ഹരിത മാതൃക സൃഷ്ടിച്ച് കേരളം, സമ്പൂർണ്ണ ശുചിത്വത്തിന് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കേരള സർക്കാർ ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി-ശുചിത്വ പ്രവർത്തനങ്ങളിലൊന്നാണ്. സംസ്ഥാനത്തെ മുഴുവൻ മേഖലയിലും ശുചിത്വം ഉറപ്പാക്കുന്നതിലൂടെ ഒരു ഹരിത കേരളം സൃഷ്ടിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യമിട്ടത്. ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഒരു സാമൂഹിക ഉത്തരവാദിത്തമായി മാറ്റിയ ഈ പ്രവർത്തനത്തിന് പിന്നിൽ നിരവധി സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ട്. 

കേരളത്തെ സമ്പൂർണ്ണ ശുചിത്വം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഹരിതകേരളം മിഷൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. മാലിന്യമുക്ത നവകേരളം രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ജനകീയ ക്യാമ്പയിനാണ്. അയൽക്കൂട്ടങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങൾ, സർക്കാർ, പൊതുമേഖലാ ഓഫീസുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയെല്ലാം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി സമ്പൂർണ്ണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യം നേടുകയായിരുന്നു ക്യാമ്പയിന്റെ അന്തിമ ലക്ഷ്യം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതൽ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാർഡ് തലം വരെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്തത്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തന രൂപരേഖ അടിസ്ഥാനമാക്കിയായിരുന്നു ക്യാമ്പയിൻ പ്രവർത്തനം.     

സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള ഈ കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസത്തിൽ 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി ചരിത്ര നേട്ടം സ്വന്തമാക്കി സർക്കാർ. മാലിന്യത്തെ ഉറവിടത്തിൽ തന്നെ പരമാവധി സംസ്‌കരിക്കൽ, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംസ്‌കരണം എന്നിവയ്ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഹരിത കർമ്മ സേനാംഗങ്ങളുടെ എണ്ണം 33,378ൽ നിന്നും 37,134 ആയി. എംപാനൽ ചെയ്ത സ്വകാര്യ ഏജൻസികൾ 74ൽ നിന്നും 284 ആയി. വാതിൽപ്പടി ശേഖരണത്തിൽ വലിയ നേട്ടമാണ് ഹരിതകർമ്മസേന കൈവരിച്ചത്. 2023 മാർച്ചുമായി താരതമ്യം ചെയ്താൽ 2025 മാർച്ച് വരെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള വാതിൽപ്പടി ശേഖരണം 47 ശതമാനത്തിൽ നിന്നും 98 ശതമാനമായി വർധിച്ചു. മിനി എംസിഎഫുകൾ 7446ൽ നിന്നും 19721 ആയി വർധിച്ചു. എംസിഎഫുകൾ 1160ൽ നിന്നും 1330 ആയും ആർആർഎഫുകൾ 87ൽ നിന്നും 192 ആയും ഉയർന്നു.

3557 സിസിടിവി ക്യാമറാ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ 2023 മാർച്ചിൽ 1138 മാത്രമായിരുന്നു. ഈടാക്കിയ പിഴ മൂന്ന് ലക്ഷം രൂപയും. 2025 മാർച്ചിൽ 52,202 പരിശോധനയിൽ 5.7 കോടി രൂപ ഫൈൻ ഈടാക്കി. ഇതുവരെ 32,410 വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ നിലവിൽ ഈടാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ ഇതിന്മേൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം (പരമാവധി 2,500 രൂപ വരെ) പരാതിക്കാർക്ക് ലഭ്യമാകുന്ന സംവിധാനത്തിൽ ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

2025 മാർച്ചിലെ കണക്കുകൾ പ്രകാരം 3060 ടൗണുകൾ (ആകെ തിരഞ്ഞെടുത്ത ടൌണുകളുടെ 98.52%) മാലിന്യമുക്തമായി പ്രഖ്യാപിച്ചു. 3087 മാർക്കറ്റ്/പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു (ആകെ തിരഞ്ഞെടുത്ത മാർക്കറ്റ്/പൊതുസ്ഥലങ്ങളിൽ 95 .54%). 2,87,409 അയൽക്കൂട്ടങ്ങൾ ഹരിത അയൽകൂട്ടങ്ങളായി പ്രഖ്യാപിച്ചു (ആകെ തിരഞ്ഞെടുത്ത അയൽകൂട്ടങ്ങളിൽ 94.58%). ആകെ വിദ്യാലയങ്ങളിൽ 14321 വിദ്യാലയങ്ങൾ ഏകദേശം 98.52% വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റി. 1370 കലാലയങ്ങൾ ഹരിത കലാലയങ്ങളായി പ്രഖ്യാപിച്ചു, ഏകാദേശം 95.11%. ആകെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ 57201 സ്ഥാപനങ്ങൾ (94.69%) സ്ഥാപനങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ആകെ തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 317 കേന്ദ്രങ്ങൾ (75.65%) മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ആകെയുള്ള 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണ്ണമായും നീക്കം ചെയ്തു. ബ്രഹ്‌മപുരം ഉൾപ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തിലാണ്. ദ്രവമാലിന്യ സംസ്‌കരണത്തിന് മുട്ടത്തറ, കൊച്ചി, ഗുരുവായൂർ, പടന്ന പാലം, എറണാകുളം മറൈൻ ഡ്രൈവ്, കലൂർ, എറണാകുളം വെല്ലിങ്ടൺ, ബ്രഹ്‌മപുരം, തൃശൂർ മാടക്കത്ര, കൽപറ്റ എന്നിവിടങ്ങളിൽ പ്ലാന്റുകൾ സ്ഥാപിച്ചത് ദ്രവമാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തിന് വലിയൊരളവിൽ മുന്നേറ്റം നൽകും. 

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാ​ഗമായി പ്ലാസ്റ്റിക്ക് നിരോധനം ശക്തിപ്പെടുത്തിയത് എടുത്തുപറയേണ്ട നേട്ടമാണ്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തികളിലും ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കി ചെക്പോസ്റ്റുകളെ ഹരിത ചെക്പോസ്റ്റുകളായി നാമകരണം ചെയ്തു. ഒപ്പം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കച്ചവടക്കാർക്കെതിരെയും മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടി കൈക്കൊണ്ടു. പ്ലാസ്റ്റിക് പദാർത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുന്നതിനും മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ സഹായിച്ചു. പരിസ്ഥിതി സൗഹൃദ പാക്കിംഗ് പ്രോത്സാഹിപ്പിക്കൽ, സ്വകാര്യ സംരംഭകരുടെ സഹായത്തോടെ എല്ലാ ബ്ലോക്കിലും ഗ്രീൻ സ്റ്റോർ സ്ഥാപിക്കൽ, പ്ലാസ്റ്റിക് ഉൽപാദകർക്കും റീസൈക്ലേഴ്സിനും എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി നിർബന്ധമാക്കൽ, ഓരോ വകുപ്പും അവരവരുടെ പ്രവർത്തന മേഖലയിൽ ഉറപ്പുവരുത്തേണ്ട ഘടകങ്ങൾ നിർണയിച്ച് ഉറപ്പാക്കൽ എന്നിവ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി. 

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നടത്തുന്ന നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) റാങ്കിങ്ങിൽ മാലിന്യ സംസ്‌കരണം പ്രധാന ഘടകമാണ്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിത ക്യാമ്പസുകളായി മാറ്റണം. ഒപ്പം തന്നെ മാലിന്യ സംസ്‌കരണമേഖലയിൽ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളിലും ഇന്റേൺഷിപ്പ് സംവിധാനം ഒരുക്കാനും വേണ്ട പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് നൂതനാശയ പ്രവർത്തനങ്ങൾ സംഭാവന ചെയ്യാൻ സഹായകമാകുന്ന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. 

കേരളം പരിസ്ഥിതിസൗഹൃദ വികസനത്തിലൂടെ കടന്നു പോകുന്ന സന്ദർഭത്തിൽ, മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ വെറും ഒരു ശുചിത്വ പദ്ധതിയല്ല, മറിച്ച് ഒരു സമൂഹികപരിവർത്തന ശ്രമം കൂടിയാണ്. സർക്കാരും പൊതുജനങ്ങളും ചേർന്നാണ് ഇതിനെ മുന്നോട്ട് നയിക്കുന്നത്. മാലിന്യമുക്ത നവകേരളം എന്ന വലിയ ദൗത്യത്തിന് രാഷ്ട്രീയ നയരൂപീകരണം മുതൽ പ്രാദേശിക തലത്തിലുള്ള പ്രവർത്തനം വരെ ഓരോ ഘടകവും വലിയ പങ്ക് വഹിക്കുന്നു.