പൊതുവിദ്യാഭ്യാസ വകുപ്പ്

ആമുഖം

കേരളത്തിലെ പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. വകുപ്പിന്റെ തലവൻ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ (ഡി. പി. ഐ) ആണ്. ഡി. പി. ഐ സംസ്ഥാനത്തെ സര്‍ക്കാര്‍ പരീക്ഷകളുടെ കമ്മീഷണര്‍ കൂടിയാണ്. അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടർമാർ, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍, ഡെപ്യൂട്ടി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ,  ആസ്ഥാനകാര്യാലയത്തിലെ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഡയറക്ടറെ സഹായിക്കുന്നു. വകുപ്പ് നടത്തി വരുന്ന വിവിധ സര്‍ക്കാര്‍ പരീക്ഷകളില്‍, പരീക്ഷ ഭവൻ കമ്മീഷണര്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിയും മറ്റ് ജീവനക്കാരും ഡയറക്ടറെ സഹായിക്കുന്നു.

 ഭരണ പരമായ സൗകര്യത്തിനും, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ഓഫീസുകള്‍ 14 റവന്യൂ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. ഓരോ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലകളായും സബ് ജില്ലകളായും വിഭജിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് 37 വിദ്യാഭ്യാസ ജില്ലകളും 161 വിദ്യാഭ്യാസ സബ് ജില്ലകളും ഉണ്ട്. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ (ഡി.ഇ.ഒ) വിദ്യാഭ്യാസ ജില്ലകളുടേയും അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ (എ.ഇ.ഒ) വിദ്യാഭ്യാസ സബ് ജില്ലകളുടേയും നേതൃത്വം വഹിക്കുന്നു. വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്‌കൂളുകളുടെയും, പരിശീലന വിദ്യാലയങ്ങളുടെയും പ്രത്യേക വിഭാഗത്തില്‍പ്പെട്ട സ്‌കൂളുകളുടേയും ഭരണം ഡി.ഇ.ഒ നിര്‍വ്വഹിക്കുന്നു. വിദ്യാഭ്യാസ ജില്ലയിലെ എല്ലാ പ്രൈമറി വിദ്യാലയങ്ങളുടേയും ഭരണപരമായ ഉത്തരവാദിത്വം എ.ഇ.ഒ യ്ക്കാണ്.

sitelisthead