മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക വികസന പ്രക്രിയകളിൽ ഭൂരിഭാഗവും കന്നുകാലിമേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ  ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണപരവും, ഗവേഷണപരവുമായ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കുകയും മേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ ഏകോപിപ്പികുന്നതിനായി രൂപം കൊടുത്ത സർക്കാർ വകുപ്പാണ് മൃഗസംരക്ഷണ വകുപ്പ്.

വെറ്റിറിനറി സേവനങ്ങൾ, മൃഗസംരക്ഷണം, രോഗനിർമ്മാർജ്ജനം, കന്നുകാലി, ആടു്, പന്നി, കോഴി എന്നിവയുടെ വികസനം, ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണം, വെറ്റിറിനറി ഉദ്യോഗസ്ഥർക്കും, കർഷകർക്കും പരിശീലനപരിപാടികൾ സംഘടിപ്പിക്കലും, അവയുടെ ഏകോപനവും, ബയോളജിക്കൽസിന്റെ ഉല്പാദനം എന്നിവയാണ് വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ.കാലിസമ്പത്ത്   വർദ്ധിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ കർഷകർക്ക് പരിചയപ്പെടുത്തുക, ഉയർന്ന ഉല്പാദനക്ഷമതയുളള ബീജോത്പാദനം, കിടാരികൾ, കോഴികുഞ്ഞുങ്ങൾ  എന്നിവ ലഭ്യമാക്കുക, ക്യഷിക്കാവശ്യമായ ഉപകരണങ്ങൾ, കാലിത്തീറ്റ, എന്നിവ സമയോചിതമായി നൽകുക തുടങ്ങി ഒരു സമഗ്ര  വികസനമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ കർഷകർക്ക് അവരർഹിക്കുന്ന അംഗീകാരം ലഭ്യമാക്കുന്നതിനുവേണ്ട പദ്ധതികളും വകുപ്പ് ആവിഷ്‌ക്കരിക്കുന്നു.  ഗവേഷണം,  വിദ്യാഭ്യാസം,  വിപുലീകരണം എന്നീ മൂന്ന് ഘടകങ്ങൾക്കാണ് വകുപ്പ് ഊന്നൽ നൽകുന്നത്. 

സംസ്ഥാനത്തെ കന്നുകാലി ജനസംഖ്യയുടെ എണ്ണവും, ഗുണനിലവാരവും ശക്തിപ്പെടുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. പാൽ, മാംസം എന്നിവയുടെ ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കന്നുകാലി വികസന പരിപാടികൾ നടപ്പിലാക്കി വരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സങ്കരയിന പ്രജനന പ്രവർത്തനങ്ങളാണ്. കൂടാതെ, മൃഗസംരക്ഷണ വകുപ്പു് ആടു് വളർത്തൽ പരിപാടികൾ, എരുമ വളർത്തൽ, പന്നി, മുയൽ, കോഴി വളർത്തൽ വികസന പ്രവർത്തനങ്ങൾ എന്നിവയും നടത്തി വരുന്നു. ഉല്പാദനവർദ്ധന പ്രവർത്തനങ്ങൾക്കായി ഉല്പാദന യൂണിറ്റുകളുടെ ശാസ്ത്രീയ പരിപാലനവും ഉല്പാദനക്ഷമതയും സംബന്ധിച്ച് കർഷകർക്ക് പരിശീലനം നൽകുന്നുണ്ട്. കുടുംബവരുമാനം വർദ്ധിപ്പിക്കുന്നതിനായി നിയന്ത്രിക്കാവുന്ന വലിപ്പത്തിലുള്ള കന്നുകാലികളുടേയും കോഴികളുടേയും ഗാർഹിക യൂണിറ്റുകൾ ഏറ്റെടുക്കാൻ സ്വയം തയ്യാറെടുക്കാൻ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. ഡയറിഫാമിംഗ്, ആടു് വളർത്തൽ, താറാവ് വളർത്തൽ, പന്നി വളർത്തൽ, ഇറച്ചിക്കോഴി ഉല്പാദനം, വീട്ടുമുറ്റത്തെ കോഴിവളർത്തൽ, കാടക്കോഴി വളർത്തൽ, കോഴികുഞ്ഞുങ്ങളെ വളർത്തൽ തുടങ്ങിയ വിവിധ പരിശീലനങ്ങളാണ് വകുപ്പു് നൽകുന്നത്. പ്രധാനപ്പെട്ട കന്നുകാലി ഉല്പന്നങ്ങളായ പാൽ, മുട്ട, മാംസം എന്നിവ സംബന്ധിച്ച പ്രതിവർഷകണക്കെടുപ്പും (കന്നുകാലി സെൻസസ്) വകുപ്പാണ് നടത്തുന്നത്.

sitelisthead