
ലോകമെമ്പാടുമുള്ള മലയാളികളെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി, കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടിയായ 'ലോക കേരളസഭ' അഞ്ചാം പതിപ്പ് പിന്നിടുന്നു. ഈ ആഗോള സംഗമം, പ്രവാസി മലയാളികളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകൾക്കും നയരൂപീകരണത്തിനുമുള്ള വേദിയായി അറിയപ്പെടുന്നു.
2018-ൽ 35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ആരംഭിച്ച ലോക കേരളസഭ, അഞ്ചാം സമ്മേളനത്തിൽ എത്തുമ്പോൾ 125 രാജ്യങ്ങളിലേക്കും 28 ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും പടർന്നു പന്തലിച്ചിരിക്കുന്നു. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും 2026ലെ ലോകകേരളസഭയിൽ പങ്കെടുത്തു. കേവലം ഒരു ഒത്തുചേരൽ എന്നതിലുപരി, വിദേശകാര്യ വകുപ്പിന്റെ പാർലമെന്ററി കമ്മിറ്റി പോലും പ്രശംസിച്ച ഒരു മാതൃകയായി ലോക കേരളസഭ മാറിയിരിക്കുന്നു. ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അനുകരിക്കാവുന്ന വികസന മാതൃകയായി ഇതിനെ കേന്ദ്ര സർക്കാർ പരിഗണിക്കുന്നു എന്നത് കേരളത്തിന് അഭിമാനകരമാണ്.
വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ വഴികാട്ടിയും സഹായവും നൽകുന്ന സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, പ്രവാസികളുടെ നിക്ഷേപ സാധ്യതകൾ ഏകോപിപ്പിക്കാൻ നോർക്കയുടെ കീഴിലുള്ള നിക്ഷേപ പ്രോത്സാഹന പോർട്ടൽ 'ഷെർപ്പ' (SHERPA), പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സംവിധാനം ലോക കേരളം ഓൺലൈൻ, വിദേശത്തുനിന്നും എത്തുന്നവർക്കും തിരികെ പോകുന്നവർക്കും ആവശ്യമായ പിന്തുണ നൽകാൻ എയർപോർട്ട് ഹെൽപ് ഡെസ്‌കുകളും പ്രവാസി മിഷനും തുടങ്ങി നിരവധി നൂതനാശയങ്ങളാണ് അഞ്ചാം പതിപ്പിന്റെ ഭാഗമായി യാഥാർത്ഥ്യമായത്.
സുരക്ഷിത കുടിയേറ്റം, നവതൊഴിൽ മേഖലകൾ, സ്ത്രീ കുടിയേറ്റം, പ്രവാസി പുനരധിവാസം, കേരളീയ കലകളുടെയും ഭാഷയുടെയും പ്രചാരണം തുടങ്ങി എട്ട് പ്രധാന വിഷയങ്ങളിലാണ് ഇത്തവണ ചർച്ചകൾ സംഘടിപ്പിച്ചത്. ലോക കേരളസഭയിൽ ഉയർന്നു വരുന്ന നിർദ്ദേശങ്ങൾ വെറും വാക്കുകളല്ല എന്ന് കഴിഞ്ഞ സമ്മേളനങ്ങളിലെ തീരുമാനങ്ങൾ തെളിയിക്കുന്നു. നാലാം സമ്മേളനത്തിലെ 28 ശുപാർശകളിൽ ഭൂരിഭാഗവും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, നോർക്ക പോലീസ് സ്റ്റേഷൻ, ബിസിനസ് ലീഡർഷിപ്പ് മീറ്റുകൾ എന്നിവ ഇതിൽ ചിലതു മാത്രമാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവാസികളുടെ പ്രൊപ്പോസലുകൾ നടപ്പിലാക്കുന്നതിനായി സഭയുടെ സെക്രട്ടറിയേറ്റ് സജീവമായി പ്രവർത്തിക്കുന്നു.
പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും സമ്പത്തും അനുഭവസമ്പത്തും കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ടാക്കുക എന്നതാണ് ലോക കേരളസഭയുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള മലയാളി സംഘടനകളെയും വ്യക്തികളെയും കോർത്തിണക്കി ഒരു 'ആഗോള മലയാളി ശൃംഖല' രൂപീകരിക്കുന്നതിലൂടെ നവകേരള നിർമ്മാണത്തിന് ശക്തമായ അടിത്തറ പാകാൻ ഈ സംഗമത്തിലൂടെ സാധിക്കുന്നു.