തദ്ദേശ സ്വയംഭരണ വകുപ്പ്

ആമുഖം

941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ് കേരളത്തിൽ ഉള്ളത്. ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതി അനുസരിച്ചാണ് ത്രിതല സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത്.

ഭരണപരമായ അധികാര കൈമാറ്റവും വൻതോതിലുള്ള വിഭവ സമാഹരണവും വഴി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. വികസന പരിപാടികൾ നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായ ഏജൻസികളായി ഉയർന്നിരിക്കുന്നു. വികസന പരിപാടികൾ ഗ്രാമസഭകൾ വഴിയാണ് നടപ്പിലാക്കുന്നത് .

പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരവികസനകാര്യ ഡയറക്ടറേറ്റ്, ഗ്രാമ വികസന കമ്മീഷണറേറ്റ്,  ടൗൺ ആന്റ്  കൺട്രി പ്ലാനിംഗ് വകുപ്പ് എന്നിവ ചേർന്നതാണ് തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പ്രധാന അനുബന്ധ ഘടകങ്ങൾ. തദ്ദേശ സ്വയംഭരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ  വിവിധ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളുമുണ്ട്.

രാജ്യത്ത് വികേന്ദ്രീകൃത വികസനത്തില്‍ ഒരു പുതുമ സൃഷ്ടിച്ചത് കേരളമാണ്. അടിസ്ഥാന തലങ്ങളില്‍ ഭരണത്തിന്റെ ജനാധിപത്യപതവും, വികേന്ദ്രീകൃതവുമായ പ്രവര്‍ത്തനത്തിന് അടിസ്ഥാനമിട്ടത് ഇ.എം.എസ് മന്ത്രി സഭയാണ്. അടിസ്ഥാനതലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി 1997 -ല്‍ അധികാരം, സമ്പത്ത് വൈദഗ്ദ്യം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള ധീരമായ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടു. അതുവരെ വികസന ഫലങ്ങള്‍ താഴേതട്ടിലേക്ക് എത്തിയിരുന്നില്ല. 1996-2001 ലെ സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിലൂടെ പ്രാദേശികമായ പങ്കാളിത്തവും മുന്നേറ്റങ്ങളും പൂര്‍ണ്ണമായും പ്രോത്സാഹിച്ചിരുന്നു.

ഈ സമീപനത്തിന്റെ വിജയം ചരിത്രം കുറിക്കുന്നതായിരുന്നു. നമ്മുടെ പഞ്ചായത്ത് രാജ് സംവിധാനം രാജ്യത്തെ തന്നെ മികച്ചതായി സ്വാഗതം ചെയ്യപ്പെട്ടു. നമ്മുടെ സംസ്ഥാനത്ത് സംഭവിച്ച ഈ അത്ഭുതം കാണുന്നതിന് രാജ്യത്തിനകത്തും പുറത്തുനിന്നുള്ള വിദഗ്ദര്‍ ഇവിടെ വന്നിരുന്നു. ഈ നേട്ടങ്ങളെ ഒത്തുചേര്‍ത്തുകൊണ്ടും, മുന്‍ അനുഭവങ്ങളിലെ പഴുതുകള്‍ അടച്ചും വികേന്ദ്രീകൃത വികസനത്തെ പുതിയതലങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വ്യാപൃതമാണ്.

പ്രവര്‍ത്തനലക്ഷ്യവും, ദീര്‍ഘദര്‍ശനവും

ആധുനിക കേരളത്തിന്റെ ശില്പിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഭാവനാപൂര്‍ണ്ണമായ നേതൃത്വത്തില്‍ ആരംഭിച്ച വികേന്ദ്രീയാസൂത്രണത്തിന്റെയും ഒമ്പതാം പദ്ധതിക്കാലത്ത് തുടക്കം കുറിച്ച ജനകീയാസൂത്രണപരിപാടിയുടേയും ഫലങ്ങള്‍ സുസ്ഥാപിതമാക്കുകയെന്നതായിരുന്നു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പ്രധാനലക്ഷ്യം. വികേന്ദ്രീയകരണത്തിന്റെ ചൈതന്യം ദൃഡമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തദ്ദേശീയമായ ആവശ്യങ്ങളോട് പ്രതികരണക്ഷമതയുള്ള താക്കുന്നതിലും നമുക്ക് വിജയകരമായി മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രാദേശികമായ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തെ സംബന്ധിച്ചിടത്തോളം, കേരളത്തിന്റെ വികേന്ദ്രീകൃത പരീക്ഷണങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു പ്രമുഖമായ സ്ഥാനം നല്‍കിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി സേവനങ്ങളുടെ ദാതാക്കള്‍ കൂടെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. കൂടാതെ, പ്രാദേശിക സാമ്പത്തിക വികസനത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കുന്നതിന്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശക്തമാക്കുന്നതിനും, അവരുടെ സേവന വിതരണ സമ്പ്രദായം ശക്തിപെടുത്തുന്നതിനും വകുപ്പ് ലക്ഷ്യമിടുന്നു. ഇവയെല്ലാം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ, ഉയര്‍ന്ന കാര്യക്ഷമതയും, സുതാര്യതയുമുള്ള ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് കാരണമാകും.

sitelisthead