വികസനത്തിന്റെ മുഖമായി വിഴിഞ്ഞം

ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
 

മുൻകരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ച് 15-ാം വർഷം മുതലാണ് സംസ്ഥാനത്തിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. കരാറിൽനിന്ന് പിന്മാറിയാൽ സർക്കാരിന് വൻ നഷ്ടപരിഹാരം നൽകേണ്ട, 2045ൽ മാത്രം അന്തിമഘട്ടം പൂർത്തിയാക്കേണ്ട ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയതോടെ സപ്ലിമെന്ററി കരാറിലൂടെ 2028ൽ തന്നെ പൂർത്തിയാകുന്ന പദ്ധതിയായി വിഴിഞ്ഞം മാറി, 2034 മുതൽ സംസ്ഥാനത്തിന് വരുമാനവും ലഭിച്ചു തുടങ്ങും. നിർമ്മാണം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.
 

രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻസ്ഷിപ്‌മെന്റ്, സെമി ഓട്ടോമേറ്റഡ് തുറമുഖം എന്നീ ഖ്യാതികളൊക്കെ വിഴിഞ്ഞത്തിന് സ്വന്തം. 2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതൽ മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തിൽ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തി. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുർക്കിയെ ഉൾപ്പെടെ സുഗമമായി ബെർത്ത് ചെയ്തു വിഴിഞ്ഞം ആഗോളശ്രദ്ധനേടി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സർവീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്.
 

രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ 5,370.86 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരും (തിരിച്ചടയ്ക്കേണ്ടതായുള്ള വി.ജി.എഫ് വായ്പ ) 2497 കോടി രൂപ അദാനി പോർട്സും വഹിക്കുന്നു. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ 114.30 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന പുലിമുട്ട് നിർമ്മാണം പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ടിങ്ങോടെയാണ് പൂർത്തിയാക്കിയത്.
 

അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ വഴിയായതിനാൽ ഉണ്ടായിരുന്ന വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും നികത്താൻ വിഴിഞ്ഞത്തിന് കഴിയും. പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവർത്തനങ്ങൾക്ക് വേഗതയും സുരക്ഷയും നൽകുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആർ.എം.ജിക്രെയിൻ ഓപ്പറേറ്ററായി മത്സ്യത്തൊഴിലാളി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തിൽ ശ്രദ്ധ നേടി. നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ച വിഴിഞ്ഞത്ത് 67 ശതമാനം ജീവനക്കാരും കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 35 ശതമാനം പേരും തദ്ദേശീയരാണ്. നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളർച്ച കൂടി പരിഗണിച്ചു ആഗോള വ്യാപാരമേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു കേരളം.

അനുബന്ധ ലേഖനങ്ങൾ

വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ