വി‍ജയ വിഴിഞ്ഞം, രാജ്യത്തിന്റെ അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായി മാറിയിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുറപ്പിച്ച് 2025 മെയ് 2 നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തും. ലോകത്തെ കേരളത്തിന്റെ തീരങ്ങളിലേക്ക് നയിച്ച വിഴിഞ്ഞം, സർക്കാരിന്റെ കൃത്യമായ വീക്ഷണത്തിന്റേയും പ്രതിബദ്ധതയുടേയും ഫലമാണ്. ദിശാബോധത്തോടെയുള്ള സുതാര്യമായ പ്രവർത്തനങ്ങൾ വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി കൂടുതൽ വേ​ഗത്തിൽ സഫലമാക്കി. കേരളം ഇന്ന് ഇന്ത്യയുടെ തന്നെ പ്രധാന വാണിജ്യ-വ്യാപാര കേന്ദ്രവും സാമ്പത്തിക ഉറവിടവുമായി മാറുന്ന പ്രക്രിയയിൽ കൂടുതൽ കരുത്ത് പകർന്ന് സർക്കാരും സർക്കാർ സംവിധാനങ്ങളും കർമ്മനിരതമാണ്.  

2015ലാണ് കേരള സർക്കാർ അദാനി ഗ്രൂപ്പുമായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മോഡലിൽ (PPP) വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാൻ കരാർ ഒപ്പുവച്ചത്. തുടർന്ന് 2023 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി 'ഷെൻ ഹുവ 15 എ' ചരക്കു കപ്പൽ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർഥ്യമായിത്തുടങ്ങി. 

വിഴിഞ്ഞം വരും മുമ്പ്‌ ഇന്ത്യയ്‌ക്ക്‌ ഡീപ്‌ വാട്ടർ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ പോർട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ ചരക്കിന്റെ 75 ശതമാനം വിദേശതുറമുഖങ്ങളിൽ കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു. കൊളംബോ, സിംഗപ്പുർ, സലാല, ദുബായ്‌ തുറമുഖങ്ങളെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇതിലൂടെ ശരാശരി പ്രതിവർഷം 2500 മുതൽ 3000 കോടി രൂപ വരെ ഇന്ത്യയ്‌ക്ക്‌ വരുമാന നഷ്ടമുണ്ടായി. കൂടാതെ കയറ്റുമതി/ഇറക്കുമതി മേഖലയിലെ വ്യാപാരികൾക്ക് ഓരോ കണ്ടെയ്‌നറിനും ഉയർന്ന ചെലവ് വഹിക്കേണ്ടിയും വന്നിരുന്നു. കേരളത്തിലെ വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യങ്ങളോടെ രൂപപ്പെടുത്തി വികസിപ്പിക്കുന്നതിലൂടെ ഈ സങ്കീർണതകൾക്ക് പരിഹാരമാകുകയാണ്. ഇന്ത്യൻ ചരക്കുകളുടെ ആഗോള ലോജിസ്റ്റിക് ശൃംഖലയിൽ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ്. യൂറോപ്പ്, ഗൾഫ്, ഫാർ ഈസ്റ്റ് മേഖലയിലേക്കുള്ള പ്രധാന അന്തർദേശീയ കടൽമാർഗങ്ങൾക്ക് സമീപം, 18-20 മീറ്റർ പ്രകൃതിദത്ത ജലആഴം, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ്, 20,000 TEU ശേഷിയുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള സാങ്കേതിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഴിഞ്ഞം ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള ഡീപ്സീ പോർട്ടായി മാറുന്നു. രാജ്യത്തുള്ള ലോജിസ്റ്റിക് ശേഷി ശക്തിപ്പെടുത്തുന്നതിനും, വിദേശ ആശ്രയത്വം കുറയ്ക്കുന്നതിനും, കയറ്റുമതി- ഇറക്കുമതി കൂടുതൽ കാര്യക്ഷമമായി സാദ്ധ്യമാക്കുന്നതിനുമുള്ള നിർണായക കേന്ദ്രമായാണ് വിഴിഞ്ഞം തുറമുഖം വിലയിരുത്തപ്പെടുന്നത്.

2024 ജൂലൈ 13-ന് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബർ 3നാണ് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം  246-ലധികം കണ്ടെയിനർ കപ്പലുകൾ തുറമുഖം കൈകാര്യം ചെയ്തു. കൂടാതെ 5 ലക്ഷം TEUs-ഓളം ചരക്ക് കൈമാറി. ആകെ വരുമാനം 243 കോടി രൂപയാണ് ലഭിച്ചത്. 2025 ഫെബ്രുവരിയിൽ, 15 തെക്കുകിഴക്കൻ ഇന്ത്യൻ തുറമുഖങ്ങളിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനം നേടി. 40 കപ്പലുകളിൽ നിന്ന് 78,833 TEUs കൈമാറിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ വിഴിഞ്ഞം തുറമുഖം ആഭ്യന്തരതലത്തിൽ വിവിധ റെക്കോർഡുകൾ  കൈവരിച്ചുകഴിഞ്ഞു. 2025 ഏപ്രിൽ 9-ന് ലോകത്തിലെ ഏറ്റവും വലിയ ഇക്കോ-ഫ്രണ്ട്ലി കണ്ടെയ്‌നർ കപ്പലായ MSC Turkiye വിഴിഞ്ഞത്ത് നങ്കൂരമിട്ടത്, തുറമുഖത്തിന്റെ ആഗോള അംഗീകാരം കൂടുതൽ ഊട്ടിയുറപ്പിച്ചു.

വിഴിഞ്ഞം രാജ്യത്തിന്റെ ചരക്ക്‌ നീക്കത്തെ നിയന്ത്രിക്കുന്ന നിർണായക തുറമുഖമായി മാറിയിട്ടുണ്ട്. 24346 ടിഇയു കണ്ടെയ്‌നറുവരെ കയറ്റി വരുന്ന മദർഷിപ്പുകൾക്ക്‌ അനായാസം ഇവിടെ വന്നുപോകാനും. അന്താരാഷ്‌ട്ര കപ്പൽച്ചാലിൽ നിന്ന്‌ 10 മൈൽ മാത്രം (18 കിലോമീറ്റർ) അകലെയാണ്‌ തുറമുഖം. ചൈനയിൽ നിന്ന്‌ 10 ദിവസത്തിനകം കപ്പൽ എത്തും. വിഴിഞ്ഞത്തുനിന്ന്‌ 22 ദിവസം കൊണ്ട്‌ യൂറോപ്പിലേക്കും 35 ദിവസത്തിനുള്ളിൽ അമേരിക്കയിലേക്കും കപ്പൽ എത്തും. നിലവിൽ കൊച്ചിയിൽ നിന്നോ തൂത്തുക്കുടിയിൽ നിന്നോ ഒരു കപ്പൽ എത്താൻ രണ്ടുമാസത്തിൽക്കൂടുതൽ എടുക്കും. വിഴിഞ്ഞത്തെ ലിറ്ററൽ ഡ്രിഫ്റ്റ് വളരെ കുറവായതിനാൽ, ഡ്രെഡ്‌ജിങ്, പ്രവർത്തന ചെലവ് എന്നിവയും കുറയ്ക്കാം. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമിതി. അതിനാൽ ഏതു കാലാവസ്ഥയിലും തുറമുഖം പ്രവർത്തന യോഗ്യമാണ്. ഈ തുറമുഖം, റോഡ് (NH 47 -2 കി.മി.), റെയിൽ (12 കി.മി.), എയർപോർട്ട് (തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 15 കി.മി.) എന്നീ മികച്ച കണക്ഷൻ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ മുൻനിർത്തി പോർട്ട് കണക്ടിവിറ്റി ഉൾപ്പടെ 17 ദേശീയപാത പദ്ധതികൾ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. 20 വർഷം മുന്നിൽക്കണ്ടുള്ള പദ്ധതികളാണിവ. അടുത്ത വർഷത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 വികസനം പൂർത്തിയാക്കും. കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നീളുന്ന 793.68 കി ലോമീറ്റർ മലയോര പാതയുടെ 250 കിലോമീറ്റർ പണി പൂർത്തിയായി. ലെവൽക്രോസില്ലാത്ത കേരളത്തിന്റെ ഭാഗമായി നാല് റെയിൽവേ മേൽപ്പാലം രണ്ടുമാസത്തിനുള്ളിൽ തുറക്കും. പൊതുമരാമത്തിന്റെ രൂപകൽപ്പന നയം നടപ്പാക്കാൻ പ്രത്യേകം ഡിസൈൻ ലാബുകളും ഇൻകുബേഷൻ സെന്ററുകളും തുടങ്ങും.

ഇന്ത്യയുടെ ആദ്യ സെമി ഓട്ടോമേറ്റഡ് അന്താരാഷ്ട്ര ഡീപ്സീ കണ്ടെയ്നർ പോർട്ടായി വിഴിഞ്ഞം ഉയരുമ്പോൾ, നൂതന സാങ്കേതിക വിദ്യകളിലൂടെ സമുദ്രവാണിജ്യത്തിന്റെ ഭാവി നിർവചിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖം വെറും ബിസിനസ് കണക്ടിവിറ്റി മാത്രമല്ല, രാജ്യത്തിന്റെ സാങ്കേതിക നവീകരണവും സാമൂഹിക പരിവർത്തനവും ഏകോപിപ്പിക്കുന്ന സമഗ്ര സംവിധാനമാണ്. വേഗതയും കാര്യക്ഷമതയും ഉയർത്തുന്ന ഓട്ടോമേഷൻ സൗകര്യങ്ങൾ, ടെർമിനൽ ഓപ്പറേറ്റിങ് സിസ്റ്റം (TOS), സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച്  വനിതാ പങ്കാളിത്തം, സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്ന ഇന്റഗ്രേറ്റഡ് സിസ്റ്റങ്ങൾ എന്നിങ്ങനെ നീളുന്ന മികവിന്റെ പട്ടികയും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. വിഴിഞ്ഞം പോലുള്ള വലിയ പദ്ധതികളുടെ ഭാ​ഗമായി കേരളത്തിന്റെ തൊഴിൽ മേഖലയിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതാണ്. അതിന്റെ ആസൂത്രണങ്ങളിലും പ്രവർത്തനങ്ങളിലും സർക്കാർ ദത്തശ്രദ്ധ പുലർത്തുന്നുണ്ട്.    

വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണത്തിനുള്ള ആകെ മുതൽമുടക്ക് 8,867 കോടി രൂപയാണ്. ഇതിൽ 5,595 (63%) കോടി രൂപ സംസ്ഥാന സർക്കാരും അദാനി കമ്പനി 2,454 കോടി രൂപയും (28%) വി.ജി.എഫ് ആയി 818 കോടി രൂപ (9%) യും ആണ്  ചെലവഴിക്കുന്നത്.  പുലിമുട്ട് നിർമിക്കാനുള്ള 1,350 കോടി രൂപ സർക്കാർ നൽകും. പുറമേ, റെയിൽപാതയ്ക്കായി 1,482.92 കോടി രൂപയും ചെലവഴിക്കും. തുറമുഖത്തിൻ്റെ രണ്ടു മുതൽ നാലുവരെയുള്ള ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കുന്നതോടെ വിഴിഞ്ഞത്ത് സമ്പൂർണ തുറമുഖം യാഥാർഥ്യമാകും. സർക്കാരിന്റെ  ശക്തമായ പിന്തുണയോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി പുതിയ തൊഴിൽസാദ്ധ്യതകളും, വാണിജ്യവികസനമാർഗങ്ങളും ഒരുക്കുന്നതിലൂടെ കേരളം ഒരു ആഗോള ബിസിനസ്സ് ഹബ്ബായി മാറും.

വിഴിഞ്ഞം നാൾവഴികൾ; നേട്ടങ്ങൾ, 
റെക്കോഡുകൾ

● 2015ല്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു
● ട്രയൽറൺ 2024 ജൂലൈ 12 ന്‌ ആരംഭിച്ചു
● 2024 ഡിസംബർ മൂന്നിന്‌ 
വാണിജ്യ പ്രവർത്തനം ആരംഭിച്ചു
● ഇതുവരെ 285 കപ്പലുകൾ
 എത്തി
● നികുതി വരുമാനം 250 കോടി
● 2025 ഫെബ്രുവരിയിൽ 
ചരക്കുനീക്കത്തിൽ ദക്ഷിണ, 
കിഴക്കൻ തുറമുഖങ്ങളിൽ
 ഒന്നാംസ്ഥാനം
● 24116 ടിഇയു കണ്ടെയ്‌നറുമായി
 എംഎസ്‌സി ക്ലോഡ്‌ ഗിറാർഡെറ്റ്‌
 വിഴിഞ്ഞത്ത്‌ എത്തി. 
 ആദ്യമായാണ്‌ ഈ കപ്പൽ
 ഇന്ത്യൻ തുറമുഖത്തെത്തുന്നത്‌
● ഒറ്റക്കപ്പലിൽ നിന്ന്‌ 10330 ടിഇയു
 കണ്ടെയ്‌നർ കൈകാര്യം 
ചെയ്‌തു. രാജ്യത്ത്‌ റെക്കോഡ്‌.
● 16.80 മീറ്റർ ഡ്രാഫ്‌റ്റുള്ള എം എസ്‌സി കാർമലീറ്റ വിഴിഞ്ഞത്ത്‌ എത്തി. ഇന്ത്യയിൽ ആദ്യം.