ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (പിഎൻ) രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി കേരളം.തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് 10 ലക്ഷം രൂപയുടെ മരുന്ന് നൽകിയാണ് പദ്ധതി ആരംഭിച്ചത്. 

ആരോഗ്യവകുപ്പ് നടപ്പിലാക്കിയ കെയർ അപൂർവരോഗ ചികിത്സ പദ്ധതി  (കേരള അസിസ്റ്റൻസ് ഗ്രൂപ്പ് ഫോർ റെയർ ഡിസീസസ്) 'യുടെ ഭാഗമായാണ് പി.എൻ രോഗികൾക്കായി സമഗ്ര ചികിത്സയും മരുന്ന് സഹായവും ഉറപ്പാക്കുന്നത്. 
ദേശീയ അപൂർവ രോഗ പദ്ധതിയിൽ (എൻപിആർഡി )  ഉൾപ്പെടാത്ത രോഗികൾക്ക് പരിചരണം ഉറപ്പാക്കുകയാണ് പദ്ധതി. അപൂർവരോഗങ്ങൾ ബാധിച്ച കുട്ടികൾക്കും മുതിർന്നവർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കെയർ നടപ്പിലാക്കുന്നത്. രോഗനിർണയം മുതൽ മരുന്ന്, പിന്തുണാ സേവനങ്ങൾ, സാമ്പത്തിക-മാനസിക പിന്തുണ തുടങ്ങി ചികിത്സയുടെ എല്ലാ ഘട്ടങ്ങളും കെയർ പദ്ധതി ഉറപ്പാക്കുന്നു. 

അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതിയും ലൈസോസോമൽ സ്റ്റോറേജ്, ഗ്രോത്ത് ഹോർമോൺ തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയും സർക്കാർ നടപ്പിലാക്കിയിരുന്നു. രാജ്യത്തെ 12 ആശുപത്രികളിലൊന്നായി എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവർഷം കോടികൾ ചെലവ് വരുന്ന എസ്.എം.എ. തുടങ്ങിയ അപൂർവ രോഗങ്ങൾക്കും സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രോഗം അപൂർവമാണെങ്കിലും ചികിത്സ അപൂർണമാകരുത് എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

അപൂർവ രോഗങ്ങൾ ബാധിച്ചവർക്കും സമഗ്രവും സൗജന്യവുമായ ചികിത്സ ഉറപ്പാക്കുന്നതിലൂടെ ആരോഗ്യപരിചരണ രംഗത്ത് കേരളം മാതൃകയായി മാറുന്നു. 'രോഗം അപൂർവമാണെങ്കിലും ചികിത്സ അപൂർണമാകരുത്' എന്ന സമീപനത്തിലൂടെ, സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയ ആരോഗ്യനയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 1938

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo