
2017-2018 അധ്യയന വർഷത്തിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വൻ മാറ്റങ്ങൾക്കാണ് ചുക്കാൻ പിടിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമായ കേരളം, പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവകേരള മിഷനിലെ പ്രധാന പദ്ധതിയാണ് 'വിദ്യാകിരണം'. സമൂഹത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കി, പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഈ മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ലക്ഷ്യങ്ങൾ :
1) സാമൂഹിക നീതിയും അവസര തുല്യതയും ഉറപ്പാക്കി, സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഓരോ കുട്ടിയുടെയും പഠനാനുഭവം മെച്ചപ്പെടുത്താനാണ് പദ്ധതി മുൻഗണന നൽകുന്നത്.
2) 1000 വിദ്യാലയങ്ങളെ ആദ്യഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും എല്ലാ ക്ലാസ്സ്മുറികളെയും സാങ്കേതിക സൗഹൃദമാക്കുകയും ചെയ്തു. 2016 മുതൽ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഫ്ബി വഴി മൊത്തം 1427 കോടി രൂപ നിക്ഷേപിച്ചു.
3) ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിൽ പഠന-ബോധന രീതികളിൽ മാറ്റം വരുത്തി.
4) ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉൾപ്പെടെയുള്ള ആശയവിനിമയ ശേഷികളും ജീവിത നൈപുണികളും വികസിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നു.
5) മതനിരപേക്ഷ നിലപാടും സഹിഷ്ണുതയും കൂട്ടായ പ്രവർത്തന മനോഭാവവും വളർത്തുന്ന പൊതുവിദ്യാലയ സംസ്കാരം സംരക്ഷിക്കുക.
ആകെ 973 സ്‌കൂള് കെട്ടിടങ്ങളിൽ 513 എണ്ണം ഇതിനോടകം പൂർത്തിയായി. സാങ്കേതിവിദ്യാ സൗഹൃദ ക്ലാസ്മുറികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി 50000ൽ അധികം ക്ലാസ് മുറികൾ ഹൈടെക്കാക്കി. സ്‌കൂളുകളിൽ ട്വിങ്കറിംഗ് ലാബുകൾ, റോബോട്ടിക് ലാബ് തുടങ്ങിയ സജ്ജീകരിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെക്കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കുകയും അവരെ വിദ്യാലയ വികസനത്തിൽ പങ്കാളികളാക്കുകയും ചെയ്യുക. സ്കൂൾ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പി.ടി.എ എന്നിവയുടെ സഹകരണത്തോടെയും സ്കൂൾ അന്തരീക്ഷം മാറ്റിയെടുക്കൽ. സ്കൂൾ പ്രാപ്യത, പഠനതുടർച്ച തുടങ്ങിയ പ്രാഥമിക പ്രശ്നങ്ങൾ പരിഹരിച്ച കേരളം ഇപ്പോൾ രണ്ടാം തലമുറ വെല്ലുവിളികളെയാണ് നേരിടുന്നത്. സമൂഹത്തിലെ എല്ലാ കുട്ടികൾക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കൽ. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ അധ്യാപക സമൂഹത്തെ സജ്ജമാക്കലും പരിശീലനം നൽകുക തുടങ്ങിയവ പദ്ധതിയിലുൾപ്പെടുന്നു.
ഒരു ദശാബ്ദത്തിനു ശേഷം പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കാൻ സർക്കാരിനു സാധിച്ചു. 2024-25 അധ്യയന വർഷത്തിൽ 1,3,5,7,9 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ പുറത്തിറക്കി. ഇതിന്റെ തുടർച്ചയായി 2025-26 വർഷത്തിൽ 2,4,6,8,10 ക്ലാസുകളിലെയും പാഠപുസ്തകങ്ങളും പരിഷ്‌കരണത്തിന് തയാറായി. 2023-24 മുതലുള്ള എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സബ്ജക്ട് മിനിമം പദ്ധതി നടപ്പിലാക്കി. അധ്യായന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്‌കൂളുകളിൽ 3.8 കോടി പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന കാഴ്ചപ്പാടോടെ, സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സമഗ്രമായ ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന നേട്ടങ്ങൾ
1) പൊതുവിദ്യാലയങ്ങളോടുള്ള ജനസ്വീകാര്യത വർദ്ധിച്ചു. 2017-18 മുതൽ 2025-26 വരെയുള്ള അധ്യയന വർഷങ്ങളിൽ 11.5 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തി.
2) ഗുണമേന്മയുള്ള പഠനത്തിന് അത്യാന്താപേക്ഷിതമായ ഭൗതീക സാഹചര്യങ്ങൾ സർക്കാർ സ്‌കൂളുകളിൽ വലിയ തോതിൽ മെച്ചപ്പെട്ടു.
3) ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ, പരിസ്ഥിതി സംരക്ഷണ മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി ജൈവവൈവിധ്യ പാർക്കുകൾ വികസിച്ചു.
4) നീതി ആയോഗ് തയാറാക്കിയ എസ്ഇക്യുഐ (സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക)യിൽ കേരളം ഒന്നാമതെത്തി.
5) 8 മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ ക്ലാസ് മുറികളും സാങ്കേതിക സൗഹൃദ ക്ലാസ്മുറികളാക്കി മാറ്റുകയും എല്ലാ പ്രൈമറി സ്‌കൂളുകളിലും കമ്പ്വൂട്ടർ ലാബുകൾ സ്ഥാപിക്കുകയും ചെയ്തു.
6) അധ്യാപകർക്കായി ടീച്ചർ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാം പദ്ധതി ആവിഷ്‌കരിച്ചു. ഇത് അധ്യാപക പരിശീലനത്തിൽ പുതിയൊരു രീതിശാസ്ത്രം വികസിപ്പിക്കുകയും എല്ലാ അധ്യാപകർക്കും ഡിജിറ്റൽ വിദ്യാഭ്യാസ പരിശീലനം നൽകുകയും ചെയ്തു.
7) വിദ്യാകിരണം മിഷൻ, എസ്.സി.ഇ.ആർ.ടി, കെ-ഡിസ്‌ക് എന്നിവയുടെ പിന്തുണയോടെ മൂന്നാം ക്ലാസ് മുതൽ കുട്ടികൾക്കായി മഞ്ചാടി എന്ന ശിശുസൗഹൃദ ഗണിത പഠന പരിപാടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി.
8) ശാസ്ത്രം ശാസ്ത്രീയമായ രീതിയിൽ സന്തോഷത്തോടെ പഠിക്കുന്നതിനും ശാസ്ത്രീയാഭിമുഖ്യം വളർത്തുന്നതിനുമായി മഴവില്ല് എന്ന ശിശുസൗഹൃദ ശാസ്ത്രപഠന പദ്ധതി നടപ്പിലാക്കി.
9) ഒന്നാം ക്ലാസുകളിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ ശേഖരിച്ച് വിദ്യാകിരണം മിഷൻ കുരുന്നെഴുത്തുകൾ-ഒന്നിലെ എഴുത്തും ചിന്തയും എന്ന പുസ്തകം പുറത്തിറക്കി.
10) പൊതുവിദ്യാലയങ്ങളിൽ ആകെ 1486 സ്‌പെഷ്യൽ കെയർ സെന്ററുകൾ സ്ഥാപിച്ചു.
11) ഭൂമിശാസ്ത്ര പഠനം കൂടുതൽ രസകരമാക്കുന്നതിനായി സ്‌കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. നിലവിൽ ഇത്തരത്തിലുള്ള 200 ഓളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
12) ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം എന്ന പരിസ്ഥിതി സൗഹാർദ്ദ കാമ്പയിൻ നടപ്പാക്കി.
13) ലഹരി മുക്ത പ്രവർത്തനങ്ങൾക്കായി നോ ടു ഡ്രഗ്‌സ് കാമ്പയിൻ സംഘടിപ്പിച്ചു.
ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളിലൂടെ കേരളത്തിലെ വിദ്യാലയങ്ങൾ ഇന്ന് ഡിജിറ്റൽ കണക്റ്റിവിറ്റിയാൽ സമ്പന്നമാണ്. സാങ്കേതികവിദ്യ കേവലം ഒരു ഉപകരണമല്ല, മറിച്ച് പഠനപ്രക്രിയയുടെ ഭാഗമാണെന്ന് ഉറപ്പുവരുത്താൻ ഈ മിഷനിലൂടെ സാധിച്ചു. പൊതുവിദ്യാലയങ്ങൾ ജനകീയമായ കൂട്ടായ്മയിലൂടെ വളർത്തിയെടുത്ത കേരളത്തിന്റെ ഈ മാതൃക, വിദ്യാഭ്യാസരംഗത്തെ ജനാധിപത്യവത്ക്കരണത്തിന് ആഗോളതലത്തിൽ തന്നെ വലിയ അംഗീകാരമാണ് നേടിക്കൊടുക്കുന്നത്.
സന്ദർശിക്കുക: www.education.kerala.gov.in