ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ്

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായി സാമ്പത്തിക നയങ്ങളും വികസന പദ്ധതികളും ആവിഷ്ക്കരിക്കുകയും നടപ്പിലാക്കുകയുമാണ് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ പ്രധാന ചുമതല. പഞ്ചവത്സര, വാർഷിക പദ്ധതികളുടെ ആവിഷ്ക്കരണം, വാർഷിക സാമ്പത്തിക അവലോകനം, പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായുള്ള ഏകോപനം, സംസ്ഥാന സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ സ്ഥിതിവിവരക്കണക്കുകളുടെയും ശേഖരണവും വിശകലനവും പ്രചാരണവും വകുപ്പിന്റെ ചുമതലകളിൽ പെടുന്നു. 

സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ ഫലപ്രദമായ വിനിയോഗം നടത്തുവാനുള്ള മാര്‍ഗങ്ങൾ കണ്ടെത്തൽ, പ്രകൃതിവിഭവ പരിപാലനം,  പരിസ്ഥിതിസംരക്ഷണം എന്നീമേഖലകളിൽ വിദൂരസംവേദനവും, ഭൗമവിവര വ്യവസ്ഥയും (ജി.ഐ.എസ്) ഉപയോഗിച്ചുള്ള പഠനങ്ങളും, ഗവേഷണങ്ങളും, പദ്ധതികളും രൂപപ്പെടുത്തൽ  എന്നിവയും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ മുഖേനയാണ് നടത്തിവരുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുവേണ്ട നയരൂപീകരണം, നിക്ഷേപമാതൃകകൾ, ഭരണപരവും തൊഴിൽ സംബന്ധവുമായ വിഷയങ്ങൾ എന്നിവയിൽ ബന്ധപ്പെട്ട ഭരണവകുപ്പുകൾക്ക് ഉപദേശങ്ങൾ/ നിര്‍ദ്ദേശങ്ങൾ നല്‍കുകയും, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനായി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം സംബന്ധിച്ച ത്രൈമാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരണം, പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയവയും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിൽപ്പെടുന്നു.
 

sitelisthead