പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്

നമ്മുടെ സമൂഹത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ പലവിധകാരണങ്ങളാൽ വേണ്ടത്ര പുരോഗതി ആർജ്ജിക്കാൻ കഴിയാതെ പോയവരാണ്. അതുകൊണ്ടുതന്നെ ഈ ജനവിഭാഗങ്ങളുടെ അന്തസ്സും ജീവിതനിലവാരവും ഉയർത്തി കേരളത്തിന്റെ സാമൂഹ്യപുരോഗതിക്കൊപ്പം അവരേയും എത്തിക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. അതിനായി എല്ലാ പട്ടികജാതി, പട്ടികവർഗ്ഗക്കാർക്കും മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിലൂന്നിയാണ് വകുപ്പ് പ്രധാനമായും പ്രവർത്തിക്കുന്നത്. അതേസമയം തന്നെ വികസന-ക്ഷേമപദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പും ഉറപ്പുവരുത്തുന്നു. പട്ടികവിഭാഗങ്ങളിലെ മഹാഭൂരിപക്ഷത്തിനും അക്ഷരവും, അറിവും, അധികാരവും സമ്പത്തും നിഷേധിക്കപ്പെട്ട ഇരുണ്ടകാലം ഓർമ്മയായി. പട്ടികജാതി-പട്ടികവർഗ്ഗവിഭാഗക്കാരായ ഓരോ വിദ്യാർത്ഥിക്കും അവരുടെ ആഗ്രഹത്തിനും കഴിവിനും അനുസരിച്ചുള്ള വിദ്യാഭ്യാസം, വകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്. വിജ്ഞാൻവാടികൾ മുതൽ പൈലറ്റ് പരിശീലന കോഴ്സുകളിലും, ഐഐടി, ഐ.ഐ.എം.കളിലും പഠനസഹായം ഉറപ്പാക്കുന്നു. സാമൂഹ്യപഠനമുറി, സ്കോളർഷിപ്പ്, ഹോസ്റ്റൽ സൗകര്യം, റാങ്ക് ജേതാക്കൾക്ക് സ്വർണ്ണ മെഡൽ, എൻടൻസ് പരിശീലനം, ലാപ് ടോപ്, പാരലൽ കോളേജിലെ പഠനസഹായം, സിവിൽ സർവ്വീസ് പരിശീലനം, മത്സര പരീക്ഷാപരിശീലനം തുടങ്ങിയവ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളിൽ ചിലതാണ്. സാമ്പത്തിക വികസന പദ്ധതികളിൽ അഭിഭാഷക പരിശീലന സഹായം, അപ്രൻ്റിസ്‌ഷിപ്പ്, ഉൽപ്പന്ന പ്രദർശനമേള അംബേദ്‌കർ ഗ്രാമവികസനം എന്നിവയുൾപ്പെടുന്നു. വിവാഹ ധനസഹായം, മിശ്രവിവാഹിതർക്ക് ധനസഹായം, ഭവനപൂർത്തീകരണം, ചികിത്സാധനസഹായം, ഏകവരുമാനദായകൻ അന്തരിച്ച കുടുംബത്തിനുള്ള ധനസഹായം തുടങ്ങി വ്യത്യസ്തമായ സാമൂഹ്യക്ഷേമപദ്ധതികളും വകുപ്പ് നടപ്പാക്കിവരുന്നു. സാംസ്കാരിക മേഖലയിലെ ഉണർവ്വിനായി നടപ്പിലാക്കുന്ന നാടൻ കലാമേള സാഹിത്യകൃതികളുടെ പ്രസിദ്ധീകരണ പ്രോത്സാഹനത്തിനായി കളിക്കളം തുടങ്ങിയവ പൊതുസമൂഹത്തിലാകെ ശ്രദ്ധേയമാണ്. അതിക്രമം തടയൽ നിയമം കർശനമായി നടപ്പാക്കുന്നതിനായി പ്രത്യേക ഇടപെടൽ നടത്തിവരുന്നു. കഴിഞ്ഞകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ കുടുംബത്തിലേയും പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാനുതകുന്ന രീതിയിൽ പദ്ധതികൾ പുതിയ കാലത്തിനനുസരിച്ച് മാറ്റിത്തീർക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. എല്ലാ പട്ടികവിഭാഗക്കാർക്കും ഭൂമിയും വീടും, വീട്ടിലൊരാൾക്ക് സ്ഥിരവരുമാനമുള്ള തൊഴിലും ഉറപ്പാക്കണം, സാമൂഹ്യ സുരക്ഷി‌തത്വം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ അടിസ്ഥാനസൗകര്യ വികസനം എന്നിവ ദുർബല ജനവിഭാഗങ്ങൾക്കെല്ലാം അനുഭവവേദ്യമാക്കണമെന്നും വകുപ്പ് നിഷ്കർഷിക്കുന്നു.

sitelisthead