
ഇന്റർനെറ്റ് ഒരു പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായ കേരളം, ആ ലക്ഷ്യം യാഥാർത്ഥ്യമാക്കി കൊണ്ട് ആരംഭിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ. നഗര-ഗ്രാമ ഡിജിറ്റൽ അന്തരം കുറയ്ക്കുകയും സംസ്ഥാനത്തെ ഓരോ വീടിനും സ്ഥാപനത്തിനും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യം. കെ.എസ്.ഇ.ബി.യുടെ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി സർക്കാർ നടപ്പിലാക്കിയ ഈ സംയുക്ത സംരംഭം വഴി നിലവിൽ സംസ്ഥാനമൊട്ടാകെ 35,000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചുകഴിഞ്ഞു.
സേവനദാതാക്കളുടെ വിവേചനമില്ലാതെ എല്ലാവർക്കും ആക്‌സസ് നൽകുന്ന ഒരു കോർ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയെ ബന്ധിപ്പിക്കുന്ന വിശ്വസനീയവും സുരക്ഷിതവുമായ നെറ്റ്‌വർക്ക് ഒരുക്കുക, ഇ-ഗവേണൻസ്, ദൂരവിദ്യാഭ്യാസം, ടെലിമെഡിസിൻ എന്നിവ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെ-ഫോൺ പ്രവർത്തിക്കുന്നത്.
ഭരണ-സേവന മേഖലകളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കുന്നതിനായി 23,163 സർക്കാർ ഓഫീസുകളെ ഇതിനോടകം ഈ ശൃംഖലയുമായി ബന്ധിപ്പിച്ചു. സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 14,194 കുടുംബങ്ങൾക്ക് നിലവിൽ സേവനം ലഭ്യമാണ്. 2025 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം വാണിജ്യ കണക്ഷനുകളും എസ്.എം.ഇ. കണക്ഷനുകളും ഉൾപ്പെടെ ആകെ 1,13,525 കണക്ഷനുകളുമായി കെ-ഫോൺ കുതിക്കുകയാണ്. സ്വന്തമായി ഒ.ടി.ടി. പ്ലാറ്റ്‌ഫോം പോലെയുള്ള മൂല്യവർധിത സേവനങ്ങളും കെ-ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഡിജിറ്റൽ കേരളത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ഈ പദ്ധതി വഴി വിദ്യാഭ്യാസം, ആരോഗ്യം, ഇ-ഗവേണൻസ് എന്നീ മേഖലകൾ സാധാരണക്കാരിലേക്ക് കൂടുതൽ വേഗത്തിൽ എത്തുന്നു. ഓരോ പൗരനും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ഉറപ്പാക്കുന്നതിലൂടെ കേരളത്തെ ഒരു ഗിഗാബിറ്റ് ഇക്കണോമിയായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.