സഹകരണ വകുപ്പ്

ആമുഖം

സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വികസന പ്രക്രിയയിൽ സഹകരണ മേഖല വളരെ സുപ്രധാനമായ പങ്കു വഹിക്കുന്നു, പ്രധാനമായും ഗ്രാമീണ ജനങ്ങളിലും അവരുടെ ജീവനോപാധിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ. വിവിധങ്ങളായ സുസ്ഥിര പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ പ്രത്യേകിച്ചും കാർഷിക വായ്പ വിതരണം, വളം വിതരണം, കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, വിതരണം, ഉപഭോക്തൃ പ്രവർത്തനങ്ങൾ, ആരോഗ്യം, ഡയറി, ഫിഷറീസ്, കൈത്തറി, കയർ തുടങ്ങിയ നിരവധി മേഖലകളിൽ സഹകരണ സംഘങ്ങൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഗ്രാമീണ-നഗര  മേഖലകളിൽ സ്വയംപര്യാപ്ത സമ്പാദ്യശീലം വളർത്തുകയാണ് ഈ പ്രസ്ഥാനത്തിലൂടെ ലക്ഷ്യമിടുന്നത്.

തിരു-കൊച്ചി രൂപീകരണ ശേഷം 1951-ൽ തിരുവിതാംകൂർ-കൊച്ചി സഹകരണ സൊസൈറ്റീസ് ആക്ട് നിലവിൽ വരുകയും 1.9.1952 മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം, 1969 ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് 15.5.69 മുതൽ പ്രാബല്യത്തിൽ വരുകയും, സംസ്ഥാനത്തുടനീളം ഏകീയമായ സഹകരണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സഹകരണ സൊസൈറ്റികൾ പരിമിത ബാധ്യതാ സൊസൈറ്റികളായി മാറുകയും ചെയ്തു.  അതിനുശേഷം കേരള സർക്കാർ കേരള കോ-ഓപ്പറേറ്റീവ് (ഭേദഗതി) നിയമം 1999 പാസ്സാക്കുകയും അത് 1.1.2000 മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിക്ക് സഹകരണ സംഘങ്ങളിൽ അംഗത്വം നൽകുന്നതിന്റെ  ഭാഗമായി ഭേദഗതി വരുത്തുകയും  പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, കൺസോർഷ്യം വായ്പാ പദ്ധതി, സഹകരണ വികസന ക്ഷേമനിധി, സ്വതന്ത്ര ഇലക്ഷൻ കമ്മീഷൻ, സ്പെഷ്യൽ ഓഡിറ്റ് വിംഗ്, വിജിലൻസ് വിംഗ്, സഹകരണ പരീക്ഷ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് സഹകരണ സൊസൈറ്റികളിൽ നിക്ഷേപത്തിനുള്ള സാധ്യത തുറക്കുകയും ചെയ്തു.

രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ

സെക്രട്ടേറിയറ്റിലെ സഹകരണ വകുപ്പിന് കീഴിലാണ് രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്    പ്രവർത്തിക്കുന്നത്. സെക്രട്ടറിയേറ്റ് തലത്തിൽ സഹകരണ വകുപ്പിന്റെ തലവൻ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. സഹകരണ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ വിഭാഗങ്ങളും ഡിവിഷനുകളും സ്ഥാപിച്ചിട്ടുണ്ട്. കോ-ഓപ്പറേറ്റീവ് ഇൻഫർമേഷൻ ബ്യൂറോ സഹകരണ വകുപ്പിന്റെ ഹെഡ് ഓഫീസിലാണ് പ്രവർത്തിക്കുന്നത്. വകുപ്പിന്റെ ഔദ്യോഗിക മാസികയായ "സഹകരണ വീഥി" പ്രസിദ്ധീകരിക്കുന്നതും കോ-ഓപ്പറേറ്റീവ് ഇൻഫർമേഷൻ ബ്യൂറോയാണ്. എഡിറ്റർ കം പ്രസ് റിലേഷൻസ് ഓഫീസറാണ് ബ്യൂറോയുടെ  തലവൻ. സ്റ്റാറ്റിസ്റ്റിക്കൽ വിംഗ് പ്രവർത്തിക്കുന്നത് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ്.

ഐ.എ.എസ്/ ഐ.എ.എ.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നത്. ഒരു അഡീഷണൽ ഡയറക്ടർ, ഒരു ജോയിന്റ് ഡയറക്ടർ, ഒരു ഡെപ്യൂട്ടി ഡയറക്ടർ, ഒരു അസിസ്റ്റന്റ് ഡയറക്ടർ, ഏഴ് സഹകരണ ഓഡിറ്റർമാർ എന്നിവരുടെ സഹായത്തോടെയാണ്   ഡയറക്ടർ വകുപ്പിലെ ചുമതലകൾ നിർവഹിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ഓഡിറ്റ് നിർവഹിക്കുന്നത് സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റാണ്.

കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ അഴിമതികൾ, ക്രമക്കേടുകൾ,  ദുർവിനിയോഗങ്ങൾ  എന്നിവയെക്കുറിച്ച് അന്വേഷിക്കാനാണ് സഹകരണ വിജിലൻസ് ഓഫീസ് രൂപീകരിച്ചിട്ടുള്ളത്. മൂന്നു ഡി.വൈ.എസ്.പി. , മൂന്ന് സി.ഐ., പോലീസ് കോൺസ്റ്റബിൾ എന്നിവരുടെ ഒരു സംഘമാണ് ഡി.ഐ.ജി യെ സഹായിക്കുന്നത്. ആലപ്പുഴ, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്ന് മേഖലാ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. ഒരു സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് കോ-ഓപറേറ്റീവ് വിജിലൻസ് ഓഫീസറുടെ ചുമതല നൽകിയിരിക്കുന്നത്.

വകുപ്പിലെ മറ്റ് ഉപവിഭാഗങ്ങളിൽ ഒരു പ്രിസൈഡിങ് ഓഫീസർ നേതൃത്വം നൽകുന്ന സഹകരണ ആർബിട്രേഷൻ കോടതിയും ഉൾപ്പെടുന്നു. ഇത് സഹകരണ സൊസൈറ്റികളുമായി ബന്ധപ്പെട്ട  ധനപരമല്ലാത്ത ക്രമക്കേടുകൾ അന്വേഷിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമാണ്.  കൂടാതെ സംസ്ഥാനത്തെ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇലക്ഷൻ കമ്മീഷനും സഹകരണ വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥാപനമാണ്.

sitelisthead