ആമുഖം
ചരിത്രപരമായി, രാജകീയഭരണകാലത്ത് തന്നെ പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനം നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തിന്റെ പുനഃസംഘടനയ്ക്കുശേഷം ഈ സൗകര്യങ്ങൾ കൂടുതൽ നിലവാരത്തിലേയ്ക്കും ഉയര്‍ച്ചയിലേക്കും എത്തിച്ചേര്‍ന്നു. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യങ്ങളുടെ ലഭ്യത, അഭികാമ്യത, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും കേരള മാതൃക ആരോഗ്യ സംരക്ഷണ സംവിധാനത്തെ മിക്കവാറും പൂര്‍ണ്ണതയുള്ളതാക്കി തീർത്തു. ഇന്ന് ഈ സംവിധാനത്തിന്റെ നിലനില്പിനാവശ്യമായ സൗകര്യങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണത്തോടെ നിലനിര്‍ത്തുക എന്നതാണ്. ഈ കര്‍ത്തവ്യം വെല്ലുവിളി ഉയര്‍ത്തുന്നുവെങ്കിലും, ആരോഗ്യ രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന സ്വകാര്യ മേഖലയുടെ ഫലപ്രദമായ സാന്നിദ്ധ്യം കൊണ്ടും, സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ കൊണ്ടും, ഇത് സാദ്ധ്യമാണ്.
വിവിധ രോഗങ്ങളുടെ നിയന്ത്രണം / തുടച്ചുനീക്കുന്നതിനു വേണ്ടിയുള്ള വിവിധ ദേശീയ പരിപാടികള്‍ സാര്‍വ്വത്രിക പ്രതിരോധ പരിപാടികളും, അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യ പരിപാടികള്‍ ഉള്‍പ്പെടെയുള്ള കുടുംബക്ഷേമ പരിപാടികള്‍ എന്നിവയുടെ നടത്തിപ്പില്‍ നേടിയ നേട്ടങ്ങളുടെ നിലയും, ജനങ്ങളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിനും, മരണനിരക്ക് കുറയ്ക്കുന്നതിനും സഹായകമായിട്ടുണ്ട്. മാതൃ മരണനിരക്ക് കുറയുകയും, ജീവിത ദൈര്‍ഘ്യം (പ്രത്യേകിട്ടും വനിതകളുടേത്) 73 വയസ്സിനു മുകളില്‍ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ശിശു മരണനിരക്ക് 16 ആയും, മാതൃ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയായും ആണ്. ഇത് ചില വികസിത രാജ്യങ്ങളോടൊപ്പം താരതമ്യം ചെയ്യാവുന്നതാണ്.
പ്രവര്‍ത്തന ലക്ഷ്യവും ദീര്‍ഘദര്‍ശനവും
ആരോഗ്യ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്കിടയിലും, സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സാഹചര്യങ്ങള്‍ പ്രതിസന്ധിയിലാണ്. ആരോഗ്യ മേഖല നേരിടുന്ന പ്രധാന കുറവുകള്‍, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍, വിഭവങ്ങളുടെ പരിമിതി, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ഏകീകൃത നയത്തിന്റെ അഭാവം, നേതൃത്വപരമായ വീഴ്ചകള്‍ ഇവയാണ്. പൊതുജനാരോഗ്യ സ്ഥാപനങ്ങളെ നവീകരിക്കുന്ന എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.