സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ 'സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)' -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. 

കാർഷിക മേഖല, വൈദ്യുത വിതരണ രംഗം, ഗതാഗതം, വ്യവസായ മേഖല, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല തുടങ്ങി വിവിധ മേഖലകളിൽ ഊർജ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളാണ് SEEI വിലയിരുത്തലിൽ കേരളത്തെ മുൻനിരയിലെത്തിച്ചത്. ഊർജക്ഷമമായ കാർഷിക ഉപകരണങ്ങൾ, വൈദ്യുത നഷ്ടം കുറയ്ക്കുന്ന സാങ്കേതിക നവീകരണങ്ങൾ, ഇ-മൊബിലിറ്റിയ്ക്കും പൊതുഗതാഗതത്തിനും നൽകിയ പ്രാധാന്യം, വ്യവസായ മേഖലയിലെ ഊർജ ഓഡിറ്റുകൾ, ഗാർഹിക മേഖലയിലെ ഊർജക്ഷമ ഉപകരണങ്ങളുടെ വ്യാപനം തുടങ്ങിയവ സംസ്ഥാനത്തിന്റെ നേട്ടങ്ങളായി.

സർക്കാർ–സർക്കാർ ഇതര സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ധനസഹായത്തോടെയും നടപ്പാക്കിവരുന്ന വിവിധ ഊർജ സംരക്ഷണ പദ്ധതികളും പ്രവർത്തനങ്ങളും പുരസ്‌കാര നിർണ്ണയത്തിൽ നിർണ്ണായകമായി. സാങ്കേതിക വിദഗ്ധതയും ധനസഹായവും ബോധവത്കരണവും ഒരുമിപ്പിച്ച ഈ പങ്കാളിത്ത മാതൃക കേരളത്തിന്റെ ഊർജ കാര്യക്ഷമത ശ്രമങ്ങളെ ശക്തിപ്പെടുത്തി.

കൂടാതെ, രാജ്യത്ത് ആദ്യമായി ‘എനർജി കൺസർവേഷൻ ആൻഡ് സസ്റ്റെയിനബിൾ ബിൽഡിംഗ് കോഡ് റൂൾസ്’ വിജ്ഞാപനം ചെയ്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ സംസ്ഥാനമെന്ന നിലയിൽ കേരളം കൈവരിച്ച മുന്നേറ്റവും ഈ നേട്ടത്തിന് വലിയ സംഭാവനയായി. ഊർജക്ഷമവും പരിസ്ഥിതി സൗഹൃദവുമായ കെട്ടിട നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന ഈ നിയമപരമായ ഇടപെടൽ, ദീർഘകാല ഊർജ സംരക്ഷണത്തിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും വഴിയൊരുക്കുന്നു.

ഊർജ സംരക്ഷണവും കാലാവസ്ഥാ സൗഹൃദ വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച സമഗ്രവും ദീർഘദർശിയുമായ സമീപനത്തിനുള്ള ദേശീയ അംഗീകാരമാണ് SEEI സൂചികയിലെ ഒന്നാം റാങ്കും പുരസ്‌കാരവും. ഊർജ കാര്യക്ഷമത രംഗത്ത് കേരളം മുന്നോട്ടുവയ്ക്കുന്ന ഈ മാതൃക, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വഴികാട്ടിയായി മാറുന്നുവെന്നതിന്റെ കൂടി തെളിവാണ് ഈ നേട്ടം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-16 14:23:06

ലേഖനം നമ്പർ: 1917

sitelisthead