img

വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. അധികാരം പ്രാദേശികതല ജനാധിപത്യ സ്ഥാപനങ്ങളിലേക്ക് വികേന്ദ്രീകരിക്കാനുള്ള നീക്കം തന്നെയാണ് അതിന് കാരണവും. സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പ് തന്നെ ​ഗ്രാമസഭകൾ പോലുള്ള പ്രാദേശിക ഭരണസംവിധാനങ്ങൾ നിലനിന്നിരുന്നു. ചർച്ചകൾ നടത്തുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന പ്രാഥമിക ഭരണസംവിധാനങ്ങളായിരുന്നു ഇവ. 

സംസ്ഥാന പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ 1957ൽ തന്നെ പ്രാദേശികതല ജനാധിപത്യ സ്ഥാപനങ്ങളിലേക്ക് അധികാരം വികേന്ദ്രീകരിക്കാനുള്ള ആദ്യ ശ്രമം കേരളം നടത്തി. 1960ൽ കേരള പഞ്ചായത്ത് നിയമം പാസ്സാക്കിയതോടെ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ രൂപീകരണം യാഥാർത്ഥ്യമായി. 1987-ലെ ജില്ലാ കൗൺസിലുകളുടെ രൂപീകരണം, ഭരണപരമായ വികേന്ദ്രീകരണം ജില്ലാതലത്തിൽ സാധ്യമാക്കുകയുണ്ടായി. 1992-ലെ ഭരണഘടനാ ഭേദഗതികളെത്തുടർന്ന് (73-ഉം 74-ഉം), കേരള നിയമസഭ 1994-ൽ കേരള പഞ്ചായത്തിരാജ് നിയമം പാസാക്കി. ഇത് അനുസരിച്ച് ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ എന്നിങ്ങനെയുള്ള ത്രിതല സംവിധാനം നിലവിൽ വന്നു.

രണ്ടുവർഷത്തിനു ശേഷം, ജനാധിപത്യ വികേന്ദ്രീകരണം എന്ന മുദ്രാവാക്യത്തോടെ സർക്കാർ ജനകീയാസൂത്രണ കാമ്പയിന് (പിപിസി) തുടക്കം കുറിക്കുകയുണ്ടായി. പ്രാദേശിക മുൻഗണനകൾ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് വിഭവങ്ങൾ അനുവദിക്കുന്നതിനുമായി വാർഡ് സഭകളും ഗ്രാമസഭകളും ഉൾപ്പെടുന്ന പങ്കാളിത്ത ആസൂത്രണ പ്രവർത്തനങ്ങൾക്ക് ഇത് വഴിവച്ചു.

1994 ൽ കേരളാ പഞ്ചായത്ത്‌ രാജ് നിയമം നിലവിൽ വന്നതോടെ അധികാരത്തിനോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്തങ്ങളും വികേന്ദ്രീകരിച്ച് നൽകി തദ്ദേശ സ്ഥാപനങ്ങളെ കരുത്തുറ്റ ഭരണ കേന്ദ്രങ്ങളാക്കി മാറ്റി. ഇന്ന് 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവ ചേർന്നതാണ് കേരള സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനം. ഈ 1200 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പഞ്ചായത്ത്‌ വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വരുന്ന പ്രധാന അനുബന്ധ വകുപ്പുകൾ. 

സംസ്ഥാനത്തെ പൊതുഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് ഭരണപരമായ വികേന്ദ്രീകരണം. വിഭവങ്ങൾ, ഉദ്യോഗസ്ഥ സംവിധാനം, ഭരണപരമായ അധികാരങ്ങൾ എന്നിവയുടെ കൈമാറ്റത്തിലൂടെ കേരളത്തിലെ പ്രാദേശിക സർക്കാരുകൾ അർത്ഥപൂർണമായി ശാക്തീകരിക്കപ്പെട്ടു. വർഷങ്ങളായി, വികസന പരിപാടികൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രാദേശിക വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ ഉപകരണങ്ങളായി പ്രാദേശിക സർക്കാരുകൾ മാറിയിട്ടുണ്ട്. കേരളത്തിന്റെ വികേന്ദ്രീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഫോർമുല അടിസ്ഥാനമാക്കി വിവേചനാധികാരമില്ലാതെ നീതിപൂർവമായ രീതിയിലുള്ള വിഭവ വിന്യാസമാണ്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകരണം

സംസ്ഥാനത്തിന്റെ അധികാര വികേന്ദ്രീകരണത്തിന്റെ കേന്ദ്ര സ്ഥാപനമായ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകോപനം മികവുറ്റ സാമൂഹ്യ വികസന മാതൃകയുടെ പുതിയ ഒരേടാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും, വകുപ്പിന്റെ പ്രവർത്തങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഉതകുന്ന വിധത്തിൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പിന്റെ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിച്ച്‌ ഒരു  ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകൃതമായി.

കഴിഞ്ഞ നാലുവർഷത്തിലേറെയായി നടന്നുവരുന്ന അതിസങ്കീർണമായ ഗവേഷണ ആസൂത്രണ പ്രക്രിയയുടെ ഫലമായിയാണ് ഏകീകൃത വകുപ്പ് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാനത്തിന്റെ ഒന്നാം ഭരണപരിഷ്‌കാര കമ്മീഷന്റെ കാലത്ത് തന്നെ ഏകീകൃത തദ്ദേശസ്വയംഭരണ കേഡറിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഏകീകൃത വകുപ്പിൽ ഫയലുകളിൽ തീരുമാനം കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥ തലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ച് വേഗത്തിൽ തീരുമാനങ്ങളുണ്ടാവുന്നു. സർക്കാരിന്റെ നയപരമായ തീരുമാനവും സർക്കാരിൽ നിന്ന് സ്പഷ്ടീകരണം ആവശ്യമുള്ളതും പ്രത്യേക സാങ്കേതികാനുമതി ആവശ്യമുള്ളതുമായ ഫയലുകൾ ഒഴികെ ബാക്കിയെല്ലാത്തിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമാണുള്ളത്. ഇത് ഫയൽ തീർപ്പാക്കുന്നതിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടാക്കുന്നു. 

ഏകീകൃത വകുപ്പിന് റൂറൽ, അർബൻ, പ്ലാനിംഗ്, എഞ്ചിനീയറിംഗ് എന്നീ നാലു വിഭാഗങ്ങൾ ഉണ്ടായിരിക്കും. റൂറൽ, അർബൻ വിഭാഗങ്ങളുടെ തലവന്മാർ ഐഎഎസ്  തസ്തികയിലുള്ള ഡയറക്ടർമാരാണ്. പ്ലാനിംഗ് വിഭാഗത്തിന്റെ തലവൻ ചീഫ് ടൗൺ പ്ലാനറും എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ തലവൻ ചീഫ് എഞ്ചിനീയറുമായിരിക്കും. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പേരിലും മാറ്റമുണ്ടാകും. ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് എഞ്ചിനീയറിംഗ് എന്നാണ് ആ വിഭാഗം അറിയപ്പെടുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിന് സഹായകരമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് പബ്ലിക് ഹെൽത്ത് ആന്റ് എൻവയൺമെന്റ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ, എംപവർമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് എന്നീ ഉപവിഭാഗങ്ങൾ. ചരിത്രപരമായ വകുപ്പ് ഏകീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

വികേന്ദ്രീകൃത ആസൂത്രണം-നാഴികക്കല്ലുകൾ
1957: ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം 
1960: കേരള പഞ്ചായത്ത് നിയമത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ രൂപീകരണം 
1987: ജില്ലാ കൗൺസിലുകളുടെ രൂപീകരണം
1992: ഭരണഘടനാ ഭേദഗതി
1994: കേരള പഞ്ചായത്തിരാജ് നിയമത്തിലൂടെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ എന്നിങ്ങനെയുള്ള ത്രിതല സംവിധാന രൂപീകരണം  
1996: ജനകീയാസൂത്രണ കാമ്പയിൻ
2023: ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ  രൂപീകരണം

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-04-2024

ലേഖനം നമ്പർ: 720

sitelisthead