8,254 ഹൃദയങ്ങൾക്ക് ജീവൻ സമ്മാനിച്ച് ഹൃദ്യം പദ്ധതി

ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
 

ഈ വർഷം മാത്രം 286 സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ ഹൃദ്യം പദ്ധതി വഴി നടത്തിക്കഴിഞ്ഞു. ഇതിൽ ഒരു വയസ്സിന് താഴെയുള്ള 100 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. നിലവിൽ പദ്ധതിയിൽ 25,172 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 16,339 പേർ ഒരു വയസ്സിന് താഴെയുള്ളവരാണ്. ഈ വർഷം മാത്രം 1617 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ ജൂൺ മാസത്തിൽ മാത്രം 150 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
 

പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികളെ ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ ECHO ഉൾപ്പെടെയുള്ള പരിശോധനകളിലൂടെ രോഗനിർണയം നടത്തുന്നു.
 

ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശന വേളകളിലും, അംഗണവാടികളിലും, സ്‌കൂളുകളിലും നടത്തപ്പെടുന്ന ആർ.ബി.എസ്.കെ (രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം) സ്‌ക്രീനിംഗ് വഴിയും ഹൃദ്രോഗ ലക്ഷണമുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ഹൃദ്യം പദ്ധതിയിലൂടെ സാധിക്കുന്നു.
 

നവജാത ശിശുക്കൾ മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ, പ്രസവം മുതലുള്ള തുടർ ചികിത്സകൾ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും. ഇങ്ങനെയുള്ള 252 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
 

രോഗനിർണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച് പട്ടിക തയാറാക്കി അടിയന്തിര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കും. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ, കുട്ടിയെ വെന്റിലേറ്റർ സഹായത്തോടെ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കും. നിലവിൽ എട്ട് സർക്കാർ, സ്വകാര്യ ആശുപത്രികൾ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുണ്ട്.
 

അടിയന്തര സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നു. അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകാൻ സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും പദ്ധതി ഉറപ്പാക്കുന്നു. ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സാധ്യമാക്കുന്നു. രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കാനും തുടർനടപടികൾ ഏകോപിപ്പിക്കാനുമായി 'ഹൃദ്യം' വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഓരോ കുഞ്ഞിന്റെയും ജീവൻ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ്, അവർക്ക് ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ഉറപ്പാക്കുന്നതിലൂടെ, കേരള സർക്കാർ ആരോഗ്യമേഖലയിൽ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കുന്നത്. ഹൃദ്യം പദ്ധതിയിലൂടെ സർക്കാരും ആരോഗ്യവകുപ്പും ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്, ദിശ ഹെൽപ്പ് ലൈൻ: 1056 / 0471 2552056.

അനുബന്ധ ലേഖനങ്ങൾ

ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
ലൈഫിലൂടെ വീടായത് 5,82,172 പേര്‍ക്ക്‌
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് ലൈഫ് (ലൈവ്ലിഹുഡ് ഇൻക്ലൂഷൻ ഫിനാൻഷ്യൽ എംപവർമെന്റ്) മിഷൻ മുന്നേറുന്നു. സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ