കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം. ഇതിൻ്റെ ഭാഗമായി തെങ്ങ് കൃഷിയുടെ സമഗ്രപരിചരണത്തിനായി സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉത്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം എന്നീ സഹായങ്ങൾ നടപ്പാക്കുന്നു. 250 ഹെക്ടർ വിസ്തൃതിയിൽ തെങ്ങ് കൃഷിയുള്ള തുടർച്ചയായ ഭൂപ്രദേശമാണ് ഒരു കേരഗ്രാമമായി കണക്കാക്കുന്നത്.
കേരള നാളികേര കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തെങ്ങിൻ തൈകൾ വിതരണം നടത്തിവരുന്നു. 2021-22 മുതൽ നാളിതുവരെ 49.75 ലക്ഷം തെങ്ങിൻ തൈകൾ വിതരണം ചെയ്തു. ബ്ലോക്ക്തലത്തിൽ രൂപീകരിച്ചിട്ടുള്ള അഗ്രോസർവീസ് സെന്ററുകൾ/കൃഷിശ്രീ സെന്ററുകൾ/കാർഷിക കർമ്മസേന/ സേവനമേഖലയിലെ കൃഷിക്കൂട്ടങ്ങൾ എന്നിവയിലെ അംഗങ്ങൾക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം നൽകുന്നു. സബ്സിഡി നിരക്കിൽ തെങ്ങുകയറ്റയന്ത്രങ്ങൾ വാങ്ങുന്നത് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ്സ് കൺസോർഷ്യം മുഖേന 10 നാളികേര അധിഷ്ഠിത ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും എട്ട് നാളികേര അധിഷ്ഠിത എം.എസ്.എം.ഇ കൾക്കും സാങ്കേതിക സാമ്പത്തികസഹായം നൽകി വരുന്നു.
കേരഗ്രാമം പദ്ധതിയിൽ കേരസമിതികൾ രൂപീകരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നു. പച്ചതേങ്ങയുടെ സംഭരണവില കിലോയ്ക്ക് 34 രൂപയായി സർക്കാർ വർദ്ധിപ്പിച്ചു. 232 കേരഗ്രാമങ്ങളിലൂടെ ഉല്പാദന ക്ഷമതയിൽ 54% വർദ്ധനവ് കൊണ്ടുവന്നു. നാളികേര കർഷകർക്ക് സാമ്പത്തികമായി വലിയൊരു കൈതാങ്ങാകാനും, ആധുനിക കൃഷിരീതികൾ അവലംബിച്ച് ഉത്പാദനം വർദ്ധിപ്പിക്കാനും കേരഗ്രാമം വഴിയൊരുക്കുന്നു. ഇത് കേരളത്തിന്റെ കാർഷികമേഖലയ്ക്ക് പുതിയ ഉണർവ് നൽകുകയും, സുരക്ഷിതവും സമൃദ്ധവുമായ ഒരു ഭാവിയിലേക്കാണ് നയിക്കുന്നത്.