ഒരു വിജ്ഞാന സമൂഹമായി സംസ്ഥാനത്തെ വികസിപ്പിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതി പ്രഥമ ആവശ്യകതയാണ്.  ആത്യന്തികമായി നവകേരളത്തിന്റെ അടിത്തറയാകാനിരിക്കുന്ന ഉന്നത വിദ്യാഭ്യാസരം​ഗത്ത് വലിയ കടമകളാണ് കേരളത്തിനു മുന്നിലുള്ളത്.  ഉന്നതവിദ്യാഭ്യാസത്തിൽ മൊത്തം പ്രവേശന അനുപാതം 38 ശതമാനത്തിൽ നിന്ന് 75  ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. യുവാക്കൾക്ക് ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ  വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരം നൽകുകയെന്ന ലക്ഷ്യവുമുണ്ട്. അക്കാദമിക് നിലവാരം ഉയർത്താനും പ്രവേശന അനുപാതം വർദ്ധിപ്പിക്കാനും യുവജനങ്ങൾക്ക് നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വിജ്ഞാന മണ്ഡലങ്ങളിൽ അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കാനുമായി ഉന്നതവിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കുന്നതിന് നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും വികാസത്തിനുമുള്ള ബൗദ്ധികവും സാങ്കേതികവുമായ പിന്തുണയുടെ പ്രധാന സ്രോതസ്സായി ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റുക  എന്നതും ഈ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നു. 

ചരിത്രം

കേരളത്തിലെ ആധുനിക ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉത്ഭവം 19-ാം നൂറ്റാണ്ടിലാണ്. കൊളോണിയൽ ഭരണാധികാരികളും തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികളും ഈ പ്രക്രിയയിൽ ഗണ്യമായ പങ്ക് വഹിച്ചു. സംസ്ഥാന രൂപീകരണത്തിന് ശേഷം, സംസ്ഥാനത്തുടനീളം സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സ്ഥാപിക്കുകയും ഉന്നതവിദ്യാഭ്യാസ സമ്പ്രദായം നിരവധി പരിവർത്തനങ്ങൾക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്. പ്രൊഫഷണൽ, സാങ്കേതിക വിദ്യാഭ്യാസ വിഭാഗത്തിലെ സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനയുണ്ടായി. ഉന്നതവിദ്യാഭ്യാസ മേഖല ഉയർന്നുവരുന്ന കാലഘട്ടത്തിന്റെ ആവശ്യകതകളോട് പ്രതികരിച്ചു കൊണ്ട്, പാഠ്യപദ്ധതിയിൽ കാര്യമായ പരിഷ്കാരങ്ങൾ വരുത്തി. സംസ്ഥാനത്തെ പൊതു, സ്വകാര്യ, സഹകരണ മേഖലകളിലെ ഉന്നത വിദ്യാഭ്യാസ 
സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇത് ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം വർദ്ധിപ്പിച്ചു.  കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഒരു പ്രധാന വികസനം സംസ്ഥാനത്ത് നിരവധി സ്വാശ്രയ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടതാണ്. 1990-കളിൽ സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി ലഭിക്കുന്നത് വരെ സർക്കാരായിരുന്നു പിന്തുണയുടെ പ്രധാന ഉറവിടം. ഗ്രാന്റുകളുടെയും അധ്യാപകരുടെ ശമ്പളത്തിന്റെയും രൂപത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സർക്കാർ പിന്തുണയാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 22-05-2024

ലേഖനം നമ്പർ: 990

sitelisthead