സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്. 5 കോടി, 3 കോടി, ഒരു കോടി രൂപയുടെ എന്നീ വിഭാഗങ്ങളിലായി ആകെ 973 സ്‌കൂൾ കെട്ടിടങ്ങളിൽ 558 എണ്ണവും പൂർത്തിയായത് ഈ പദ്ധതിയുടെ വലിയ വിജയമാണ്.
 

കിഫ്ബിക്ക് പുറമെ, പ്ലാൻ ഫണ്ടുകൾ, നബാർഡ്, തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടുകൾ, എസ്എസ്‌കെ (സമഗ്ര ശിക്ഷാ കേരളം) പദ്ധതികൾ എന്നിവയിലൂടെയും 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് നേട്ടമാണിത്.
 

എയ്ഡഡ് സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേകമായി ചലഞ്ച് ഫണ്ട് വഴിയും സർക്കാർ വലിയ പിന്തുണ നൽകുന്നുണ്ട്. ഇത് പൊതുവിദ്യാലയങ്ങൾക്കൊപ്പം എയ്ഡഡ് സ്‌കൂളുകളുടെയും നിലവാരം ഉയർത്താൻ സഹായിക്കുന്നു. പഠനപ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യ സാധ്യതകൾ വലിയതോതിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. കംപ്യൂട്ടറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സ്‌കൂളുകളിൽ വിന്യസിക്കുന്നതോടൊപ്പം റോബോട്ടിക് ഉപകരണങ്ങളും ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് സാധിച്ചു.
 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി, അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയത് വലിയ തോതിലുള്ള വിദ്യാർത്ഥി പ്രവേശന വർധനവിനും അക്കാദമിക മികവിനും വഴിയൊരുക്കി. ആധുനിക ക്ലാസ് മുറികൾ, മികച്ച ലാബുകൾ, ലൈബ്രറികൾ, കളിസ്ഥലങ്ങൾ എന്നിവ ഒരുക്കിയത് വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നു.
 

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും, ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമുള്ള സർക്കാർ പ്രയത്നത്തിന്റെ ഫലമാണ് രാജ്യത്തിന് മാതൃകയായ ഈ ഭൗതിക വികസനനേട്ടങ്ങൾ.

അനുബന്ധ ലേഖനങ്ങൾ

കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ