കരുതലോടെ കൈപിടിച്ച് കേരളം: അതിജീവനത്തിന്റെ മാതൃകയായി വയനാട് പുനരധിവാസ ടൗൺഷിപ്പ്

2024 ജൂലൈ 29-ന് വയനാട്ടിലുണ്ടായ മഹാദുരന്തത്തിൽ വിറങ്ങലിച്ചുപോയ മുണ്ടക്കൈ, ചൂരൽമല ജനതയെ നവജീവിതത്തിലേക്ക് നയിക്കാൻ കേരള സർക്കാർ വിഭാവനം ചെയ്ത 'വയനാട് മാതൃകാ ടൗൺഷിപ്പ്' യാഥാർത്ഥ്യമാകുന്നു. ദുരന്തം നടന്ന് മാസങ്ങൾക്കുള്ളിൽ തന്നെ പുനരധിവാസ ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ് ഈ ടൗൺഷിപ്പ്. 

 

പുഞ്ചിരിമട്ടം മേഖലയിൽ ആരംഭിച്ച ആദ്യ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ വൻ ഉരുൾപൊട്ടലുകൾ പ്രദേശത്തെ പൂർണ്ണമായും തകർത്ത് ഭൂപ്രകൃതിയെ ആകെമാനം മാറ്റിമറിച്ചു. എന്നാൽ, ഈ മഹാദുരന്തത്തെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തനത്തിലും, പുനരധിവാസ നടപടികളിലും, മാനുഷിക പ്രവർത്തനത്തിലും, ദുരന്തനിവാരണത്തിലും, അതിജീവനത്തിലും ദേശീയ തലത്തിൽത്തന്നെ മികച്ച മാതൃക സൃഷ്ടിക്കാൻ കേരളത്തിന് സാധിച്ചു. ദുരന്തബാധിതരെ കേവലം പുനരധിവസിപ്പിക്കുക എന്നതിലുപരി, അവരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പാക്കി സുസ്ഥിരമായ ഒരു ജനജീവിതം കെട്ടിപ്പടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ആകെ വിഭാവനം ചെയ്ത 410 വീടുകളിൽ ആദ്യഘട്ടത്തിലെ 178 വീടുകളുടെ നിർമ്മാണം പൂർത്തിയായി.

 

കൽപ്പറ്റ നഗരസഭാ പരിധിയിലെ 64.4075 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൗൺഷിപ്പ് ഒരുക്കിയത്. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്ന സുസ്ഥിര നിർമ്മാണ രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഓരോ കുടുംബത്തിനും 7 സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് നൽകുന്നത്. സിറ്റൗട്ട്, ലിവിങ് റൂം, പ്രധാന കിടപ്പുമുറി, രണ്ട് അധിക മുറികൾ, സ്റ്റഡി റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഉൾപ്പെടുന്നു. ഭാവിയിൽ ആവശ്യാനുസരണം രണ്ടാമതൊരു നില കൂടി പണിയാൻ സാധിക്കുന്ന വിധത്തിലാണ് വീടുകളുടെ സ്ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീടുകൾക്ക് പുറമെ ഒരു ജനസമൂഹത്തിന് ആവശ്യമായ എല്ലാ പൊതുസൗകര്യങ്ങളും ഇവിടെ ഒരുക്കുന്നു.

 

ലബോറട്ടറി, ഫാർമസി, ഒ.പി, വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ എന്നിവയടങ്ങുന്ന ക്ലിനിക്ക്. കടകൾ, ഓപ്പൺ മാർക്കറ്റ്, പാർക്കിംഗ് സൗകര്യം. ആധുനിക അംഗൻവാടി, ലൈബ്രറി, കളിസ്ഥലം, സ്പോർട്സ് ക്ലബ്, ഓപ്പൺ എയർ തിയേറ്റർ. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന മൾട്ടി-പർപ്പസ് ഹാൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), സംസ്ഥാന ദുരന്ത നിവാരണ നിധി (SDRF) എന്നിവയ്ക്ക് പുറമെ സ്പോൺസർഷിപ്പ്, സി.എസ്.ആർ ഫണ്ടുകൾ എന്നിവയും ഈ ദൗത്യത്തിനായി വിനിയോഗിച്ചു. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിന്റെ മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

 

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം മുതൽ സ്ഥിരമായ പുനരധിവാസം വരെയുള്ള സർക്കാരിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. വാടക, ചികിത്സാ സഹായം, അടിയന്തര ധനസഹായം എന്നിവയായി 2025 ജൂൺവരെയുള്ള കാലയളവിൽ 25.64 കോടി രൂപ നേരിട്ട് വിതരണം ചെയ്തു. റേഷൻ കാർഡ് മുതൽ ആധാരങ്ങൾ വരെയുള്ള സുപ്രധാന രേഖകൾ പ്രത്യേക അദാലത്തുകളിലൂടെ സൗജന്യമായി ലഭ്യമാക്കി.

 

തൊഴിൽ നഷ്ടപ്പെട്ട ജീപ്പ് ഡ്രൈവർമാർക്ക് പുനരധിവാസം, തൊഴിലുറപ്പ് പദ്ധതിയിലൂടെ 27.52 കോടി രൂപയുടെ പ്രവൃത്തികൾ, കുടുംബശ്രീ വഴി തൊഴിൽ മേളകൾ എന്നിവ സംഘടിപ്പിച്ചു. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളി. മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജുകൾ നടപ്പിലാക്കി. വയനാടിന്റെ അതിജീവനം കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തിരിച്ചുപിടിക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പ്, സുരക്ഷിതമായ ഒരു ഭാവിയിലേക്കുള്ള സർക്കാരിന്റെ കരുതലിന്റെ നേർചിത്രമാണ്.

അനുബന്ധ ലേഖനങ്ങൾ

സ്ത്രീ സുരക്ഷാ പദ്ധതി: സ്ത്രീപക്ഷ നവകേരളത്തിന്റെ കരുത്തുറ്റ കാൽവെപ്പ്
സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കി അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന ഈ പദ്ധതി, സ്ത്രീകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ഉയർത്തുന്നതിനായുള്ള നിർണായക ഇടപെടലാണ്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ: നവകേരളത്തിന്റെ കരുതലായി സമ്പൂർണ്ണ പാർപ്പിട പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മുൻനിര പദ്ധതിയാണ് ലൈഫ് മിഷൻ (Livelihood Inclusion and Financial Empowerment). സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവർക്ക് തലചായ്ക്കാൻ ഒരിടം നൽകുന്നതിനൊപ്പം, അവരെ സാമൂഹികവും സാമ്പത്തികവുമായി ശാക്തീകരിക്കുക എന്ന വിശാലമായ ദർശനമാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.
കൂടുതൽ വിവരങ്ങൾ
ലോക കേരളസഭ: നവകേരള നിർമ്മിതിയിലെ ആഗോള മലയാളി കരുത്ത് 
ലോകമെമ്പാടുമുള്ള മലയാളികളെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി, കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടിയായ 'ലോക കേരളസഭ' അഞ്ചാം പതിപ്പ് പിന്നിടുന്നു. ഈ ആഗോള സംഗമം, പ്രവാസി മലയാളികളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകൾക്കും നയരൂപീകരണത്തിനുമുള്ള വേദിയായി അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ
വി‍ജയ വിഴിഞ്ഞം, രാജ്യത്തിന്റെ അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായി മാറിയിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുറപ്പിച്ച് 2025 മെയ് 2 നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു.
കൂടുതൽ വിവരങ്ങൾ
വിദ്യാകിരണം: പൊതുവിദ്യാഭ്യാസ രംഗത്ത് ആഗോള നിലവാരത്തിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ് 
2017-2018 അധ്യയന വർഷത്തിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വൻ മാറ്റങ്ങൾക്കാണ് ചുക്കാൻ പിടിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമായ കേരളം, പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവകേരള മിഷനിലെ പ്രധാന പദ്ധതിയാണ് 'വിദ്യാകിരണം'.
കൂടുതൽ വിവരങ്ങൾ
ആർദ്രം മിഷൻ: ജനകീയ ആരോഗ്യരംഗത്ത് നവകേരളത്തിന്റെ കരുതൽ
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിയാണ് 'ആർദ്രം മിഷൻ'. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിൽ, അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ജനസൗഹൃദ സേവനങ്ങളും ഗ്രാമതലങ്ങളിൽ വരെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
കെ-ഫോൺ: നവകേരളത്തിന്റെ ഡിജിറ്റൽ നട്ടെല്ല്
ഇന്റർനെറ്റ് ഒരു പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായ കേരളം, ആ ലക്ഷ്യം യാഥാർത്ഥ്യമാക്കി കൊണ്ട് ആരംഭിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ. നഗര-ഗ്രാമ ഡിജിറ്റൽ അന്തരം കുറയ്ക്കുകയും സംസ്ഥാനത്തെ ഓരോ വീടിനും സ്ഥാപനത്തിനും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യം.
കൂടുതൽ വിവരങ്ങൾ
ഹരിത മാതൃക സൃഷ്ടിച്ച് കേരളം, സമ്പൂർണ്ണ ശുചിത്വത്തിന് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കേരള സർക്കാർ ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി-ശുചിത്വ പ്രവർത്തനങ്ങളിലൊന്നാണ്. സംസ്ഥാനത്തെ മുഴുവൻ മേഖലയിലും ശുചിത്വം ഉറപ്പാക്കുന്നതിലൂടെ ഒരു ഹരിത കേരളം സൃഷ്ടിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യമിട്ടത്.
കൂടുതൽ വിവരങ്ങൾ