ജനാധിപത്യ സംവിധാനത്തിൽ സാധാരണ ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണ് ​ഗ്രാമസഭകൾ. ഒരു പഞ്ചായത്തിലെ ഓരോ നിയോജക മണ്ഡലവും (വാർഡ്) ഓരോ ഗ്രാമസഭയാണ്. ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും ആ ഗ്രാമസഭയിൽ അംഗങ്ങളാണ്.

ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗമാണ് ഗ്രാമസഭാ കൺവീനർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് അദ്ധ്യക്ഷൻ. വർഷത്തിൽ 4 പ്രാവശ്യമെങ്കിലും ഗ്രാമസഭ യോഗം ചേരുന്നു. ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം. എന്നാൽ ക്വാറം തികയാതെ മാറ്റി വെച്ച് പിന്നീട് ചേരുമ്പോൾ ക്വാറം 50 ആയിരിക്കണം. 10 ശതമാനത്തിലധികം സമ്മതിദായകർ രേഖാമൂലം ആവശ്യപ്പെട്ടാൽ രണ്ട് സാധാരണ യോഗങ്ങൾക്കിടയിൽ ഒരു പ്രത്യേക യോഗവും ചേരേണ്ടതുണ്ട്.

മുൻവർഷത്തെ വികസന പരിപാടികളെയും നടപ്പ് വർഷത്തിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വികസന പരിപാടികളെയും അതിനു വേണ്ടി വരുന്ന ചെലവിനെയും സംബന്ധിച്ച റിപ്പോർട്ട് ഒരു വർഷത്തിലെ ആദ്യ ഗ്രാമസഭാ യോഗത്തിൽ വെക്കുകയും ചർച്ച ചെയ്യുകയും വേണം. കൂടാതെ മുൻ വർഷത്തെ വാർഷിക കണക്കുകളും ഭരണ നിർവഹണ റിപ്പോർട്ടും അവതരിപ്പിക്കണം.

പദ്ധതികൾക്ക് ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക, പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങൾ തുടങ്ങി ഫണ്ടുകളുടെയും സാധന സാമഗ്രികളുടെയും വിശദാംശങ്ങൾ അറിയാൻ ഗ്രാമസഭയ്ക്ക് അവകാശമുണ്ടായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പിലാക്കേണ്ട പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദേശങ്ങൾക്ക് രൂപം നൽകുവാനും മുൻഗണനകൾ നിർദേശിക്കാനും ഗ്രാമസഭയ്ക്ക് കഴിയും. കൂടാതെ തെരുവ് വിളക്കുകൾ, പൊതുടാപ്പുകൾ, പൊതുകിണറുകൾ, പൊതു സാനിറ്റേഷൻ യൂണിറ്റുകൾ, ജലസേചന സൗകര്യങ്ങൾ പോലുള്ള പൊതു ആവശ്യ പദ്ധതികൾ എന്നിവ എവിടെ സ്ഥാപിക്കണമെന്നും ഗ്രാമസഭയിൽ ചർച്ച ചെയ്ത് തീരുമാനിക്കാൻ കഴിയും.

വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കൽ,  മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അർഹത പരിശോധിക്കൽ എന്നിവ ​ഗ്രാമസഭയുടെ അധികാര പരിധിയിൽപ്പെടുന്നു. മാത്രമല്ല  ഗ്രാമസഭ അംഗീകരിച്ചു നൽകുന്ന ഗുണഭോക്തൃ ലിസ്റ്റിലെ മുൻ​ഗണനാ ക്രമത്തിൽ ഗ്രാമപഞ്ചായത്തിന് മാറ്റം വരുത്താൻ സാധിക്കുന്നതല്ല.

ഗ്രാമസഭയുടെ ഏതെങ്കിലും തീരുമാനം നടപ്പാക്കിയില്ലെങ്കിൽ അദ്ധ്യക്ഷൻ അതിനുള്ള കാരണം ഗ്രാമസഭയിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്‌. താൻ കൺവീനർ ആയിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിൽ ഒരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി 2 തവണ വീഴ്ച വരുത്തുകയാണെങ്കിൽ ആ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ അംഗത്വം നഷ്ടപ്പെടുന്നതാണ്. 

പ്രസിഡന്റ്‌ ആവശ്യപ്പെടുന്നതനുസരിച്ച് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്‌ഥർ ഗ്രാമസഭയുടെ യോഗങ്ങളിൽ പങ്കെടുക്കുകയും ഗ്രാമസഭ ആവശ്യപ്പെടുന്ന വിവരങ്ങളും മറ്റ് നിയമപരവും സാങ്കേതികവുമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ ധാരാളം അധികാരങ്ങളും അവകാശങ്ങളുമുള്ള,  ജനാധിപത്യത്തിന്റെ കാതലായ ​ഗ്രാമസഭകൾ ഭരണനിർവ്വഹണത്തിൽ തന്ത്രപ്രധാനമായ പങ്കാണ് വഹിക്കുന്നത്.

കൂടുതൽ അറിയാൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-05-2024

ലേഖനം നമ്പർ: 1396

sitelisthead