ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം

ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
 

കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ 86 ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്തെ അത്യാധുനിക സൗകര്യങ്ങളുള്ള എസ്.ആർ.ഐ (സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി) സ്റ്റേറ്റ് ലാബും, 14 ജില്ലാ ലാബുകളും, 71 ഉപജില്ലാ ലാബുകളും ഉൾപ്പെടുന്നു. മൈക്രോബയോളജി മാനദണ്ഡങ്ങൾ പരിശോധിക്കാനായി റാന്നിയിൽ ഒരു സബ് ജില്ലാ ലാബും പ്രത്യേകം പ്രവർത്തിച്ചുവരുന്നു.
 

എല്ലാ ലാബുകളിലും IS 3025 അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് നടക്കുന്നത്. ജില്ലാ ലാബുകളിൽ 17 മുതൽ 25 വരെ പാരാമീറ്ററുകൾ പരിശോധിക്കാൻ സൗകര്യമുണ്ട്. ഉപജില്ലാ ലാബുകളിൽ കുറഞ്ഞത് 10 പാരാമീറ്ററുകളാണ് പരിശോധിക്കുന്നത്. എറണാകുളത്തെ എസ്.ആർ.ഐയിൽ ഘനലോഹ സാന്നിധ്യം ഉൾപ്പെടെ 33 പാരാമീറ്ററുകളും കീടനാശിനി സാന്നിധ്യവും പരിശോധിക്കാനാകും. ഓരോ പരിശോധനയ്ക്കും 3 മുതൽ 5 ദിവസം വരെയാണ് സാധാരണയായി വേണ്ടിവരുന്ന സമയം. ജില്ല ലാബുകളിൽ പരിശോധിക്കുന്ന സാമ്പിളുകളിൽ നിന്നും 5% സാമ്പിളുകൾ രാസ ഭൗതിക ഗുണനിലവാരം അറിയുന്നതിനുള്ള ക്രോസ് ചെക്കിങ്ങും നടത്തുന്നുണ്ട്.
 

പൊതുജനങ്ങൾക്ക് ജലഗുണനിലവാര പരിശോധനാ നടപടികൾ ഓൺലൈൻ വഴി നിർവഹിക്കാനുള്ള സൗകര്യം ജല അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. qpay.kwa.kerala.gov.in എന്ന വെബ്‌സൈറ്റിൽ പണമടച്ച്, കുടിവെള്ള സാമ്പിൾ അതത് ലാബുകളിൽ എത്തിച്ചാൽ, ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവിധ പരിശോധനകൾക്കുള്ള ഗാർഹിക നിരക്കുകൾ 50 രൂപ മുതൽ 250 രൂപ വരെയും, ഗാർഹികേതര നിരക്കുകൾ 100 രൂപ മുതൽ 500 രൂപ വരെയുമാണ്. മൂന്നോ അതിൽ കുറവോ പാരാമീറ്ററുകളാണ് പരിശോധിക്കുന്നതെങ്കിൽ 100 രൂപ അധികമായി ഈടാക്കും. ഇരുവിഭാഗത്തിലും പരിശോധനകളുടെ പാക്കേജുകളും ലഭ്യമാണ്. വിശദമായ നിരക്കുകൾക്ക്: kwa.kerala.gov.in/en/quality-testing/
 

രാസ-ഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച 2 ലിറ്റർ വെള്ളവും, ബാക്ടീരിയ പരിശോധനയ്ക്കായി അണുവിമുക്ത ബോട്ടിലിൽ 100 മില്ലിലിറ്റർ വെള്ളവുമാണ് സാമ്പിളായി എത്തിക്കേണ്ടത്. വിവിധ ജില്ലകളിലെ ലാബുകളുടെ ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ kwa.kerala.gov.in/en/water-testing ൽ അറിയാം.
 

ഗുണനിലവാരം ഇല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ അതത് വ്യക്തികളെയോ, അധികാരികളെയോ ബോധ്യപ്പെടുത്തി പ്രതിവിധി നിർദേശിക്കും. ഗ്രാമീണ മേഖലകളിൽ നടത്തുന്ന പരിശോധനാ ഫലങ്ങൾ ejalshakti.gov.in/WQMIS/ പോർട്ടലിൽ രേഖപ്പെടുത്തുകയും പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യും.
 

ഭാവിതലമുറയെ ശുദ്ധജലത്തിന്റെ പ്രാധാന്യം പഠിപ്പിക്കാനും അടിസ്ഥാന പരിശോധനകൾ നടത്താനും ലക്ഷ്യമിട്ട്, സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രാഥമിക ജലഗുണനിലവാര പരിശോധനകൾക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. നവകേരളം കർമ്മ പദ്ധതി - 2 ൽ ഉൾപ്പെടുത്തി ഇതിനായി 5.19 കോടി രൂപ വിനിയോഗിച്ചു. 313 സ്‌കൂളുകളിൽ ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കാനുള്ള ഭരണാനുമതി പ്രകാരം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ 130 സ്‌കൂളുകളിൽ പദ്ധതി പൂർത്തീകരിച്ചു. 157 സ്‌കൂളുകളിൽ പ്രവൃത്തികൾ പുരോഗമിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് കുടിവെള്ളത്തിൻ്റെ ശുദ്ധി ഉറപ്പാക്കാനുള്ള മികച്ച ഇടപെടലാണ് ജലഗുണനിലവാര പരിശോധനാ ശൃംഖല.

അനുബന്ധ ലേഖനങ്ങൾ

നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ദേവസ്വം വികസനത്തിനും ആധുനീകരണത്തിനും മികവാര്‍ന്ന ഇടപെടല്‍
2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ