വഴി നാല് വർഷം കൊണ്ട് 3300 കോടിയിലധികം രൂപയുടെ സൗജന്യ മരുന്നുകൾ വിതരണം ചെയ്തു. 854 ഇനം മരുന്നുകൾ 1847 ആശുപത്രികൾ വഴി ലഭ്യമാക്കുന്നു. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും മരുന്ന് വിതരണം നടത്താൻ തയ്യാറായി കഴിഞ്ഞു. നിഷുമായി സഹകരിച്ച് സൗജന്യ നിരക്കിൽ ശ്രവണസഹായ ഉപാധികൾ നൽകാനും പദ്ധതി ആരംഭിച്ചു. ഈ പദ്ധതികൾ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നു.